ഞാൻ ഒളിവിൽ, സ്വർണ്ണം തട്ടിയെടുത്തത് ഷെമീർ; സ്വർണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ടു പോയ ഇർഷാദിന്റെ വീഡിയോ സന്ദേശം പുറത്ത്
സ്വന്തം ലേഖിക
കോഴിക്കോട് : കോഴിക്കോട് പന്തിരിക്കരയിൽ നിന്നും സ്വർണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ടു പോയ ഇർഷാദിന്റെ വീഡിയോ സന്ദേശം പുറത്ത്. ഷമീറാണ് സ്വർണ്ണം തട്ടിയെടുത്തതെന്നും താൻ ഒളിവിലെന്നുമാണ് ഇർഷാദ് വീഡിയോയിൽ പറയുന്നത്.ഷെമീറിനോട് യഥാർത്ഥ സംഘത്തിന് സ്വർണ്ണം തിരികെ നൽകാനാവശ്യപ്പെട്ടിട്ടും നൽകിയില്ല.
വയനാട്ടിലെ റൂമിലാണ് താൻ നിലവിലുള്ളതെന്നും ഇർഷാദിന്റെ വീഡിയോയിലുണ്ട്. എന്നാൽ പുറത്ത് വന്ന ഈ വീഡിയോ ഇർഷാദിനെ സ്വർണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ട് പോകുന്നതിനു മുമ്പുള്ളതാണെന്നാണ് പൊലീസ് വിശദീകരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ദുബായിൽ നിന്ന് ഇക്കഴിഞ്ഞ മേയ് മാസത്തിലാണ് ഇർഷാദ് നാട്ടിലെത്തുന്നത്. അതിന് ശേഷം കോഴിക്കോട് നഗരത്തിൽ ജോലി ചെയ്യുകയായിരുന്നു. ഈ മാസം ആറിനാണ് അവസാനമായി ഇയാൾ വീട്ടിലേക്ക് വിളിച്ചത്.
പിന്നീട് ഒരു വിവരവുമില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. ഇതിനിടെ, വിദേശത്തുള്ള സഹോദരന്റെ ഫോണിലേക്ക് വാട്സ്ആപ് വഴി ഭീഷണി സന്ദേശം എത്തി. ഇർഷാദിനെ കെട്ടിയിട്ട ഫോട്ടോയും സംഘം സഹോദരന്റെ ഫോണിലേക്ക് അയച്ചുകൊടുത്തു. ദുബായിൽ നിന്ന് വന്ന ഇർഷാദിന്റെ കയ്യിൽ കൊടുത്തു വിട്ട സ്വർണ്ണം തിരികെ വേണമെന്നും ഇല്ലെങ്കിൽ കൊന്നുകളയുമെന്നുമാണ് ഇവരുടെ ഭീഷണി.