മഹീന്ദ്ര എക്സ് യു വി 300 വിപണിയിലേക്ക്
സ്വന്തം ലേഖകൻ
കൊച്ചി: 2019 ഫെബ്രുവരിയിൽ മഹീന്ദ്ര എക്സ്യുവി 300 പുറത്തിറക്കുമെന്ന് റിപ്പോർട്ട്. മഹീന്ദ്രയുടെ ഓൾ-ന്യൂ സബ്കോംപാക്റ്റ് എസ്യുവി അനാവരണം ചെയ്തു. എസ് 201 എന്ന കോഡ്നാമത്തിലാണ് ഇതുവരെ അറിയപ്പെട്ടിരുന്നത്. എന്നാൽ, എക്സ് യു വി 300 എന്ന പേരിലാണ് ഇപ്പോൾ വാഹനം പ്രത്യക്ഷപ്പെട്ടത്. ഫോഡ് ഇക്കോസ്പോർട്, മാരുതി സുസുകി വിറ്റാര ബ്രെസ്സ എന്നിവയാണ് മഹീന്ദ്ര എക്സ്യുവി 300 സബ്കോംപാക്റ്റ് എസ്യുവിയുടെ എതിരാളികൾ. നാല് മീറ്ററിൽ താഴെ നീളം വരുന്ന മൂന്നാമത്തെ മഹീന്ദ്ര എസ്യുവിയാണ് എക്സ്യുവി 300. ആദ്യ രണ്ട് എസ്യുവികൾ ടിയുവി 300, നുവോസ്പോർട് എന്നിവയാണ്. ഈ രണ്ട് മോഡലുകളുടെയും മുന്നിലായിരിക്കും പുതിയ സബ്കോംപാക്റ്റ് എസ്യുവിയുടെ സ്ഥാനം.
മഹീന്ദ്ര എക്സ്യുവി 300 അടിസ്ഥാനമാക്കുന്നത് സാംഗ്യോംഗ് ടിവോലി ഉപയോഗിക്കുന്ന എക്സ് 100 പ്ലാറ്റ്ഫോമാണ്. മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഉടമസ്ഥതയിലുള്ള ദക്ഷിണ കൊറിയൻ കമ്പനിയായ സാംഗ്യോംഗ് മോട്ടോറിന്റെ മിനി എസ്യുവിയാണ് ടിവോലി. ബ്രേക്ക് ലൈറ്റുകൾ സഹിതം റൂഫ് മൗണ്ടഡ് സ്പോയ്ലർ, സിൽവർ സ്‌കിഡ്പ്ലേറ്റ് സഹിതം കരുത്തുറ്റ റിയർ ബംപർ എന്നിവയാണ് പിൻവശത്തെ സവിശേഷതകൾ. റൂഫ് റെയിലുകൾ ലഭ്യമാണ്. എൻജിൻ വിവരങ്ങൾ കമ്പനി വെളിപ്പെടുത്തിയില്ല. എന്നാൽ പെട്രോൾ, ഡീസൽ എൻജിൻ ഓപ്ഷനുകളിൽ മഹീന്ദ്ര എക്സ്യുവി 300 ലഭിക്കും. നാസിക് പ്ലാന്റിലാണ് ഉൽപ്പാദനമെന്ന് മഹീന്ദ്ര അറിയിച്ചു. ഇന്ത്യൻ സുരക്ഷാ മാനദണ്ഡങ്ങൾ മഹീന്ദ്ര എക്സ്യുവി 300 പാലിക്കും. ആൻഡ്രോയ്ഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റി പ്രതീക്ഷിക്കുന്നു. ഡാഷ്ബോർഡിന്റെ രണ്ടറ്റങ്ങളിലും ക്രോം ബെസലുകളോടെ വലിയ എസി വെന്റുകൾ ലഭിക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group