ക്ഷേത്ര നടയിൽ കത്തിക്കരിഞ്ഞ നിലയിൽ വയോധികന്റെ മൃതദേഹം: സംഭവത്തിൽ ദുരൂഹത; ആത്മഹത്യക്കുറിപ്പിൽ ശബരിമല പ്രശ്നവും
സ്വന്തം ലേഖകൻ
തിരുവനന്തപുരം: വിഴിഞ്ഞത്തെ ക്ഷേത്ര മുറ്റത്ത് കത്തിക്കരിഞ്ഞ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. രണ്ടു ദിവസം മുൻപ് കാണാതായ വയോധികന്റെ മൃതദേഹമാണ് ക്ഷേത്ര മുറ്റത്ത് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. അത്മഹത്യാക്കുറിപ്പിൽ ശബരിമല വിഷയത്തെപ്പറ്റി പരാമർശമുണ്ടെന്ന പ്രചാരണത്തെ തുടർന്ന് പൊലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു. എന്നാൽ വ്യക്തിപരമായ പ്രശ്നത്തെ തുടർന്നാണ് ഇയാൾ ജീവനൊടുക്കിയതെന്നാണ് ബന്ധുക്കൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. വിഴിഞ്ഞം മുക്കോല സർവ്വ ശക്തിപുരം പേരെയിൽ മേലെ ഡിഎസ് സദനത്തിൽ ദാമോദര(65) നെയാണ് കത്തിക്കരിഞ്ഞ നിലയിൽ ക്ഷേത്രമുറ്റത്ത് കണ്ടെത്തിയത്. വിഴിഞ്ഞം മുക്കോല പേരയിൽ മേലെ സരസ്വതി ദേവി ക്ഷേത്രനടയിലാണ് ഞായറാഴ്ച രാത്രി ഏഴരയോടെ മൃതദേഹം കണ്ടെത്തിയത്.ക്ഷേത്രത്തിൽ വിളക്കു വയ്ക്കാൻ വന്ന സ്ത്രീയാണ് ആദ്യം കണ്ടത്.
ക്ഷേത്രത്തിന് സമീപം താമസിച്ചിരുന്ന ദാമോദരനെ ദിവസങ്ങൾക്ക് മുൻപ് കാണാതായിരുന്നു. ഇദേഹത്തിന്റെ മൃതദേഹമാണ് കണ്ടെത്തിയ തെന്നാണ് സൂചന. മുഖം തിരിച്ചറിയാൻ കഴിയാത്ത വിധം കരിഞ്ഞിട്ടുണ്ട്. ഇദ്ദേഹത്തിന്റെ മൊബൈൽ ഫോണും പോലീസിനു ലഭിച്ചു. ഉന്നത പോലീസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്.