play-sharp-fill
പാവപ്പെട്ട രോഗികളുടെ ജീവന് പുല്ലുവില കല്പിച്ച് സർക്കാർ; വനിതാ മതിൽ വിജയിപ്പിക്കാൻ സർക്കാർ ആശുപത്രികളിലേയും മെഡിക്കൽ കോളേജുകളിലേയും ആംബുലൻസുകളും ഡോക്ടർമാരടക്കമുള്ളവരേയും രംഗത്തിറക്കാൻ ഉത്തരവ്

പാവപ്പെട്ട രോഗികളുടെ ജീവന് പുല്ലുവില കല്പിച്ച് സർക്കാർ; വനിതാ മതിൽ വിജയിപ്പിക്കാൻ സർക്കാർ ആശുപത്രികളിലേയും മെഡിക്കൽ കോളേജുകളിലേയും ആംബുലൻസുകളും ഡോക്ടർമാരടക്കമുള്ളവരേയും രംഗത്തിറക്കാൻ ഉത്തരവ്


സ്വന്തം ലേഖകൻ

തിരുവനന്തപുരം: പാവപ്പെട്ട രോഗികൾക്ക് പുല്ലുവില കല്പിച്ച് സർക്കാർ ഉത്തരവ്. സർക്കാർ തലത്തിലുള്ള എല്ലാ മെഡിക്കൽ സംവിധാനങ്ങളും വനിതാ മതിലിന്റെ ദിവസം സ്തംഭനാവസ്ഥയിലാകും. സർക്കാർ ആശുപത്രികളിലെ ആംബുലൻസുകൾ മുഴുവൻ വനിതാ മതിലിനു ഉപയോഗിക്കാൻ സർക്കാർ ഉത്തരവിട്ടു. ഉത്തരവ് പ്രകാരം ആംബുലൻസ് യൂണിറ്റുകൾ വനിതാ മതിൽ നടക്കുന്ന ജനുവരി ഒന്നിന് റോഡിൽ ഇറങ്ങും. സ്ത്രീകളുടെയും കുട്ടികളുടെ ആശുപത്രിയിലെ ആംബുലൻസ് യൂണിറ്റുകൾക്ക് വരെ ഇതിൽ നിന്നും ഇളവ് നൽകാതെയാണ് തീരുമാനം വന്നിരിക്കുന്നത്. ചട്ടങ്ങളും ധാർമ്മികതയും കാറ്റിൽ പറത്തിയാണ് ഉത്തരവ് വന്നിരിക്കുന്നത്.


