ജസ്ന മുണ്ടക്കയത്ത് എത്തി..! സിസിടിവിയിൽ കണ്ടത് ജസ്നയെ തന്നെ; നിർണ്ണായക തെളിവുകൾ അന്വേഷണ സംഘത്തിന്: ഒപ്പമുണ്ടായിരുന്ന യുവതിയും യുവാവും എവിടെ; അന്വേഷണം ഊർജിതമാക്കി പൊലീസ്
സ്വന്തം ലേഖകൻ
കോട്ടയം: ഒന്നര വർഷം മുൻപ് കാണാതായ ജസ്നയെന്ന പെൺകുട്ടിയെ കണ്ടെത്താനുള്ള അന്വേഷണത്തിൽ നിർണ്ണായകമായ തെളിവ് പുറത്ത്. ജസ്ന മുണ്ടക്കയത്തു കൂടി നടന്നു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നതോടെയാണ് ഇത് ഏറെക്കുറെ ഉറപ്പിച്ചത്. എന്നാൽ, ഈ സിസിടിവ ദൃശ്യങ്ങൾ എന്നുള്ളതാണെന്ന വിവരം പൊലീസ് ഇനിയും പുറത്ത് വിട്ടിട്ടില്ല. കേസ് അന്വേഷിക്കുന്ന മുപ്പതംഗ ക്രൈംബ്രാഞ്ച് സംഘം ഈ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്. ദൃശ്യങ്ങളിലുള്ള പെൺകുട്ടി ജസ്ന തന്നെയാണെന്ന് ഏതാണ്ട് ഉറപ്പിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തിൽ അന്വേഷണം ഊർജിതമാക്കാനാണ് പൊലീസ് നീക്കം.
ജെസ്നക്ക് ഒപ്പം ഒരു യുവാവും മറ്റൊരു സ്ത്രീയും സംശയാസ്പദമായി ഇതുവഴി കടന്നു പോകുന്നതായും ഒരു കാർ ഇറങ്ങി വരുന്നതായും ദൃശ്യങ്ങളിലുണ്ട്. ഇവർ ആരൊക്കെയാണന്നും ഈ വാഹനം ഏതാണന്നും കണ്ടെത്തുന്നതിനായാണു ദൃശ്യങ്ങൾ പഞ്ചായത്തംഗങ്ങളെ കാണിച്ചത്. ഒരു പക്ഷേ ഈ യുവാവിനേയും സ്ത്രീയേയും, വാഹനത്തേയും തിരിച്ചറിഞ്ഞാൽ ജസ്നയുടെ തിരോധാനത്തിനു തുമ്പുണ്ടായേക്കും എന്ന് നിഗമനത്തിലാണ് പോലീസ്. വാഹനം തിരിച്ചറിയുന്നതിന്റെ ഭാഗമായി ടൗണിലെ ഡ്രൈവർമാരെയും ദൃശ്യങ്ങൾ കാണിച്ചു. എന്നാൽ യുവാവും സ്ത്രീയും ആരാണ് എന്നതിനെപ്പറ്റി യാതൊരു സൂചനയും സംഘത്തിനു ലഭിച്ചില്ല. വാഹനം തിരിച്ചറിയാൻ ടൗണിലെ ഡ്രൈവർമാർക്കും കഴിഞ്ഞില്ല.
അതായത് ജസ്നയുടെ തിരോധാനത്തിൽ വലിയ ദുരൂഹതകൾ പുറത്തുവരികയാണ്. ജെസ്ന ഒളിച്ചോടിയതോ, അപ്രത്യക്ഷമായതോ, ആത്മഹത്യ ചെയ്തതോ അല്ല എന്ന് ഈ ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. ഏതോ ഒരു കൂട്ടം ആളുകളുമായി ജസ്ന എവിടെയോ പോയതാണ്. അഞ്ഞാതരായ ആ ആളുകൾ തന്നെയാണ് ജസ്നയുടെ തിരോധാനത്തിനു പിന്നിലേ കറുത്ത കരങ്ങൾ.
അവർ ആരെന്ന് കണ്ടെത്തുന്നതിനുള്ള അന്വേഷണമാണ് ഇനി ആവശ്യമായുള്ളത്. എന്നാൽ, ജസ്നയുടെ മൊബൈൽ ഫോൺ എവിടെ, അവരെ കാണാതായത് എവിടെ വച്ചാണ് തുടങ്ങിയ വിവരങ്ങൾ ഇനിയും കണ്ടെത്താൻ സാധിച്ചിട്ടില്ല. ഇതെല്ലാം കണ്ടെത്തിയെങ്കിൽ മാത്രമേ ജസ്നയുടെ തിരോധാനത്തിൽ വ്യക്തതവരുത്താൻ സാധിക്കൂ.