
കോട്ടയം: കല്യാണ ഫോട്ടോഗ്രാഫര്‍മാര്‍ സൂക്ഷിക്കുക. ഫോട്ടോ എടുക്കാനുണ്ടെന്നുപറഞ്ഞ് നിങ്ങളുടെ വാട്സ്‌ആപ്പിലേക്ക് ഏതുനിമിഷവും ഹിന്ദിക്കാരന്‍റെ വാട്സ്‌ആപ്പ് സന്ദേശം എത്താം.ഒരു കാരണവശാലും ആ നമ്പറില്‍ തിരിച്ചുവിളിക്കാതിരിക്കുക. പണിയുണ്ടെന്നു പറഞ്ഞ് ‘പണി’തരുന്ന കെണിയാണ്
അഡ്വാന്‍സ് വാങ്ങിക്കാന്‍ അയാളുടെ ഗൂഗിള്‍ പേ റിക്വസ്റ്റ് സ്വീകരിച്ചാല്‍ നിങ്ങളുടെ അക്കൗണ്ടിലുള്ള പണം മുഴുവന്‍ നഷ്ടപ്പെടും. കഴിഞ്ഞ ദിവസം കോട്ടയം വടവാതൂര്‍ സ്വദേശിയായ ഫോട്ടോഗ്രാഫര്‍ ഗോകുല്‍ സന്തോഷിന് രണ്ടായിരം രൂപ നഷ്ടപ്പെട്ടു.
ജില്ലയിലെ മറ്റു ഫോട്ടോഗ്രാഫര്‍മാര്‍ക്കും ഇത്തരത്തില്‍ വാട്സ്‌ആപ്പ് സന്ദേശം എത്തിയിട്ടുണ്ട്. ഗോകുലിന്‍റെ പിതാവും ഫോട്ടോഗ്രാഫറുമായ സന്തോഷിനാണ് പ്രൊഫൈല്‍ ചിത്രത്തില്‍ മിലിട്ടറി വേഷം ധരിച്ച അനില്‍കുമാര്‍ എന്നു പരിചയപ്പെടുത്തിയ ആള്‍ സന്ദേശമയച്ചത്. അയാളുടെ മകളുടെ വിവാഹമാണ് 20ന്. ഹല്‍ദി ചടങ്ങ് 19നും. അന്ന് ഒഴിവുണ്ടോ എന്നായിരുന്നു ഹിന്ദിയിലും ഇംഗ്ലീഷിലുമുള്ള ചോദ്യം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഹിന്ദി വശമില്ലാത്തതിനാല്‍ സന്തോഷ് മകന്‍ ഗോകുലിന്‍റെ നമ്പര്‍ നല്‍കി. തുടര്‍ന്ന് അയാള്‍ ഗോകുലിനെ വിളിച്ചു സംസാരിച്ചു. തുക ചോദിച്ചശേഷം അഡ്വാന്‍സ് വേണമോ എന്നുചോദിച്ചു. വേണമെന്ന് പറഞ്ഞതോടെ ഗൂഗിള്‍പേ വഴി ഒരു രൂപ അയക്കാന്‍ പറഞ്ഞു. ഇതു പ്രകാരം ഒരു രൂപ അയച്ചപ്പോള്‍ അയാള്‍ തിരിച്ച് രണ്ടു രൂപ അയച്ചു. അതു കഴിഞ്ഞ് ഫോണില്‍ വിളിച്ചു. 2000 രൂപ അയച്ചിട്ടുണ്ടെന്നും പെട്ടെന്ന് റിക്വസ്റ്റ് സ്വീകരിക്കാനും ആവശ്യപ്പെട്ടു.
റിക്വസ്റ്റ് സ്വീകരിച്ചതോടെ അക്കൗണ്ടില്‍ ആകെയുണ്ടായിരുന്ന 2000 രൂപ നഷ്ടപ്പെട്ടു. അയാളെ ഫോണില്‍ വിളിച്ചെങ്കിലും കൃത്യമായ മറുപടി നല്‍കുന്നില്ല. ഇക്കാര്യം മറ്റു ഫോട്ടോഗ്രാഫര്‍മാരോട് പറഞ്ഞപ്പോഴാണ് തങ്ങള്‍ക്കും അയാളില്‍നിന്ന് ഇത്തരത്തില്‍ വാട്സ്‌ആപ്പ് സന്ദേശം വന്നതായി അവര്‍ പറഞ്ഞത്. 20ന് ആണ് വിവാഹമെന്നാണ് അവരോടും പറഞ്ഞിരിക്കുന്നത്. ഹിന്ദിയില്‍ സംസാരിക്കാനറിയാത്തതുകൊണ്ടാണ് പലരും സന്ദേശങ്ങളോടു പ്രതികരിക്കാതിരുന്നത്.



