ബസിന്റെ ഫുട്‌ബോഡില്‍ വച്ച് പെണ്‍കുട്ടിയുടെ ശരീരത്തോട് ചേര്‍ന്ന് നില്‍ക്കാന്‍ ശ്രമം;ഫുട്‌ബോഡില്‍ നിന്ന് മാറാതെ നിന്ന് ശരീരത്തിന്റെ പിന്‍ഭാഗത്ത് സ്പര്‍ശിച്ചു; ഇഷ്ടമാണെന്ന് പറഞ്ഞില്ലെങ്കില്‍ ഡോര്‍ തുറന്നു വിടേണ്ട കേസെയുള്ളുവെന്ന് ഭീഷണി;സഹോദരനെ പെണ്‍കുട്ടി അറിയിച്ചത് ആകെ ഭയന്നിട്ട്; എരുമേലിയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയോട് മോശമായി പെരുമാറിയ ജീവനക്കാരന്‍ പോക്‌സോ കേസില്‍ അറസ്റ്റിലായതിനു പിന്നാലെ പുറത്തു വരുന്നത് ഞെട്ടിക്കുന്ന കഥകൾ
കോട്ടയം: ബസില്‍ യാത്ര ചെയ്ത പ്ലസ് ടു വിദ്യാര്‍ത്ഥിനിയോട് മോശമായി പെരുമാറിയ ജീവനക്കാരന്‍ പോക്‌സോ കേസില്‍ . ബസിലെ ജീവനക്കാരനായ കോട്ടയം വെള്ളാവൂര്‍ ചെറുവള്ളി അടാമറ്റം ഭാഗത്ത് തോപ്പില്‍പാത വീട്ടില്‍ അച്ചു മോന്‍ റ്റി. കെ (24) എന്നയാളെയാണ് എരുമേലി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.
പെണ്‍കുട്ടിയെ ബസില്‍ കയറുമ്പോഴും പിന്നാലെ നടന്നും ഉപദ്രവിച്ചതായി പിതാവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച രാത്രിയിലാണ് ഇയാളെ കസ്റ്റഡിയിലെടുക്കുന്നത്. പെണ്‍കുട്ടിക്ക് ഒപ്പം യാത്ര ചെയ്തിരുന്ന രണ്ട് പെണ്‍കുട്ടികളില്‍ നിന്നും പൊലീസ് മൊഴി എടുത്തിട്ടുണ്ട്.
ബസ് ജീവനക്കാരനെ പെണ്‍കുട്ടിയുടെ സഹോദരന്‍ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതോടെയാണ് സംഭവം വിവാദമായത്. മര്‍ദനത്തിന് ശേഷമാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ വിവരം അറിയുന്നത്. എരുമേലി – റാന്നി റൂട്ടില്‍ ഓടുന്ന സാന്‍സിയ ബസിലെ ‘കിളി’ ആണ് പ്ലസ് ടു വിദ്യാര്‍ത്ഥിനിയോട് മോശമായി പെരുമാറിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
റാന്നിയില്‍ പ്ലസ്ടുവിന് പഠിക്കുകയാണ് പെണ്‍കുട്ടി. സ്‌കൂള്‍ വിട്ടാല്‍ വൈകിട്ട് 4.20 ന് എരുമേലിയില്‍ എത്തുന്ന സാന്‍സിയ ബസിലാണ് സ്ഥിരമായി കയറുന്നത്. ഈ ബസിലെ ജീവനക്കാരനാണ്പലതവണ മോശമായി പെരുമാറിയത്. പെണ്‍കുട്ടി പലവട്ടം താക്കീത് നല്‍കിയിട്ടും ഇയാള്‍ പിന്നാലെ നടന്നു ശല്യം ചെയ്തു. ശല്യം ചെയ്യല്‍ കൂടിവന്നതോടെ പെണ്‍കുട്ടി കരഞ്ഞു കൊണ്ട് പിതാവിന്റെ സഹോദരിയുടെ മകനോട് വിവരം പറഞ്ഞു. പെണ്‍കുട്ടിയുടെ കരച്ചില്‍ കണ്ടയുടന്‍ സഹോദരന്‍ ബസ് സ്റ്റാന്റിലെത്തി ഇയാളോട് ഇക്കാര്യം സംബന്ധിച്ച് തര്‍ക്കമുണ്ടാകുകയും മര്‍ദ്ദനം നടക്കുകയുമായിരുന്നു.
