
കന്യാകുമാരി: വീഡിയോ കോളിൽ ഭർത്താവിനോട് സംസാരിക്കുന്നതിനിടെ യുവതി തൂങ്ങി മരിച്ചു. കന്യാകുമാരി സ്വദേശി സെന്തിലിന്റെ ഭാര്യ ജ്ഞാനഭാഗ്യ(33)യാണ് ജീവനൊടുക്കിയത്. ഭര്‍ത്താവിന്റെ സംശയരോഗവും മാനസിക പീഡനവുമാണ് യുവതിയുടെ ആത്മഹത്യയ്ക്ക് കാരണമായതെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം.
സിങ്കപ്പൂരിൽ ജോലി ചെയ്യുന്ന സെന്തിലിന് സംശയരോഗമായിരുന്നു. ഭാര്യയെ ഇയാൾക്ക് എപ്പോഴും സംശയമായിരുന്നു. ഇതിന്റെ പേരിൽ ഇരുവരും വഴക്കിടുക പതിവായിരുന്നു. ഭാര്യയെ സംശയിക്കുന്ന തരത്തിൽ സംസാരിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞദിവസം രാത്രി രണ്ട് കുട്ടികളെയും ഉറക്കികിടത്തിയ ശേഷം ജ്ഞാനഭാഗ്യ പതിവുപോലെ സിങ്കപ്പൂരിലുള്ള ഭര്‍ത്താവിനെ വീഡിയോകോള്‍ ചെയ്തു. എന്നാല്‍ കോള്‍ ചെയ്യുന്നതിനിടെ ഭാര്യയ്‌ക്കൊപ്പം ആരോ ഉണ്ടെന്ന് സെന്തില്‍ ആരോപിച്ചു. തുടര്‍ന്ന് ഇരുവരും തമ്മില്‍ വഴക്കിടുകയും പിന്നാലെ ജ്ഞാനഭാഗ്യ കിടപ്പുമുറിയില്‍ തൂങ്ങിമരിക്കുകയുമായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഭാര്യ ആത്മഹത്യ ചെയ്യുന്ന ദൃശ്യം വീഡിയോകോളില്‍ കണ്ട സെന്തില്‍ വിവരം ബന്ധുക്കളെ ഫോണില്‍ വിളിച്ചറിയിച്ചിരുന്നു. എന്നാല്‍ വീട്ടുകാര്‍ വാതില്‍ തകര്‍ത്ത് മുറിയില്‍ പ്രവേശിച്ചപ്പോഴേക്കും യുവതി മരിച്ചിരുന്നു. മൃതദേഹം പോലീസ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.