
സ്വന്തം ലേഖിക
അഞ്ചാലുംമൂട്: നാടിനെ മുഴുവൻ ആശങ്കയിലാക്കി കായല്‍വാരത്ത് യുവാവിന്‍റെ ബാഗും ചെരിപ്പും കുറിപ്പും.
തുടര്‍ന്ന് യുവാവ് കായലില്‍ ചാടിയോയെന്ന ആശങ്കയില്‍ തിരച്ചില്‍ തുടങ്ങി. ഫയര്‍ഫോഴ്സും സ്കൂബാ ടീമും എത്തി മണിക്കൂറുകള്‍ നീണ്ട തിരച്ചില്‍. ഒടുവില്‍, അപകടമൊന്നും സംഭവിച്ചിട്ടില്ലെന്നതിന്‍റെ ആശ്വാസം. മതിലില്‍കുളങ്ങര കായല്‍വാരത്താണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മതിലിലെ സ്വകാര്യ കമ്പനിയുടെ സെയില്‍സ്മാനായി ജോലി നോക്കുന്ന യുവാവ് ഉച്ചയോടെ മതിലില്‍കുളങ്ങര ഭാഗത്ത് എത്തുകയും ജോലിയിലെ സമ്മര്‍ദം മൂലം താന്‍ ആത്മഹത്യചെയ്യാന്‍ പോകുകയാണെന്ന് കുറിപ്പ് എഴുതി വെക്കുകയും ചെയ്യുകയായിരുന്നു. ചെരിപ്പും ബാഗും കരയില്‍ ഉപേക്ഷിച്ച് കായലിലേക്ക് ഇറങ്ങിയെങ്കിലും സമീപത്ത് മീന്‍പിടിത്തത്തില്‍ ഏര്‍പ്പെട്ടിരുന്ന വള്ളക്കാര്‍ യുവാവിനെ കരക്കെത്തിച്ചു.
യുവാവ് വീണ്ടും കായലില്‍ ഇറങ്ങുന്നതു കണ്ട വള്ളക്കാര്‍ വീണ്ടും രക്ഷിച്ച് കരയിലെത്തിക്കുകയും ഇതാവര്‍ത്തിക്കരുതെന്ന് താക്കീത് നല്‍കി മടങ്ങുകയും ചെയ്തു.
ഇതിന് ശേഷം, ഇതുവഴി കടന്നുപോയ നാട്ടുകാരാണ് ബാഗും ചെരിപ്പും കുറിപ്പും കണ്ടത്. തുടര്‍ന്ന് അന്വേഷിച്ചപ്പോള്‍ യുവാവിന്‍റെ കാര്യം അറിയുകയും ചെയ്തു.
എന്നാല്‍, സമീപത്തെങ്ങും കണ്ടെത്താനായില്ല. കായലില്‍ ചാടിയതാകാമെന്ന നിഗമനത്തില്‍ നാട്ടുകാര്‍ പൊലീസിലും അഗ്നിരക്ഷാസേനയിലും വിവരമറിയിച്ചു. ചാമക്കടയില്‍നിന്നും കടപ്പാക്കടയില്‍നിന്നും രണ്ട് യൂനിറ്റ് അഗ്നിരക്ഷാസേനാംഗങ്ങള്‍ എത്തുകയും കടപ്പാക്കടയില്‍നിന്ന് സ്‌കൂബാ ടീം എത്തി മൂന്നു മണിക്കൂറോളം കായലില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
യുവാവ് കായലില്‍ വീണതാണോ എന്ന് ഉറപ്പില്ലാത്തതിനാല്‍ വൈകീട്ട് അഞ്ചോടെ തിരച്ചില്‍ അവസാനിപ്പിച്ച് പൊലീസും അഗ്നി രക്ഷാസേനയും തിരികെ പോയി. തുടര്‍ന്ന് നാട്ടുകാര്‍ സന്ധ്യയോടെ തിരച്ചില്‍ നടത്തുന്നതിനിടെ കുറ്റിക്കാട്ടില്‍നിന്ന് ഒരാളുടെ കരച്ചില്‍ കേട്ടു. പരിശോധിച്ചപ്പോഴാണ് കാട്ടില്‍ ഒളിച്ചിരിക്കുന്നനിലയില്‍ യുവാവിനെ കണ്ടെത്തിയത്. തുടര്‍ന്ന് യുവാവിനെ പുറത്തെത്തിച്ചപ്പോഴേക്കും ബോധരഹിതനായി വീണു. ഉടന്‍തന്നെ സമീപത്തെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
മതിലില്‍ വെങ്കേക്കര സ്വദേശിയാണ് 23കാരനായ യുവാവ്. ഇയാള്‍ മുൻപും ഇത്തരത്തില്‍ ആത്മഹത്യഭീഷണി മുഴക്കിയിട്ടുള്ളയാളാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. യുവാവിനെ കണ്ടെത്തിയതോടെ ഏഴു മണിക്കൂര്‍ നീണ്ട അനിശ്ചിതത്വത്തിനാണ് വിരാമമായത്.



