video
play-sharp-fill

ഭാരതും കാരിത്താസും കിംസും അടക്കമുള്ള സ്വകാര്യ ആശുപത്രികളുടെ കൊള്ളയ്ക്ക് അറുതിവരുന്നു: ജനുവരി ഒന്ന് മുതൽ സ്വകാര്യ ആശുപത്രികൾ ചികിത്സാ ചിലവ് പ്രദർശിപ്പിക്കണം; കള്ളം പൊളിയുമെന്ന ആശങ്കയിൽ സ്വകാര്യ ആശുപത്രികൾ

ഭാരതും കാരിത്താസും കിംസും അടക്കമുള്ള സ്വകാര്യ ആശുപത്രികളുടെ കൊള്ളയ്ക്ക് അറുതിവരുന്നു: ജനുവരി ഒന്ന് മുതൽ സ്വകാര്യ ആശുപത്രികൾ ചികിത്സാ ചിലവ് പ്രദർശിപ്പിക്കണം; കള്ളം പൊളിയുമെന്ന ആശങ്കയിൽ സ്വകാര്യ ആശുപത്രികൾ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ചികിത്സയ്‌ക്കെത്തുന്ന രോഗികൾക്ക് ചികിത്സാ രേഖകൾ പോലും പരിശോധിക്കാൻ അവസരം ഒരുക്കാതെ, തട്ടിപ്പിന്റെ തമ്പുരാക്കൻമാരായി അരങ്ങ് വാഴുന്ന ജില്ലയിലേത് അടക്കമുള്ള സ്വകാര്യ ആശുപത്രികൾക്ക് കൂച്ചു വിലങ്ങുമായി സർക്കാർ. തോന്നുംപടി ബില്ല് ഈടാക്കി, രോഗികളെ ഞെക്കിപ്പിഴിഞ്ഞ് ഫീസ് വാങ്ങുന്ന നടപടി ഇനി നടപ്പില്ലെന്നാണ് സർക്കാർ വ്യക്തമാക്കിയിരിക്കുന്നത്. ആശുപത്രിയിലെ ഓരോ ചികിത്സയുടെയും ചിലവും നിരക്കും വ്യക്തമാക്കി ആശുപത്രികളിൽ ബോർഡ് സ്ഥാപിക്കണമെന്ന വ്യവസ്ഥ ഉൾപ്പെടുന്ന കേറള ക്ലിനിക്കൽ സ്ഥാപനങ്ങൾ (രജിസ്‌ട്രേഷനും നിയന്ത്രണവും) നിയമം ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വരുത്താനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഇതോടെ ആശുപത്രികളിലെ രഹസ്യ ഫീസ് ഇനത്തിലുള്ള കൊള്ള ഒരു പരിധി വരെ തടയാനാവും. ഓരോ ചികിത്സയ്ക്കും എത്രരൂപ ഫീസ് ആകുമെന്നും, ഏത് ചികിത്സയാണ് തനിക്ക് നൽകുന്നതെന്നും രോഗികൾക്ക് അറിയാനുള്ള അവകാശം കൂടിയാണ് ഇതോടെ സ്ഥാപിച്ച് നൽകപ്പെടുന്നത്.
ആശുപത്രികളിൽ രോഗികൾക്ക് കാണാൻ വഴിയുന്ന രീതിയിൽ ചികിത്സാ ചിലവ് ഉൾപ്പെടുന്ന ബോർഡ് സ്ഥാപിക്കണമെന്നതാണ് പ്രധാന ചട്ടം. ഇതു കൂടാതെ ഇവിടെ ജോലി ചെയ്യുന്ന ജീവനക്കാരുടെ യോഗ്യത – അത് ഡോക്ടർമാരായാലും , നഴ്‌സുമാരായാലും, മറ്റ് ജീവനക്കാർ ആയാലും – ഇവിടെ ഉപയോഗിക്കുന്ന ഓരോ ഉപകരണത്തിന്റെയും വിശദാംശങ്ങൾ എന്നിവയും ഈ ബോർഡിൽ ഉണ്ടാകണം.
ഇതു കൂടാതെ ദന്ത ചികിത്സാലയം അടക്കം എല്ലാ ആശുപത്രികൾക്കും, മെഡിക്കൽ ലാബുകൾക്കും സർക്കാർ രജിസ്‌ട്രേഷൻ നിർബന്ധമാക്കി. ഇതോടെ ഇത്തരത്തിൽ രജിസ്‌ട്രേഷനില്ലാത്ത ഒരു സ്ഥാപനത്തിനും സംസ്ഥാനത്ത് പ്രവർത്തിക്കാനാവാതെ വരും. ഇത്തരത്തിൽ അനുവാദമില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ ലൈസൻസ് റദ്ദാക്കാൻ വരെ ഈ നിയമ പ്രകാരം സർക്കാരിന് അധികാരം ലഭിക്കുന്നുണ്ട്.
എന്നാൽ, ഈ നിയമം പാസായാലും ഏതൊക്കെ ആശുപത്രികൾ ഇത് അനുസരിക്കുമെന്നാണ് കണ്ടറിയേണ്ടത്. ഈ പരിശോധനകൾ നടത്തേണ്ട ഉദ്യോഗസ്ഥർക്ക് കൃത്യമായി കൈക്കൂലി നൽകിയാണ് ഈ ആശുപത്രികളെല്ലാം പ്രവർത്തിക്കുന്നത്. അതുകൊണ്ടു തന്നെ ഈ ആശുപത്രികൾ ചട്ടം ലംഘിച്ചാലും ആരും ചോദിക്കാനും പറയാനുമില്ലാത്ത സ്ഥിതിയാണ്. ഈ സാഹചര്യത്തിൽ ജനങ്ങൾ അതീവ ജാഗ്രതയോട് കൂടി പ്രവർത്തിക്കേണ്ടത് അത്യാവശ്യമാണ്. ആശുപത്രിയിലെ ബില്ലിന്റെ പേരിൽ കോട്ടയം ജില്ലയിൽ നടക്കുന്ന കൊള്ള സംബന്ധിച്ചു നേരത്തെ തന്നെ തേർഡ് ഐ ന്യൂസ് ലൈവ് റിപ്പോർട്ട് ചെയ്തിരുന്നു. കോട്ടയം തെള്ളകത്തെ കാരിത്താസ് ആശുപത്രിയിൽ നാലു ദിവസത്തെ ചികിത്സയ്ക്ക് മൂന്നര ലക്ഷത്തോളം രൂപ ചിലവാക്കിയത് സംബന്ധിച്ചു നേരത്തെ തേർഡ് ഐ ന്യൂസ് ലൈവ് റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനെതിരെ തേർഡ് ഐ ന്യൂസ് ലൈവിനെതിരൈ ഭീഷണി വക്കീൽ നോട്ടീസ് കാരിത്താസ് ആശുപത്രി അധികൃതർ അയക്കുകയും ചെയ്തിരുന്നു. എന്നാൽ, കൃത്യമായ മറുപടി തേർഡ് ഐ ന്യൂസ് ലൈവിൽ നിന്നും ഉണ്ടായപ്പോൾ ഇവർ തുടർ നടപടി അവസാനിപ്പിക്കുകയായിരുന്നു.