അഫ്‌ഗാനിൽ കനത്ത ജാഗ്രത; ഖൊറസാനി ഉൾപ്പെടെ 3 ടിടിപി കമാൻഡർമാർ കൊല്ലപ്പെട്ടു

Spread the love

കാബൂൾ: തെക്കുകിഴക്കൻ അഫ്ഗാനിസ്ഥാനിലുണ്ടായ സ്ഫോടനത്തിൽ ‘പാക്കിസ്ഥാനി താലിബാൻ’ എന്ന് അറിയപ്പെടുന്ന തെഹ്‌രിക് ഇ താലിബാൻ പാക്കിസ്ഥാന്റെ മൂന്ന് മുൻനിര കമാൻഡർമാർ കൊല്ലപ്പെട്ടു.

അഫ്ഗാൻ പ്രവിശ്യയായ പക്‌ടികയിലെ ബിർമൽ ജില്ലയിലുണ്ടായ സ്ഫോടനത്തിലാണ് അബ്ദുൽ വാലി എന്ന ഒമർ ഖാലിദ് ഖൊറസാനി, ഹാഫിസ് ദൗലത്, മുഫ്‌തി ഹസ്സൻ എന്നിവർ ഞായറാഴ്ച രാത്രിയുണ്ടായ കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ.

ഇവർ സഞ്ചരിച്ചിരുന്ന കാറിന്‍റെ ഡ്രൈവറും മരിച്ചവരിൽ ഉൾപ്പെടുന്നു. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റിന്‍റെ കൊടുംകുറ്റവാളിപ്പട്ടികയിലുള്ള ഖൊറസാനിയെക്കുറിച്ച് വിവരം നൽകുന്നവർക്ക് 3 മില്യൺ ഡോളർ വാഗ്ദാനം ചെയ്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഖൊറസാനിയുടെ മരണവാർത്ത സ്ഥിരീകരിച്ചതിനെ തുടർന്ന് അഫ്ഗാൻ തലസ്ഥാനമായ കാബൂൾ അതീവ ജാഗ്രതയിലാണ്. ചിലയിടങ്ങളിൽ മൊബൈൽ നെറ്റ് വർക്കുകൾ താറുമാറായി. ഇന്‍റർനെറ്റുമായി ബന്ധപ്പെട്ട സേവനങ്ങൾ താറുമാറായതായും റിപ്പോർട്ടുകളുണ്ട്. ഷിയാ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്നാണ് ചില റിപ്പോർട്ടുകൾ. ഖൊറസാനിയും സംഘവും സഞ്ചരിച്ചിരുന്ന കാർ റോഡരികിലെ ഖനിയിൽ ഇടിക്കുകയും സ്ഫോടനത്തിൽ പൂർണമായും തകർന്നതായും റിപ്പോർട്ട് ഉണ്ട്. അഫ്ഗാനിസ്ഥാനിലെ കുനാർ, നൻഗർഹാർ പ്രവിശ്യകൾ കേന്ദ്രീകരിച്ചാണ് ഖൊറസാനിയും സംഘവും പ്രവർത്തിച്ചുവന്നത്.

സമാധാന ചർച്ചകൾക്കായി പാകിസ്ഥാൻ അധികൃതർ ടിടിപി നേതൃത്വവുമായി ചർച്ച നടത്തുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് സ്ഫോടനത്തിൽ ഇവർ മരിച്ച വിവരം പുറത്തുവരുന്നത്. കഴിഞ്ഞ രണ്ട് മാസമായി വെടിനിർത്തൽ കരാർ പാകിസ്താൻ സൈന്യവും ടിടിപി നേതൃത്വവും തമ്മിൽ നിലനിന്നിരുന്നു. പാകിസ്ഥാൻ താലിബാന്‍റെ മുഹമ്മദ് വിഭാഗത്തിന്‍റെ ചുമതല ഖൊറസാനിക്കായിരുന്നു. സമീപകാലത്തുണ്ടായ നിരവധി വലിയ ആക്രമണങ്ങൾക്ക് പിന്നിലും അദ്ദേഹത്തിന്‍റെ പേരുണ്ടായിരുന്നു.