
ഡീസല്‍ പ്രതിസന്ധിയുടെ പേരില്‍ തൊഴിലാളികളെ ക്രൂരമായി പീഡിപ്പിക്കുന്ന മാനേജ്മെന്റും പിണറായി സര്‍ക്കാരും; മാസം 16 ഡ്യൂട്ടി തികയാത്ത ജീവനക്കാര്‍ക്ക് ശമ്പളം നല്‍കില്ലെന്ന ഉത്തരവിനിടയിൽ ട്രിപ്പുകൾ വെട്ടിക്കുറയ്ക്കുന്നു; കെഎസ്‌ആര്‍ടിസിയിലെ തൊഴിലാളികള്‍ നേരിടുന്നത് കേരളത്തില്‍ കേട്ടുകേള്‍വി പോലുമില്ലാത്ത ദുരിതം
തിരുവനന്തപുരം: ഡീസല്‍ പ്രതിസന്ധിയുടെ പേരില്‍ കെ എസ് ആർടിസി തൊഴിലാളികളെ ക്രൂരമായി പീഡിപ്പിക്കുന്ന സമീപനമാണ് മാനേജ്മെന്റും പിണറായി സര്‍ക്കാരും കൈക്കൊള്ളുന്നത്. ഡീസല്‍ പ്രതിസന്ധിയുടെ പേരില്‍ ട്രിപ്പുകള്‍ വെട്ടിക്കുറയ്ക്കുമ്പോഴും ജീവനക്കാര്‍ എല്ലാവരും അതത് ഡിപ്പോകളില്‍ രാവിലെ മുതല്‍ വൈകിട്ട് വരെ ഉണ്ടാകണം. സര്‍വീസ് നടത്തിയാല്‍ മാത്രമാകും ഡ്യൂട്ടി എഴുതുക.
മാസം 16 ഡ്യൂട്ടി തികയാത്ത ജീവനക്കാര്‍ക്ക് ശമ്പളം നല്‍കില്ലെന്ന ഉത്തരവും നിലവിലുണ്ട്. ഫലത്തില്‍ ഒരുമാസം തുടര്‍ച്ചയായി യൂണിഫോമുമിട്ട് ഡിപ്പോകളില്‍ കാവലിരുന്നാലും ഡ്യൂട്ടിയും ശമ്പളവും കിട്ടാത്ത സാഹചര്യത്തിലേക്കാണ് കെഎസ്‌ആര്‍ടിസി തൊഴിലാളികളെ സര്‍ക്കാരും മാനേജ്മെന്റും തള്ളിവിടുന്നത്.
ഡീസല്‍ ക്ഷാമത്തിന്റെ പേരിൽ ഇന്ന് 50 ശതമാനം സര്‍വീസുകളും നാളെ 25 ശതമാനം സര്‍വീസുകളും നടത്തുമ്പോള്‍ ഞായറാഴ്ച്ച പൂര്‍ണമായും സര്‍വീസുകള്‍ നിര്‍ത്തിവെക്കും. തിങ്കളാഴ്ച്ച മുതലുള്ള സര്‍വീസിനും വിചിത്രമായ നിര്‍ദ്ദേശമാണ് മാനേജ്മെന്റ് മുന്നോട്ട് വെച്ചിരിക്കുന്നത്. ഒരു കിലോമീറ്റര്‍ ഓടുമ്ബോള്‍ 35 രൂപക്ക് മുകളില്‍ വരുമാനം ലഭിക്കുന്ന എല്ലാ ട്രിപ്പുകളും ഓപ്പറേറ്റ് ചെയ്യുന്നതിനായി കളക്ഷനില്‍ നിന്നും ഡീസല്‍ അടിച്ച് സര്‍വീസ് നടത്താമെന്നാണ് സിഎംഡിയുടെ നിര്‍ദ്ദേശം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ട്രിപ്പിന് 35 രൂപ എങ്കിലും ഇ.പി. കെ.എം. (ഒരു കിലോമീറ്ററില്‍ നിന്നും ലഭിക്കുന്ന വരുമാനം) ലഭിക്കാത്ത ട്രിപ്പ് ഇത്തരത്തില്‍ കളക്ഷനില്‍ നിന്നും ഡീസല്‍ അടിച്ച് ഓപ്പറേറ്റ് ചെയ്താല്‍ യൂണിറ്റധികാരി വ്യക്തിപരമായി ഉത്തരവാദി ആയിരിക്കുന്നതാണെന്നും സിഎംഡി മുന്നറിയിപ്പ് നല്‍കുന്നു. ഫലത്തില്‍ കിലോമീറ്ററിന് 35 രൂപ ഉറപ്പില്ലാത്ത ഒരു സര്‍വീസും ഓപ്പറേറ്റ് ചെയ്യാന്‍ യൂണിറ്റ് അധികാരികള്‍ തയ്യാറാകില്ല.