വാജ്പേയി ഒപ്പമില്ലെന്ന് വിശ്വസിക്കാൻ ഇപ്പോഴും കഴിയുന്നില്ല; വാജ്‌പേയിയുടെ ഓർമയ്ക്ക് 100 രൂപ നാണയം പുറത്തിറക്കി നരേന്ദ്ര മോദി
സ്വന്തം ലേഖകൻ
ഡൽഹി: അന്തരിച്ച മുൻ പ്രധാനമന്ത്രി അടൽബിഹാരി വാജ്‌പേയിയുടെ ഓർമ്മയ്ക്ക് കേന്ദ്രസർക്കാർ 100 രൂപാ നാണയം പുറത്തിറക്കി. വാജ്‌പേയി തങ്ങളോടൊപ്പമില്ലെന്ന് വിശ്വസിക്കാൻ മനസ് ഇനിയും തയ്യാറായിട്ടില്ലെന്ന് നാണയം പുറത്തിറക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. സമൂഹത്തിലെ എല്ലാ വിഭാഗം ആളുകളും സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്ത അതികായനായിരുന്നു. പ്രതിപക്ഷത്തിരുന്നപ്പോളും വാജ്‌പേയ് ജനങ്ങൾക്ക് വേണ്ടി ശബ്ദമുയർത്തിയെന്നും മോദി ചൂണ്ടിക്കാണിച്ചു. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ, എൽ കെ അദ്വാനി തുടങ്ങിയ ബിജെപി നേതാക്കളും അരുൺ ജെയ്റ്റ്‌ലി ഉൾപ്പെടെയുള്ള കേന്ദ്രമന്ത്രിമാരും ചടങ്ങിൽ സന്നിഹിതരായിരുന്നു. നാണയത്തിൽ വാജ്‌പേയിയുടെ ചിത്രത്തോടൊപ്പം ഹിന്ദിയിലും ഇംഗ്ലീഷിലും പേര് ആലേഖനം ചെയ്തിട്ടുണ്ട്. 35 ഗ്രാം ഭാരമുള്ള നാണയത്തിൽ വാജ്‌പേയി ജനിച്ച വർഷമായ 1924ഉം അന്തരിച്ച വർഷമായ 2018ഉം നൽകിയിട്ടുണ്ട്.