
സ്വന്തം ലേഖിക
വെഞ്ഞാറമൂട്: സ്കേറ്റിങ് ബോര്‍ഡില്‍ യാത്ര ചെയ്യുന്നതിനിടെ ഹരിയാനയില്‍ അപകടത്തില്‍ മരിച്ച അനസ് ഹജാസി (31) ന് വിട നൽകി ജന്മനാട്.
സ്കേറ്റിങ് ബോര്‍ഡില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ പുറപ്പെട്ട മലയാളിയുടെ വിയോഗം സ്കേറ്റിങ് ഇഷ്ടപ്പെടുന്നവര്‍ക്ക് മാത്രമല്ല, അറിഞ്ഞവര്‍ക്കെല്ലാം ഞെട്ടല്‍ തന്നെ ആയിരുന്നു. കന്യാകുമാരിയില്‍ നിന്ന് കശ്മീരിലേക്കുള്ള സ്കേറ്റിങ് ബോര്‍ഡിലെ സാഹസിക യാത്ര അവസാനിക്കാന്‍ അഞ്ചുദിവസം മാത്രം ബാക്കി നില്‍ക്കെ ആയിരുന്നു അനസ് ആ അപകടത്തില്‍പ്പെട്ടത്. വെഞ്ഞാറമൂട് പുല്ലമ്ബാറ അഞ്ചാംകല്ല് പരിക്കപ്പാറ സുമയ്യ മന്‍സിലില്‍ അലിയാരുകുഞ്ഞ് – ഷൈലബീവി ദമ്ബതികളുടെ മകന് ആണ് അനസ്. കന്യാകുമാരിയില്‍ നിന്നു മെയ് 29ന് തുടങ്ങിയ യാത്രയ്ക്കാണ് വിധി വിരാമമിട്ടത്. 3600 കിലോമീറ്റര്‍ യാത്രയില്‍ ശേഷിക്കുന്നത് 300 കിലോമീറ്റര്‍ മാത്രമായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഹരിയാനയിലെ പഞ്ചകുളയില്‍ ട്രക്ക് ഇടിച്ചാണ് അപകടം സംഭവിച്ചതെന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. അനസ് ഹജാസ് ഹരിയാനയില്‍ പ്രവേശിച്ചപ്പോള്‍ പരിചയപ്പെട്ട മലയാളി സൈക്കിളിങ് താരങ്ങളാണ് ഉച്ചയോടെ ബന്ധുക്കളെ അപകട വിവരം അറിയിക്കുന്നത്. മൃതദേഹം കല്‍ക്ക സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അവിവാഹിതനാണ്. കംപ്യൂട്ടര്‍ സയന്‍സ് ബിരുദധാരിയായ അനസ് ടെക്നോ പാര്‍ക്കിലും പിന്നീട്, ബീഹാറിലെ സ്വകാര്യ സ്കൂളിലും ഉണ്ടായിരുന്ന ജോലി രാജിവച്ചാണ് സ്കേറ്റിങ് യാത്രകള്‍ക്ക് തുടക്കമിട്ടത്. അജിംഷ അമാനി, സുമയ്യ എന്നിവരാണ് സഹോദരങ്ങള്‍.
ബന്ധുക്കള്‍ ഹരിയാനയിലെത്തി ഏറ്റുവാങ്ങിയ മൃതദേഹം ഇന്നലെ രാവിലെ ചണ്ഡിഗഡില്‍ നിന്നു ചെന്നൈ വഴി വിമാന മാര്‍ഗം തിരുവനന്തപുരത്ത് എത്തിച്ചു. അവിടെ നിന്നു വിലാപയാത്രയായി പുല്ലമ്ബാറ മാമൂട് പഞ്ചായത്ത് സ്റ്റേഡിയത്തില്‍ എത്തിച്ച് പൊതു ദര്‍ശനത്തിനു വച്ചു.ഡി.കെ.മുരളി എംഎല്‍എ ഉള്‍പ്പെടെ ഒട്ടേറെപ്രമുഖര്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തി. വൈകിട്ട് 5 മണിയോടെ ചുള്ളാളം ജമാഅത്തില്‍ കബറടക്കം നടത്തി.
