
പൊളിക്കാന്‍ മാത്രം ഒരു നഗരസഭ; വികസനത്തിന്റെ പേരില്‍ പൊളിച്ച കെട്ടിടങ്ങൾ പലതും പണിതില്ല; പണിതതാകട്ടെ പത്ത് വർഷം തികയും മുൻപ് വിണ്ടുകീറി ചോർന്നൊലിക്കുന്നു; തിരുനക്കര ബസ് സ്റ്റാൻഡ് കെട്ടിടം പൊളിക്കാൻ നഗരസഭയും, തടയാൻ വ്യാപാരികളും; തിരുനക്കര സാക്ഷ്യം വഹിക്കുന്നത് വൻ സംഘർഷത്തിന്
സ്വന്തം ലേഖകൻ
കോട്ടയം: വികസനത്തിന്റെ പേരില്‍ പൊളിച്ച പഴയ കെട്ടിടങ്ങള്‍ പലതും പണിയാൻ ഇന്നുവരെ കോട്ടയം നഗരസഭയ്ക്ക് കഴിഞ്ഞിട്ടില്ല. പഴയ പൊലീസ് സ്റ്റേഷൻ മൈതാനം, പഴയ പച്ചക്കറി മാർക്കറ്റ് തുടങ്ങി പലതും പൊളിച്ചു. വർഷങ്ങൾ കഴിഞ്ഞിട്ടും കെട്ടിടം പണിയാൻ നഗരസഭയ്ക്ക് കഴിഞ്ഞില്ല. പഴയ ഇറച്ചി മാർക്കറ്റാകട്ടെ നിലവിൽ പൊളിച്ചിട്ടിരിക്കുകയാണ്.
തിരുനക്കര ബസ്റ്റാന്‍ഡ് കെട്ടിടമാണ് ഇപ്പോള്‍ പൊളിക്കാന്‍ പോകുന്നത്. ബദല്‍ സംവിധാനം ഒരുക്കിയിട്ടു വേണ്ടേ കടക്കാരെ ഒഴിപ്പിക്കാനെന്നു ചോദിച്ചാല്‍ പൊളിച്ചടുക്കുക എന്നതല്ലാതെ മറ്റൊന്നും അജന്‍ഡയിലില്ലെന്നാണ് അധികൃതര്‍ പറയുന്നത്. കെട്ടിടത്തിന് ബലക്ഷയമെന്നു കാട്ടി ഹൈക്കോടതിയില്‍ വിവരാവകാശ പ്രവർത്തകനായ മഹേഷ് വിജയൻ പൊതുതാത്പര്യ ഹര്‍ജി കൊടുത്തു. ഇതോടെ പൊളിക്കാന്‍ കോടതിയും പറഞ്ഞു. എന്നാല്‍ പിന്നെ പൊളിച്ചേക്കാമെന്നായി നഗരസഭ. എന്നാൽ വ്യാപാരികൾക്ക് പകരം സംവിധാനം ഒരുക്കാൻ നഗരസഭ തയ്യാറായില്ല. വ്യാപാരികൾ പെരുവഴിയിലേക്ക് ഇറങ്ങുന്ന സ്ഥിതി വന്നതോടെയാണ് പൊളിക്കൽ സംഘർഷത്തിലായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ന് രാവിലെ പതിനൊന്നു മണിയോടെ ബസ് സ്റ്റാൻഡ് കെട്ടിടത്തിലെ വ്യാപാരികളെ ഒഴിപ്പിക്കാനാണ് നഗരസഭ തയ്യാറെടുക്കുന്നത്. ഇതിന് സുരക്ഷ ഒരുക്കാൻ വൻ പൊലീസ് സന്നാഹമാണ് തിരുനക്കരയിൽ എത്തിയിരിക്കുന്നത്. പൊളിച്ചു കളയാന്‍ പോകുന്ന ബസ് സ്റ്റാന്‍ഡ് കെട്ടിടത്തിന് മുകളില്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് നഗരസഭ സമീപ കാലത്ത് ട്രെസ് വര്‍ക്ക് നടത്തിയിരുന്നു. ഓഡിറ്റോറിയമാക്കാനെന്നായിരുന്നു പറച്ചില്‍. ബസ് സ്റ്റാന്‍ഡ് കെട്ടിടം പൊളിക്കുന്നതോടെ ഇതിന് മുടക്കിയ ലക്ഷങ്ങളും വെള്ളത്തിലാകും.
ട്രഷറി ഓഫീസ് അടക്കം പ്രവര്‍ത്തിച്ചിരുന്ന നഗരമദ്ധ്യത്തിലെ പഴയ പച്ചക്കറി മാര്‍ക്കറ്റ് കെട്ടിടം പൊളിച്ച് മാറ്റിയടത്ത് ബഹുനില കാര്‍ പാര്‍ക്കിംഗ് സംവിധാനം ഒരുക്കുമെന്ന് പ്രഖ്യാപിച്ചിട്ട് രണ്ട് പതിറ്റാണ്ടിലേറെയായി. കോടിമതയില്‍ പണിത പുതിയ പച്ചക്കറി ചന്ത കെട്ടിടം നിര്‍മാണത്തിലെ അപാകത കാരണം നിലം പൊത്താവുന്ന അവസ്ഥയില്‍ എത്തിയിട്ടും പഴയ പച്ചക്കറി മാര്‍ക്കറ്റില്‍ ബഹുനില മന്ദിരമായില്ല. ട്രഷറി മാറ്റിയതല്ലാതെ അപകടകരമായി നില്‍ക്കുന്ന പഴയ കെട്ടിടത്തിലെ മുഴുവന്‍ കടകളും മാറ്റാന്‍ വര്‍ഷമേറെക്കഴിഞ്ഞിട്ടും നഗരസഭക്ക് കഴിഞ്ഞിട്ടില്ല.
എം.എല്‍. റോഡിലെ പഴയ മീന്‍ ചന്തയും അറവുശാലയും മാറ്റിയിട്ട് വര്‍ഷങ്ങളായി. കോടിമതയില്‍ പുതിയ മീന്‍ മാര്‍ക്കറ്റിനും അറവുശാലക്കുമുള്ള കെട്ടിടം പണിതിട്ടും പണിതിട്ടും തീരാതെ കിടക്കുകയാണ്. എം.പി ഫണ്ട് ഉപയോഗിച്ച് പണിതതാണ് .അറവു ശാല എന്നു തുറക്കുമെന്നു ചോദിച്ചാല്‍ ഉത്തരമില്ല. മീന്‍ കച്ചവടമാകട്ടെ വര്‍ഷമേറെക്കഴിഞ്ഞിട്ടും ഇന്നും എം.ജി റോഡിന് ഇരു വശത്തുമാണ് .
2012 ഏപ്രിലിലാണ് മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ കോടികൾ മുടക്കി പുതിയ പച്ചക്കറിമാര്‍ക്കറ്റ് കോടിമതയില്‍ ആരംഭിച്ചത്. പിന്നീട് കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികളും നവീകരണവും നടത്തിയിട്ടില്ല.