ബിടിഎസ് വീണ്ടും ഒരുമിക്കുന്നു: ഒത്തുചേരൽ പുതിയ ആൽബത്തിനായി

ബിടിഎസ് വീണ്ടും ഒരുമിക്കുന്നു: ഒത്തുചേരൽ പുതിയ ആൽബത്തിനായി

ലോകപ്രശസ്തമായ ഒരു കൊറിയൻ മ്യൂസിക് ബാൻഡായ ബിടിഎസിന് ഇന്ത്യയിലും ധാരാളം ആരാധകരുണ്ട്. ഇവരുടെ വേർപിരിയൽ വാർത്തയും അതിന് പിന്നിലെ വസ്തുതകളും സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. എന്നാൽ ബിടിഎസിന് ഇപ്പോൾ മുഴുവൻ ആരാധകരെയും സന്തോഷിപ്പിക്കുന്ന വാർത്ത പങ്കിടാനുണ്ട്.

ഫിഫ ലോകകപ്പിന്‍റെ പ്രമോഷണൽ ഗാനത്തിനായി ടീം വീണ്ടും ഒന്നിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. ‘ഗോൾ ഓഫ് ദ് സെഞ്ചുറി’ എന്ന കാമ്പയിന്‍റെ ഭാഗമായാണ് ബിടിഎസ് വീണ്ടും ഒരുമിക്കുന്നത്. ഫുട്ബോൾ ഐക്കൺ സ്റ്റീവ് ജെറാർഡ്, കൊറിയൻ ദേശീയ ഫുട്ബോൾ ടീം ക്യാപ്റ്റൻ പാർക്ക് ജിസുങ്, യുനെസ്കോ അംബാസിഡർ നദിയ നദീം, ഫാഷൻ ഡിസൈനർ ജെറമി സ്കോട്ട്, പ്രശസ്ത ശിൽപി ലോറൻസോ ക്വിൻ എന്നിവരോടൊപ്പമാണ് ബിടിഎസ് അവരുടെ ഏറ്റവും പുതിയ ആൽബം അവതരിപ്പിക്കുന്നത്. ഈ വാർത്ത കേട്ടതിന്‍റെ സന്തോഷത്തിലാണ് ആരാധകർ . സംഗീത ലോകം ഒന്നടങ്കം അവരുടെ പുതിയ ഗാനത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

ലോകകപ്പിന്‍റെ ഉദ്ഘാടനച്ചടങ്ങിൽ ബിടിഎസ് കളിക്കാർ അതിഥികളാകുമെന്ന പ്രതീക്ഷയും ഇത് പങ്കുവെക്കുന്നുണ്ട്. എന്നാൽ ആൽബം എപ്പോൾ പുറത്തിറക്കുമെന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. അടുത്തിടെ, വേൾഡ് എക്സ്പോയുടെ അംബാസഡർമാരായി ബിടിഎസിനെ പ്രഖ്യപിച്ചത് ആര്‍മി ഏറ്റെടുത്തിരുന്നു. ബിടിഎസിന്‍റെ വേർപിരിയൽ വാർത്തയെത്തുടർന്ന്, തങ്ങൾ വേർപിരിയുകയല്ല, പകരം സോളോ ആല്‍ബങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്ന് താരങ്ങൾ പ്രഖ്യാപിച്ചിരുന്നു.