
സ്വന്തം ലേഖിക
കൊച്ചി: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിന് 103 കോടി രൂപ അടിയന്തരമായി നല്കാന് സര്‍ക്കാരിനോട് ഹൈക്കോടതി.
ഈ തുക സെപ്റ്റംബര്‍ ഒന്നിന് മുൻപ് നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു. ജൂലായ്, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളവും ഫെസ്റ്റിവല്‍ അലവന്‍സും നല്കാന് കെഎസ്ആര്‍ടിസി ആവശ്യപ്പെട്ട തുക നല്‍കണമെന്നും തൊഴിലാളികളെ പട്ടിണിക്കിടാനാകില്ലെന്നും കോടതി വ്യക്തമാക്കി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സര്‍ക്കാര്‍ സഹായമില്ലാതെ ജൂലായ്, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളം നല്കാന് സാധിക്കാത്ത അവസ്ഥയാണെന്ന് ശമ്പളം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ജീവനക്കാരുടെ ഹര്‍ജി പരിഗണിക്കവേ കെഎസ്ആര്‍ടിസി മാനേജ്മെന്റ് അറിയിച്ചിരുന്നു. സഹായത്തിനായി സര്‍ക്കാരുമായി പലതവണ ചര്‍ച്ച നടത്തി. എന്നാല്‍ ഡ്യൂട്ടി പരിഷ്കരണം നടപ്പിലാക്കിയാലേ സാമ്പത്തിക സഹായം അനുവദിക്കൂ എന്നാണ് സര്‍ക്കാര്‍ നിലപാടെന്നും കെഎസ്ആര്‍ടിസി മാനേജ്മെന്റ് ഹൈക്കോടതിയെ അറിയിച്ചു.
ഹൈക്കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം ഉള്‍പ്പെടുത്തിയത്.
ശമ്പളം കൊടുക്കാനുള്ള നടപടികളിലേക്ക് കടക്കുന്നുണ്ടെന്നും പത്ത് ദിവസം കൂടി സമയം വേണമെന്നും മാനേജ്മെന്റ് കോടതിയില്‍ ആവശ്യപ്പെട്ടു. തൊഴിലാളികളെ പട്ടിണിക്കിടരുതെന്നായിരുന്നു ഇതിനോടുള്ള കോടതിയുടെ പ്രതികരണം.
ശമ്പളം നല്കാന് നടപടി വേണം. വേതന വിതരണത്തിന് അധിക സമയം വേണമെന്ന കെഎസ്ആര്‍ടിസിയുടെ നിലപാട് അംഗീകരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. പ്രവര്‍ത്തന മൂലധന സഹായം വേണമെന്ന കെഎസ്ആര്‍ടിസിയുടെ ആവശ്യത്തിന് മറുപടി അറിയിക്കാനും സര്‍ക്കാരിന് കോടതി നിര്‍ദ്ദേശം നല്കി.