കേരള സമാജം തുണയായി
അനസ് ഹജാസിന്റെ അപകട മരണം സംഭവ ദിവസം വൈകിട്ടോടെയാണ് കേരള സമാജം ചണ്ഡിഗഡ് വിഭാഗത്തിനു ലഭിക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു.ഹരിയാനയിലെ കല്‍ക്ക എന്ന സ്ഥലത്ത് അപകടത്തില്‍പ്പെട്ട് മരിച്ച അനസ് ഹജാസിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ സമാജം ഭാരവാഹി ഷിബു തേറോട്ടില്‍ വഴി കല്‍ക്കയിലെ പ്രകാശ് എസ്.നായരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വിവിധ സ്ഥലങ്ങളിലുള്ള സമാജത്തിന്റെ പ്രവര്‍ത്തകര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു.ആശുപത്രി രേഖകള്‍ തയ്യാറാക്കല്‍, പോസ്റ്റ്മോര്‍ട്ടം, പൊലീസ് സ്റ്റേഷന് നടപടികള്‍,എംബാം ചെയ്യല്‍ തുടങ്ങിയവ വേഗത്തിലാക്കാന്‍ സമാജം തുണയായി.
വാഹനത്തിനു മതിയായ രേഖകളില്ല
സ്കേറ്റിങ് ബോര്‍ഡ് യാത്രക്കിടെ ഹരിയാനയിലെ കല്‍ക്കയില്‍ അപകടത്തില്‍ അനസ് ഹജാസ് മരിക്കാന്‍ കാരണമായ ട്രക്കിന് ഇന്‍ഷുറന്‍സ് ഉള്‍പ്പെടെ മതിയായ രേഖകളില്ലാത്ത വാഹനമാണെന്ന് അധികൃതരില്‍ നിന്നു വിവരം ലഭിച്ചുവെന്ന് ബന്ധുക്കള്‍ പറയുന്നു. ഇന്‍ഷുറന്‍സ് തുടര്‍ച്ചയായി മുടക്കമാണെന്ന് വാഹനത്തിന്റെ റജിസ്ട്രേഷന് നമ്ബര്‍ ഉപയോഗിച്ചു പരിശോധിച്ചപ്പോള്‍ മനസ്സിലാക്കുന്നുവെന്നാണു അധികൃതര്‍ പറയുന്നത്. അനസ് ഹജാസിനെ ഇടിച്ചിട്ട വാഹനം നിര്‍ത്താതെ പോകുകയായിരുന്നു.
വന്‍ വരവേല്‍പ്പ് നടത്താനിരുന്നവരെ തേടിയെത്തിയത് അപകടവിവരം
എല്ലാദിവസവും രാവിലെയും വൈകിട്ടും സമൂഹമാധ്യമത്തില്‍ യാത്രയുടെ സന്ദേശം അയക്കുന്നതായിരുന്നു അനസിന്റെ രീതി. അഞ്ചു ദിവസത്തികനം യാത്ര പൂര്‍ത്തിയാകും എന്ന സന്ദേശമാണ് അവസാനം വന്നത്. എന്നാല്‍ ഇന്നലെ രാവിലെ മുതല്‍ സന്ദേശം കാണാഞ്ഞതോടെ ബന്ധുക്കളും സുഹൃത്തുക്കളും പരിഭ്രാന്തരായി. തുടര്‍ന്നുള്ള അന്വേഷണത്തിനൊടുവിലാണ് ഹരിയാനയില്‍ നിന്നുള്ള സന്ദേശമെത്തുന്നത്. യാത്ര പൂര്‍ത്തിയാക്കിയാല്‍ ഏറ്റവും കൂടുതല്‍ ദൂരം സ്കേറ്റിങ് ബോര്‍ഡില്‍ യാത്ര ചെയ്ത ഏഷ്യയിലെ ആദ്യ വ്യക്തി എന്ന ബഹുമതി ലഭിക്കുമെന്ന് ഇദ്ദേഹം നാട്ടില്‍ സുഹൃത്തുക്കളോടു പറയുമായിരുന്നു. കശ്മീര്‍ യാത്ര പൂര്‍ത്തിയാക്കി മടങ്ങിയെത്തുമ്ബോള്‍ നാട്ടില്‍ വന്‍ വരവേല്പ് നടത്താന്‍ ഫീനിക്സ് ഗ്രന്ഥശാലയുടെ നേതൃത്വത്തില്‍ നാട്ടില്‍ തീരുമാനിച്ചിരിക്കെയാണ് ദുരന്തം
മധുരൈ, ബംഗളുരു, ഹൈദ്രാബാദ്,മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ പിന്നിട്ട് ഹരിയാനയില്‍ പ്രവേശിച്ചിട്ട് രണ്ടാഴ്ചയാകുന്നു. ഓരോ സംസ്ഥാനത്ത് പ്രവേശിക്കുമ്ബോഴും കടന്നുപോകുമ്ബോഴും സമൂഹമാധ്യമം വഴി വീഡിയോയും ചിത്രങ്ങളും സന്ദേശങ്ങളും അനസ് ഹജാസ് പ്രചരിപ്പിച്ചിരുന്നു. സ്കേറ്റിങ് ബോര്‍ഡ് യാത്ര ഹരമായി മാറിയ ഇദ്ദേഹം 3 വര്‍ഷം മുമ്ബാണ് സ്കേറ്റിങ് ബോര്‍ഡ് വാങ്ങുന്നത്. തുടര്‍ന്ന് സ്വന്തമായി പരിശീലനം ആരംഭിച്ചു. സ്കേറ്റിങ് ബോര്‍ഡില്‍ കയറാനും യാത്ര ചെയ്യാനും പരിശീലിക്കാന്‍ യു ട്യൂബിനെയും ആശ്രയിച്ചിരുന്നുവെന്നു സുഹൃത്തുക്കള്‍ പറയുന്നു.
