പ്രളയം തകർത്ത കൂട്ടിക്കൽ പഞ്ചായത്തിൽ പാറമടകളുടെ പ്രവർത്തനം നിരോധിച്ചുവെന്ന് കളക്ടർ; റോഡ് പണിയുടെ മറവിൽ നൂറുകണക്കിന് ലോഡ് പാറ പൊട്ടിച്ച് കടത്തുന്നുവെന്ന് നാട്ടുകാർ; കൂട്ടിക്കലിലും, കൊക്കയാറിലുമുണ്ടായ പ്രളയത്തിൽ നഷ്ടമായത് ഇരുപതിലധികം ജീവനുകൾ ; 2021 ൽ മാത്രം കോഴ വാങ്ങി ജില്ലയിൽ അനുമതി നല്കിയത് പത്ത് പാറമടകൾക്ക്; ജനങ്ങളുടെ ജീവന് പുല്ല് വില കല്പിച്ച് ജില്ലാ ഭരണകൂടം; കൂട്ടിക്കലിലെ അനധികൃത പാറ ഖനനത്തിന് പിന്നിൽ കോട്ടയം കളക്ട്രേറ്റ് കേന്ദ്രീകരിച്ച് നടക്കുന്നത് തീവെട്ടികൊള്ള
സ്വന്തം ലേഖകൻ
കോട്ടയം: പ്രളയം തകർത്ത കൂട്ടിക്കൽ പഞ്ചായത്തിൽ പാറമടകളുടെ പ്രവർത്തനം നിരോധിച്ചുവെന്ന് കളക്ടറുടെ ഉത്തരവ് നിലനില്ക്കുമ്പോഴും റോഡ് പണിയുടെ മറവിൽ നൂറുകണക്കിന് ലോഡ് പാറ പൊട്ടിച്ച് കടത്തുന്നുവെന്ന് നാട്ടുകാരുടെ പരാതി. കൂട്ടിക്കലിലെ അനധികൃത പാറമടയുടെ പ്രവർത്തനം 16/07/2022 ൽ നിരോധിച്ചുകൊണ്ട് കളക്ടർ ഉത്തരവിട്ടിരുന്നു. എന്നാൽ റോഡ് പണിയുടെ മറവിൽ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നൂറുകണക്കിന് ലോഡ് പാറയാണ് പൊട്ടിച്ചു കടത്തുന്നത്. ഈ അനധികൃത ഇടപാട് അറിയാമെങ്കിലും തഹസിൽദാർ അടക്കമുള്ളവർ മൗനം പാലിക്കുകയാണ്.
കൂട്ടിക്കല്‍ പഞ്ചായത്തിലെ മൂന്നാം വാര്‍ഡിൽ കാവാലിയില്‍ റോഡ് പണിയുടെ മറവിൽ അനധികൃതമായി പാറമട സ്ഥാപിച്ച് ലോഡ്കണക്കിന് പാറപൊട്ടിച്ച് കടത്തുകയാണ്. ഇതിന് പ്രദേശത്തെ രാഷ്ട്രീയ നേതാക്കളുടെ ഒത്താശയുമുണ്ട്. കൂട്ടിക്കല്‍ കാവാലി ചോലത്തടം റോഡ് പണിയുടെ മറവിലാണ് പാറമട പ്രവര്‍ത്തിക്കുന്നത്. ഇവിടെ നിന്നും പൊട്ടിക്കുന്ന പാറ ക്രഷര്‍ യൂണിറ്റിലെത്തിച്ച് മെറ്റലാക്കി മറിച്ചു വില്ക്കുകയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രളയം തകർത്ത കൂട്ടിക്കലിന്റെ കണ്ണീര് ഇന്നും വറ്റിയിട്ടില്ല. കഴിഞ്ഞ നവംബറിൽ ഈ മലയോര ഗ്രാമത്തിൻ്റെ ഹൃദയം പിളർത്തിക്കൊണ്ട് പ്രകൃതീദുരന്തം ഇരുപതിലധികം ജീവനുകളാണ് കവർന്നെടുത്തത്. പ്രളയം ദുരന്തം വിതച്ച പരിസ്‌ഥിതി ലോല മേഖലയായ കൂട്ടിക്കല്‍വില്ലേജിൽ പാറമടകള്‍ വീണ്ടും സജീവമായത് ദുരന്തത്തിൽ നിന്ന് അധികൃതരോ ജനങ്ങളോ ഒരു പാഠവും പഠിച്ചില്ലന്ന് വ്യക്തമാക്കുന്നു.
