സൈമൺ ബ്രിട്ടോയുടെ മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിന്
സ്വന്തം ലേഖകൻ
കൊച്ചി: അന്തരിച്ച മുൻ എംഎൽഎയും സിപിഎം നേതാവുമായ സൈമൺ ബ്രിട്ടോയുടെ മൃതദേഹം ഇനി കളമശ്ശേരി മെഡിക്കൽ കോളേജിന്. താൻ മരിച്ചാൽ മൃതദേഹം മെഡിക്കൽ കോളേജ് വിദ്യാർഥികൾക്ക് പഠനത്തിനായി വിട്ടുകൊടുക്കണമെന്ന് ബ്രിട്ടോ ഭാര്യ സീനയോട് പറഞ്ഞിരുന്നതായി സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി സെക്രട്ടറി പി.രാജീവ് അറിയിച്ചു. തന്റെ മൃതദേഹത്തിൽ റീത്ത് വെക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
ഹൃദയാഘാതത്തെ തുടർന്ന് തൃശൂരിലെ ആശുപത്രിയിൽ തിങ്കളാഴ്ച വൈകിട്ടാണ് സൈമൺ ബ്രിട്ടോ അന്തരിച്ചത്. ഇന്ന് രാത്രിയോടെ കൊച്ചിയിൽ എത്തിക്കുന്ന മൃതദേഹം ബുധനാഴ്ച അദ്ദേഹത്തിന്റെ വസതിയിലും ടൗൺഹാളിലും പൊതുദർശനത്തിന് വെക്കും. അതിനുശേഷം ഉച്ചയ്ക്ക് മൂന്നോടെ കളമശ്ശേരി സഹകരണ മെഡിക്കൽ കോളേജിന് കൈമാറും. എസ്എഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന സൈമൺ ബ്രിട്ടോ ആക്രമണ രാഷ്ട്രീയത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയായിരുന്നു. ലോ കോളേജ് വിദ്യാർഥിയായിരിക്കേ 1983ൽ ആക്രമിക്കപ്പെട്ട ബ്രിട്ടോ പിന്നീടുള്ള ജീവിതം വീൽചെയറിലാണ് കഴിച്ചുകൂട്ടിയത്. അരയ്ക്കു താഴെ തളർന്നുപോയെങ്കിലും തുടർന്നും പൊതുരംഗത്ത് സജീവമായിരുന്നു അദ്ദേഹം.
Whatsapp Group 1 | Whatsapp Group 2 |Telegram Group