കഴിഞ്ഞ മൂന്നു ദിവസമായി പെണ്‍കുട്ടിയെ ഇയാള്‍ ശല്യം ചെയ്യുകയാണെന്നും ശരീരത്തിന്റെ പിന്‍ഭാഗത്ത് പിടിച്ചതായും പരാതിയിലുണ്ട്. ബസില്‍ കയറാന്‍ നേരത്ത് ഫുട്ബോഡില്‍ നിന്നും ഇയാള്‍ മാറുകയില്ല. പെണ്‍കുട്ടിയുടെ ശരീരത്തോട് ചേര്‍ന്ന് നില്‍ക്കാന്‍ മനഃപൂര്‍വം ശ്രമിക്കുകയും ചെയ്തിരുന്നു എന്നും പരാതിയില്‍ പറയുന്നു. ലൈംഗിക ചുവയുള്ള സംഭാഷണവും രൂക്ഷമായ നോട്ടവും ഉണ്ടായിരുന്നതായും പറയുന്നുണ്ട്. തന്നെ ബുദ്ധിമുട്ടിക്കരുതെന്ന് ആദ്യ ദിവസം തന്നെ പെണ്‍കുട്ടി പറഞ്ഞിരുന്നു. മറ്റു പെണ്‍കുട്ടികളോടും ഇയാള്‍ ഇങ്ങനെ തന്നെയാണ് പെരുമാറിയതെന്നും ആരോപണമുണ്ട്.
അറസ്റ്റിലായ പ്രതിക്കെതിരെ നിരവധി പെണ്‍കുട്ടികള്‍ പരാതി ഉന്നയിച്ചിട്ടുണ്ടെന്ന് എരുമേലി പൊലീസ് അറിയിച്ചു. പെണ്‍കുട്ടി ഇന്ന് മജിസ്ട്രേട്ടിന് മുന്നില്‍ ഹാജരായി രഹസ്യമൊഴി നല്‍കും. വ്യാഴാഴ്‌ച്ച വൈകിട്ടാണ് ബസ് ജീവനക്കാരന് മര്‍ദനമേറ്റത്. ബിയര്‍ ഉപയോഗിച്ച് തലയ്ക്കടിക്കുകയായിരുന്നു. സഹോദരനെതിരെ വധശ്രമത്തിന് കേസെടുത്തെങ്കിലും ഇയാള്‍ ഒളിവിലാണ്. ഇയാളെ ഉടന്‍ തന്നെ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് പറഞ്ഞു.
ബസ് സ്റ്റാന്റിന് സമീപം ആളുകള്‍ നോക്കി നില്‍ക്കെയാണ് സഹോദരന്‍ ഇയാളെ മര്‍ദ്ദിക്കുന്നത്. പെണ്‍കുട്ടികളുടെ ശരീരത്ത് കടന്നു പിടിക്കും അല്ലേടാ എന്ന് ചോദിച്ചായിരുന്നു മര്‍ദ്ദനം. കഴുത്തില്‍ പിടിച്ച് തള്ളുന്നതും തലക്കടിക്കുന്നതും ചവിട്ടുന്നതും സമൂഹ മാധ്യമത്തില്‍ പ്രചരിച്ച വീഡിയോയില്‍ കാണാം.
എരുമേലി സ്റ്റേഷന്‍ എസ്. എച്ച്. ഓ അനില്‍കുമാര്‍ വി. വി, എസ്. ഐമാരായ അനീഷ് എം. എസ്, അബ്ദുള്‍ അസീസ്, എ. എസ്. ഐ. ഷീനാ മാത്യു , സി.പി.ഓ മാരായ ഷാജി ജോസഫ് ,കൃപാ എം കെ, എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.