play-sharp-fill
ബോക്‌സിംഗ് ഡേ ടെസ്റ്റ്: ഇന്ത്യ ശക്തമായ നിലയിൽ; മെൽബണിലെ പേസിനെ പ്രതിരോധിച്ച് ഇന്ത്യൻ ബാറ്റിംഗ് നിര

ബോക്‌സിംഗ് ഡേ ടെസ്റ്റ്: ഇന്ത്യ ശക്തമായ നിലയിൽ; മെൽബണിലെ പേസിനെ പ്രതിരോധിച്ച് ഇന്ത്യൻ ബാറ്റിംഗ് നിര

സ്‌പോട്‌സ് ഡെസ്‌ക്

മെൽബൺ: ഓപ്പണിംഗിലെ പരീക്ഷണം പാളിയെങ്കിലും, ബോക്‌സിംഗ് ഡേ ടെസ്റ്റിൽ ഇന്ത്യ ശക്തമായ നിലയിൽ. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ 54 ഓവർ പിന്നിടുമ്പോൾ പരീക്ഷണ ഓപ്പണർമാരായ ഹനുമ വിഹാരിയുടെയും മായങ്ക് അഗർവാളിന്റെയും വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 123 റൺ നേടിയിട്ടുണ്ട്. മെൽബണിൽ ഓസീസ് പേസർമാരെ പ്രതിരോധിച്ച് നിൽക്കാൻ സാധിച്ചാൽ ഇന്ത്യയ്ക്ക് മികച്ച സ്‌കോർ നേടാനാവുമെന്ന് ഉറപ്പായി. ഒടുവിൽ വിവരം ലഭിക്കുമ്പോൾ 55 ഓവറിൽ രണ്ടിന് 123 റണ്ണാണ് ഇന്ത്യയുടെ സ്‌കോർ.
കഴിഞ്ഞ രണ്ടു ടെസ്റ്റുകളിലും പരാജയമായ ഓപ്പണിംഗ് ബാറ്റിംഗ് നിരയെ പൂർണമായും അഴിച്ചു പണിതാണ് ഇന്ത്യ മൂന്നാം ടെസ്റ്റിന് മെൽബണിൽ ഇറങ്ങിയത്. കെ.എൽ രാഹുലിനും, മുരളി വിജയ്ക്കും പകരം സ്പിന്നർ ഹനുമ വിഹാരിയും, മായങ്ക് അഗർവാളും ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണിംഗ് സഖ്യത്തിൽ ഇറങ്ങി. ആദ്യമായി ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണിംഗ് സഖ്യത്തിനിറങ്ങിയ വിഹാരിയും, അഗർവാളും നല്ല പോലെ പ്രതിരോധിച്ച് നിന്നു. 66 പന്തിലേറെ ഇന്ത്യയുടെ ഒന്നാം വിക്കറ്റ് കാത്ത വിഹാരി, 18.5 ഓവറിൽ സ്‌കോർ 40 ൽ നിൽക്കേ എട്ടു റണ്ണുമായി മടങ്ങുകയായിരുന്നു. കുമ്മിൻസിന്റെ പന്തിൽ ഫിഞ്ചിന് ക്യാച്ച് നൽകിയാണ് വിഹാരി മടങ്ങിയത്. പിന്നീട് എത്തിയ പൂജാര ഇതിലേറെ പ്രതിരോധമാണ് ഇന്ത്യയ്ക്ക് വേണ്ടി തീർക്കുന്നത്. സ്‌കോർ 123 ൽ നിൽക്കെ 161 പന്തിൽ 76 റണ്ണുമായി അഗർവാൾ ടിം പെയിന് ക്യാച്ച് നൽകി മടങ്ങി. കുമ്മിൻസിന് തന്നെയായിരുന്നു വിക്കറ്റ്. 102 പന്തിൽ 33 റണ്ണുമായി പൂജാരയും, ക്യാപ്റ്റൻ വിരാട് കോഹ്ലിയുമാണ് ഇപ്പോൾ ക്രീസിൽ.
ഇന്ത്യയ്ക്ക് വേണ്ടി മായങ്ക് അഗർവാൾ ആദ്യമായി ടെസ്റ്റ് ക്യാപ്പ് അണിയുകയാണ് ഇന്ന്. ഏകദിനത്തിലെ ട്രിപ്പിൾ സെഞ്ചറി വീരൻ രോഹിത് ശർമ്മയും മൂന്നാം ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്. മുഹമ്മദ് ഷമിയും, ഇഷാന്ത് ശർമ്മയും, ജസ്പ്രീത് ബുംറയുമാണ് ഇന്ത്യൻ പേസ് നിരയിലുള്ളത്. രവീന്ദ്ര ജഡേജയും ഹനുമ വിഹാരിയുമാണ് ഇന്ത്യയുടെ സ്പിൻ നിര.