ഷെഡ്യൂളുകള്‍ ക്യാന്‍സല്‍ ആവുമ്ബോള്‍ 16 ഡ്യൂട്ടി തികയാത്തതിനാല്‍ തല്‍ക്കാലം ശമ്പളം നല്‍കേണ്ടി വരില്ല. അടുത്ത മാസത്തെ ശമ്പള വിതരണത്തില്‍ നിന്നും കുറച്ചധികം തൊഴിലാളികളെ മാറ്റി നിര്‍ത്താനാകുമെന്നും യൂണിയനുകള്‍ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, കഴിഞ്ഞ കാലങ്ങളില്‍ എംപാനല്‍ ജീവനക്കാര്‍ നേരിട്ട അതേ അവസ്ഥയാണ് തങ്ങളും നേരിടുന്നതെന്ന് കെഎസ്‌ആര്‍ടിസി തൊഴിലാളികള്‍ പറയുന്നു. രാവിലെ തന്നെ യൂണിഫോമും ധരിച്ച് ഡിപ്പോകളില്‍ കാവലിരിക്കണം. ഭാഗ്യമുണ്ടെങ്കില്‍ ട്രിപ്പ് കിട്ടും. ട്രിപ്പ് കിട്ടിയാല്‍ മാത്രം ഡ്യൂട്ടി എഴുതും. മാസം 16 ഡ്യൂട്ടി കിട്ടിയാല്‍ മാത്രം ശമ്ബളം ലഭിക്കും. ചുരുക്കത്തില്‍ ഒരു ഉറപ്പുമില്ലാതെ എല്ലാ ദിവസവും ഡിപ്പോകള്‍ക്ക് മുന്നില്‍ യൂണിഫോമും ധരിച്ച് കാവലിരിക്കേണ്ട അവസ്ഥ.
ചരിത്രത്തില്‍ ഇന്നുവരെ കെഎസ്‌ആര്‍ടിസി ഇത്തരം ഒരു പ്രതിസന്ധി നേരിട്ടിട്ടില്ല. 8391 ജീവനക്കാര്‍ക്ക് രണ്ട് മാസത്തെ ശമ്പളമാണ് ലഭിക്കാനുള്ളത്. 9200 ഡ്രൈവര്‍മാര്‍ക്കും 8600 കണ്ടക്ടര്‍മാര്‍ക്കും 269 ലാസ്റ്റ് ഗ്രേഡ് ജീവനക്കാര്‍ക്കും മാത്രമാണ് ജൂലൈ മാസം അവസാനമായപ്പോഴെങ്കിലും ജൂണ്‍ മാസത്തെ ശമ്ബളം ലഭിച്ചത്. ഉയര്‍ന്ന തസ്തികകളില്‍ ജോലി ചെയ്യുന്നവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ജൂണ്‍ മാസത്തെ ശമ്ബളം എന്ന് നല്‍കുമെന്ന് കൃത്യമായി പറയാന്‍ പോലും കെഎസ്‌ആര്‍ടിസി അധികൃതര്‍ക്ക് കഴിയുന്നില്ല.
കേരളത്തില്‍ മുന്‍കാലങ്ങളില്‍ മാസത്തിലെ അവസാന പ്രവര്‍ത്തി ദിനത്തില്‍ ശമ്ബളം നല്‍കുന്ന സ്ഥാപനമായിരുന്നു കെഎസ്‌ആര്‍ടിസി. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പോലും തൊട്ടടുത്ത മാസം ഒന്നാം തീയതി മുതല്‍ അഞ്ചാം തീയതിവരെയാണ് ശമ്പളം നല്‍കിയിരുന്നത്. സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ കെഎസ്‌ആര്‍ടിസിയില്‍ പിന്നീട് ശമ്പള വിതരണത്തിന്റെ തീയതി നീണ്ടുപോയിരുന്നു. എന്നാല്‍ ഒരിക്കല്‍ പോലും രണ്ട് മാസത്തെ ശമ്ബളം കുടിശികയാകുന്ന സാഹചര്യം സര്‍ക്കാരോ മാനേജ്മെന്റോ സൃഷ്ടിച്ചിരുന്നില്ല.വൈദ്യുതി ബില്ല് മുതല്‍ എല്ലാം കുടിശികയാണ്. അടുത്ത മാസം അവസാനം ഓണം വരുന്നു. ഇതിനെല്ലാം പണം വേണം. എന്നാല്‍, കുടിശികയായ രണ്ട് മാസത്തെ ശമ്ബളം എന്ന് നല്‍കും എന്ന കാര്യത്തില്‍ കെഎസ്‌ആര്‍ടിസി മാനേജ്മെന്റും സര്‍ക്കാരും മൗനം പാലിക്കുകയാണ്.