ശുചിമുറിയിൽ പ്രസവിച്ച ഉടൻ വീപ്പയിലെ വെള്ളത്തില്‍ മുക്കി കുഞ്ഞിനെ കൊന്ന സംഭവം; മാതാവ് അറസ്റ്റില്‍

Spread the love

സ്വന്തം ലേഖിക

തൊടുപുഴ: പ്രസവിച്ച ഉടനെ കുഞ്ഞിനെ ശുചിമുറിയിലെ വീപ്പയിലെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയ മാതാവ് അറസ്റ്റിൽ.

ഉടുമ്പന്നൂര്‍ മങ്കുഴി ചരളയില്‍ സുജിതയെയാ(26)ണു അറസ്റ്റ് ചെയ്തത്. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പ്രതിയെ ഇന്നലെ രാവിലെ കരിമണ്ണൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സുമേഷ് സുധാകറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്യുകയായിരുന്നു. ഉച്ചയോടെ സംഭവ സ്ഥലത്തെത്തിച്ച്‌ തെളിവെടുപ്പ് നടത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ 10ന് രാത്രിയിലാണ് ഉടുമ്പന്നൂരില്‍ വാടകയ്ക്കു താമസിക്കുന്ന വീട്ടിലെ ശുചിമുറിയില്‍ സുജിത പ്രസവിച്ചത്. ഉടന്‍ തന്നെ കുഞ്ഞിനെ വീപ്പയിലെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. പിന്നാലെ അമിത രക്തസ്രാവത്തെത്തുടര്‍ന്ന് അര്‍ധരാത്രിയോടെ സുജിത തൊടുപുഴ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു.

തുടര്‍ന്ന് ഡോക്ടര്‍ നടത്തിയ പരിശോധനയിലാണു പ്രസവവും ശിശുവിന്റെ കൊലപാതകവും പുറത്തറിയുന്നത്.
സുജിത ഗര്‍ഭിണിയായിരുന്ന കാര്യവും പ്രസവിച്ചതും ഭര്‍ത്താവും ആശുപത്രിയില്‍ എത്തിയ ശേഷമാണ് അറിഞ്ഞതെന്നു പൊലീസ് പറഞ്ഞു.

ഏതാനും മാസങ്ങള്‍ക്കു മുൻപ് ഭര്‍ത്താവിനെയും ഏഴും എട്ടും വയസുള്ള രണ്ടു മക്കളേയും ഉപേക്ഷിച്ചു സുജിത മറ്റൊരു യുവാവിനൊപ്പം തമിഴ്‌നാട്ടിലേക്കു പോയിരുന്നു. പിന്നീട് ബന്ധുക്കള്‍ ഇടപെട്ട് തിരികെ എത്തിച്ചെങ്കിലും ഭര്‍ത്താവുമായി അകല്‍ച്ചയിലായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.