അടിയന്തിര ഘട്ടങ്ങളിൽ ആംബുലൻസ് സംവിധാനത്തിനു രോഗികൾക്ക് പെടാപ്പാട് വരുമെന്ന സൂചനയാണ് സർക്കാർ ആശുപത്രികളിലെ ആംബുലൻസ് കൂടി വനിതാ മതിലിനു വിട്ടുനൽകാനുള്ള തീരുമാനം വഴി വരുന്നത്. ഡോക്ടർമാരും തെരുവിൽ ഇറങ്ങണമെന്നാണ് നിർദ്ദേശം. സർക്കാർ ആശുപത്രികളിലെ ആംബുലൻസുകൾ വനിതാ മതിൽ സമയത്ത് റോഡിൽ ഉണ്ടാകും എന്ന് ഉത്തരവോടെ വ്യക്തമായിക്കഴിഞ്ഞു. ആംബുലൻസ് സംവിധാനം റോഡിൽ ഇറക്കാനുള്ള ചുമതല അതാത് ജില്ലകളിലെ മെഡിക്കൽ ഓഫീസർമാർക്കാണ് നൽകിയിരിക്കുന്നത്. ഇതിൽ വീഴ്ച വന്നാൽ ജില്ലാ മെഡിക്കൽ ഓഫീസർമാർക്കെതിരെ നടപടിയും വരും. വനിതാ മതിൽ നടക്കുമ്പോൾ അതാത് ആശുപത്രിക്ക് കീഴിലുള്ള ആംബുലൻസ് യൂണിറ്റുകളാണ് റോഡിൽ ഉണ്ടാവുക. മതിലിനു ഒരു മണിക്കൂർ മുൻപ് തന്നെ ആംബുലൻസ് ഡ്രൈവർമാർ റിപ്പോർട്ട് ചെയ്യണമെന്ന് ഉത്തരവിൽ നിർദ്ദേശമുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വനിതാ മതിലിനായി സർക്കാർ ഉത്തരവുകൾ വെളിയിൽ വരുന്നതിന്റെ പശ്ചാത്തലത്തിൽ എല്ലാ ഉത്തരവുകളും രേഖാമൂലം നൽകുന്നത് ഒഴിവാക്കാനും സർക്കാർ തലത്തിൽ തീരുമാനം വന്നിട്ടുണ്ട്. എല്ലാ നിർദ്ദേശങ്ങളും വാക്കാൽ നൽകാനാണ് ഇപ്പോൾ ഉത്തരവ് നൽകിയിരിക്കുന്നത്. ഉത്തരവുകൾ കോടതിയിലേക്ക് പോകാൻ സാധ്യതയുള്ളതിന്റെ പശ്ചാത്തലത്തിലാണ് ഈ നിർദ്ദേശം. അതുപോലെ തന്നെ വനിതാ മതിൽ നടക്കുന്ന ജനുവരി ഒന്നിന് ആർക്കും ലീവ് അനുവദിക്കരുതെന്ന് സർക്കാർ എല്ലാ വകുപ്പ് മേധാവികൾക്കും ഉത്തരവ് നൽകിയിട്ടുണ്ട്. വാക്കാലാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. വനിതകൾക്ക് ഒരു കാരണവശാലും ലീവ് നൽകരുതെന്നും ലീവുകൾ നൽകിയ നടപടികൾ പിൻവലിക്കാൻ സാധിക്കുമെങ്കിൽ അതിനു നടപടി സ്വീകരിക്കാനുമാണ് വാക്കാലുള്ള ഈ നിർദ്ദേശത്തിലുള്ളത്.
ആർസിസിയിൽ അപ്പോയിന്റ്മെന്റ് എടുത്ത രോഗികളായ സർക്കാർ ജീവനക്കാരെ വരെ രഹസ്യ നിർദ്ദേശം വലച്ചിട്ടുണ്ട്. ആർസിസിയിൽ പോകാതിരിക്കാൻ കഴിയാത്ത അവസ്ഥയാണ്. 31, 1, 2 ദിവസമാണ് രോഗികളായ ജീവനക്കാർക്ക് ലീവ് വേണ്ടത്. ഈ ദിവസങ്ങളിൽ ലീവ് അനുവദിക്കരുതെന്നാണ് വാക്കാലുള്ള നിർദ്ദേശം.

വനിതാ മതിലിൽ പങ്കെടുക്കാത്ത കുടുംബശ്രീ യൂണിറ്റുകൾ പിരിച്ചുവിടുമെന്നുള്ള ഭീഷണിയും അരങ്ങേറുന്നുണ്ട്. യൂണിറ്റുകളെ സമ്മർദത്തിലാക്കി പങ്കെടുപ്പിക്കുകയാണു ലക്ഷ്യം. കുടുംബശ്രീയിൽ 30 ലക്ഷം വനിതകളുണ്ട്. പകുതി പേർ പങ്കെടുത്താൽ പോലും മതിൽ വിജയിക്കുമെന്നാണു വിലയിരുത്തൽ. അതിനായാണ് ഭീഷണി മുഴക്കുന്നത്. മതിലിനായി സ്വകാര്യ ബസുകളും സ്‌കൂൾ ബസുകളും വിട്ടുകൊടുക്കാൻ നിർബന്ധമുണ്ടെന്നും ആരോപണം ശക്തമാണ്. ഇത് സംബന്ധിച്ച് ഒട്ടുവളരെ സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഡീസൽ നിറച്ച്, ഡ്രൈവർ ഉൾപ്പെടെ ബസ് വിട്ടു നൽകണമെന്നാണു നിർദ്ദേശം. സമ്മർദ്ദവും ഭീഷണിയും മുഴക്കിയാണ് വനിതാമതിൽ വിജയിപ്പിക്കാൻ സർക്കാർ ഒരുങ്ങുന്നത് എന്നാണ് ഇപ്പോൾ വ്യാപകമായ ആക്ഷേപങ്ങൾ ഉയരുന്നത്.