മൂന്ന് രൂപയ്ക്ക് എത്തുന്നു വാഴനാര് കൊണ്ടുള്ള സാനിറ്ററി പാഡുകൾ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: മൂന്ന് രൂപയ്ക്ക് വാഴനാരു കൊണ്ടുള്ള സാനിറ്ററി പാഡുകൾ എത്തുന്നു. ഗുജറാത്തിലെ ശാശ്വത് എന്ന കർഷക കൂട്ടായ്മയാണ് നാപ്കിനുകൾ നിർമ്മിച്ച് വിപണിയിലെത്തിക്കാൻ ഒരുങ്ങുന്നത്. വാഴനാരിനൊപ്പം വാഴയുടെ പൾപ്പും ഉപയോഗിച്ചാണ് സാനിറ്ററി പാഡുകൾ നിർമിക്കുന്നത്. ഗുജറാത്ത് സർക്കാരിന്റെ പിന്തുണയോടെ വിപണിയിലേക്കെത്തിക്കുന്ന പാഡിന് വിലയും താരതമ്യേന കുറവാണ്. മൂന്ന് രൂപയ്ക്ക് പാഡുകൾ വിപണിയിലെത്തിക്കാനാണ് കൂട്ടായ്മയുടെ ശ്രമം.
തൃശ്ശൂരിൽ നടക്കുന്ന വൈഗ കൃഷിമേളയിൽ ഇവരുടെ പാഡ് പ്രദർശിപ്പിച്ചിട്ടുണ്ട്.20 അംഗങ്ങളുള്ള ശാശ്വത് കർഷക കൂട്ടായ്മയുടെ ഭാഗമായി കഴിഞ്ഞ നാലുമാസമായി നാപ്കിൻ ഉത്പാദനം പുരോഗമിക്കുകയാണ്. വിലക്കുറവും ഭാരക്കുറവും കൂടുതൽ ആഗിരണ ശേഷിയുമാണ് ഇത്തരം പാഡുകളുടെ പ്രത്യേകത. വാഴനാര് കൊണ്ടുള്ളതായതിനാൽ മലിനീകരണം ഉണ്ടാക്കുന്നില്ല എന്നതും നിലവിലുള്ള പാഡുകളെ അപേക്ഷിച്ച് ഇതിന്റെ മേന്മ കൂട്ടുന്നുണ്ട്. നിലവിൽ വിപണിയിലെ മറ്റു പാഡുകളേക്കാൾ മികച്ചതാണ് ഇവയെന്ന് നിർമ്മാതാക്കൾ പറയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group