പരിസ്ഥിതിലോല പ്രദേശത്തെ പച്ചപ്പുകള്‍ നശിപ്പിച്ച് കുന്നുകള്‍ ഇടിച്ചു നിരത്തി പ്രവര്‍ത്തിക്കുന്ന ക്വാറികളുടെ എണ്ണമെടുത്താല്‍ മതി ഇത്തരമൊരു ദുരന്തത്തിന് പാതയൊരുക്കിയത് ആരെന്നറിയാന്‍.
2021 ജനുവരി 1 മുതൽ 2022 ഏപ്രിൽ 30 വരെ കോട്ടയം ജില്ലയിൽ പത്ത് ക്വാറി യൂണിറ്റുകൾക്കാണ് അനുമതി നല്കിയതെന്ന് തേർഡ് ഐ ന്യൂസ് നല്കിയ വിവരാവകാശ അപേക്ഷയ്ക്ക് ജില്ലാ ഭരണകൂടം നില്കിയ മറുപടിയിൽ വ്യക്തമാക്കുന്നു .
ആനിക്കാട്, മാക്കിൽപടി, പയപ്പാർ, നെടുംങ്കുന്നം, കുറിച്ചിത്താനം, കൊച്ചുപാലപ്ര , ഉള്ളനാട് എന്നീ സ്ഥലങ്ങളിലാണ് പാറമടകൾ അനുവദിച്ചത്.
ചെറുതും വലുതുമായ നൂറോളം ഉരുള്‍പൊട്ടലുകളാണ് കൂട്ടിക്കൽ , കൊക്കയാർ പ്രദേശത്തെ താറുമാറാക്കിയത്. പരിസ്ഥിതിലോല മേഖലയായ കൂട്ടിക്കല്‍ നേരിടുന്ന പാരിസ്ഥിതികവെല്ലുവിളികളും ഭീഷണികളും സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് ആറ് വര്‍ഷം മുമ്പേ ചൂണ്ടിക്കാട്ടിയതാണ്. എന്നാല്‍ സര്‍ക്കാര്‍ ഉള്‍പ്പെടെ ആരും ഗൗനിച്ചില്ല.
പ്രകൃതി സംഹാര താണ്ഡവമാടിയതിന് വളരെ മുൻപേ പ്രവര്‍ത്തിച്ച് വരുന്ന ഇളംകാട് വല്യേന്തയിലെ പാറമടയുടെ പ്രവര്‍ത്തനം നിര്‍ത്തിക്കാന്‍ ദുരന്തം നടന്ന് അഞ്ചാം നാള്‍ ജില്ലാ കളക്ടര്‍ തന്നെ നേരിട്ട് എത്തിയിരുന്നു. ദുരന്തത്തിന്റെ ആക്കം കൂട്ടിയതിനു പിന്നില്‍ പാറമടയുടെ പ്രവര്‍ത്തനമാണ് എന്നാണ് ജനങ്ങള്‍ കരുതുന്നത് പരിസ്‌ഥിതി ലോല പ്രദേശ പട്ടികയിലുളള ഇവിടെ പാറമടയുടെ പ്രവര്‍ത്തനം സംബന്ധിച്ചു തര്‍ക്കങ്ങളും പ്രശ്‌നങ്ങളും നിലനിന്നിരുന്നു.
റവന്യൂ വകുപ്പ് കോഴ വാങ്ങി ക്വാറികൾക്ക് പ്രവർത്തനാനുമതി നല്കിയെന്നും അത് നാടിനെ ദുരിതത്തിലാക്കിയെന്നും നാട്ടുകാരുടെ പരാതിയുണ്ട്. പാറമട സജീവമായതോടെ ദുരന്തം ഏതു നിമിഷവും സംഭവിക്കാം എന്ന ഭീതിയിലാണ് നാട്ടുകാര്‍. രണ്ടുദിവസമായി പെയ്യുന്ന പെരുമഴയിൽ കൂട്ടിക്കലും മുണ്ടക്കയത്തും, എരുമേലിയിലുമെല്ലാം വ്യാപക വെള്ളപ്പൊക്കമാണ്. ഏത് സമയവും ദുരന്തമുണ്ടാകാമെന്ന ഭീതിയിലാണ് ജനങ്ങൾ.