സഫലമാകാതെ സ്വപ്നയാത്ര
സ്കേറ്റിങ്ങിനെ കുറിച്ച് ജനങ്ങള്‍ക്കിടയില്‍ അവബോധം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ഇക്കഴിഞ്ഞ മെയ് 29നാണ് അനസ് കന്യാകുമാരിയില്‍ നിന്നും കശ്മീരിലേക്കുള്ള യാത്ര പുറപ്പെട്ടത്. വിവിധ സംസ്ഥാനങ്ങള്‍ താണ്ടി ഹരിയാനയില്‍ എത്തി. ലക്ഷ്യസ്ഥാനമായ കശ്മീരിലെത്താന്‍ മൂന്നുദിവസം മാത്രം ശേഷിക്കെയാണ് അനസിന്റെ മടക്കം. തന്റെ യാത്രയുമായി ബന്ധപ്പെട്ട വിവരങ്ങളും ചിത്രങ്ങളും ഉള്‍പ്പെടെ അനസ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. കഴിഞ്ഞ ജൂലൈ 30ന് അമ്ബാലയിലെ ഗുരുദ്വാരയുടെ ചിത്രമാണ് ഏറ്റവുമൊടുവില്‍ പങ്കുവെച്ചത്.
മൂന്നുവര്‍ഷം മുമ്ബാണ് സ്കേറ്റിങ്ങിലേക്ക് അനസ് കടക്കുന്നത്. ആരുടെയും സഹായമില്ലാതെ സ്കേറ്റിങ് പഠിച്ച അനസ് കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ സ്കേറ്റ് ബോര്‍ഡിലൊരു യാത്രയെന്ന സ്വപ്നം കാണുകയായിരുന്നു. കമ്ബ്യൂട്ടര്‍ സയന്‍സ് ബിരുദം നേടിയ അനസ് ടെക്നോ പാര്‍ക്കിലും ബിഹാറിലെ സ്വകാര്യ സ്കൂളിലും ജോലി ചെയ്തിട്ടുണ്ട്. ഈ ജോലികളൊക്കെ ഉപേക്ഷിച്ചാണ് തന്റെ സ്വപ്നയാത്രക്ക് ഒരുങ്ങിയത്. യാത്ര പുറപ്പെടുന്നതിന് രണ്ട് ദിവസം മുമ്ബായിരുന്നു ഇതിനെ കുറിച്ച് ചിന്തിച്ചത്. പിന്നാലെ ഹെല്‍മെറ്റും രണ്ട് ജോഡ് വസ്ത്രവും ഷൂസുമെടുത്ത് യാത്ര പുറപ്പെടുകയായിരുന്നു. തുടക്കത്തില്‍ 100 കിലോമീറ്ററോളം യാത്ര ചെയ്തിരുന്ന അനസ് ആരോഗ്യം പരിഗണിച്ച് 30 കിലോമീറ്ററായി കുറച്ചിരുന്നു. കശ്മീരെന്ന സ്വപ്നം സഫലമായതിന് ശേഷം നേപ്പാള്‍, കംബോഡിയ, ഭൂട്ടാന് രാജ്യങ്ങള്‍ സന്ദര്‍ശിക്കാനായിരുന്നു പദ്ധതി. എന്നാല്‍ എല്ലാ സ്വപ്നങ്ങളും പാതി വഴിയില്‍ ബാക്കിയാക്കി അനസ് മടങ്ങുകയായിരുന്നു.



