അക്രമികള്‍ പകുതി കൊന്ന ഒരു മനുഷ്യനെ നാലുവര്‍ഷം ഭരണകൂടവും സഹപ്രവര്‍ത്തകരും സ്വന്തം മതത്തിലെ പുരോഹിതരും കൊല്ലാക്കൊല ചെയ്ത കഥ; പ്രവാചകനിന്ദ നടത്തിയെന്ന പേരില്‍ മതമൗലികവാദികള്‍ വലം കൈ വെട്ടിമാറ്റിയപ്പോള്‍ ഇടം കൈ കൊണ്ട് എഴുതിത്തീര്‍ത്ത ജീവിതക്കഥ; കേരള സാഹിത്യ അക്കാദമി അവാര്‍ഡുകളില്‍ മികച്ച ആത്മകഥയ്ക്കുള്ള പുരസ്കാരം സ്വന്തമാക്കുമ്പോൾ ചർച്ചയായി ജോസഫ് മാഷിൻ്റെ “അറ്റുപോകാത്ത ജീവിതങ്ങൾ”….!

Spread the love

സ്വന്തം ലേഖിക

തൊടുപുഴ: അക്രമികള്‍ പകുതി കൊന്ന ഒരു മനുഷ്യനെ നാലുവര്‍ഷം വിടാതെ പിന്തുടര്‍ന്ന് ഭരണകൂടവും സഹപ്രവര്‍ത്തകരും സ്വന്തം മതത്തിലെ പുരോഹിതരും ചേര്‍ന്ന് കൊല്ലാക്കൊല ചെയ്തതിന്റെ കഥയാണ് ജോസഫ് മാഷിന്റെ ജീവിതം.

പ്രവാചകനിന്ദ നടത്തിയെന്ന പേരില്‍ മതമൗലികവാദികള്‍ വലം കൈ വെട്ടിമാറ്റിയപ്പോള്‍ ഇടം കൈ കൊണ്ട് എഴുതിത്തീര്‍ത്തതാണ്
തൊടുപുഴ ന്യൂമാന്‍ കോളേജ് അധ്യാപകനായിരുന്ന ജോസഫ് മാഷ് തൻ്റെ ആത്മകഥയായ ‘അറ്റുപോകാത്ത ഓര്‍മ്മകള്‍’. ആരുടെ മുന്നിലും തോല്‍ക്കാതെ എഴുതിയ ആ പുസ്തകത്തിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡുകളില്‍ മികച്ച ആത്മകഥയ്ക്കുള്ള പുരസ്കാരം ലഭിച്ചതോടെ വീണ്ടും ചര്‍ച്ചകളില്‍ നിറയുകയാണ് അദ്ദേഹത്തിന്റെ ജീവിതവും കേരളത്തെ ഞെട്ടിച്ച സംഭവവികാസങ്ങളും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആക്രമണത്തില്‍ അറ്റുപോയതിനെ തുടര്‍ന്ന് തുന്നിപ്പിടിപ്പിച്ച വലതുകൈക്ക് ഭാഗിക ചലനശേഷി മാത്രമുള്ളതിനാല്‍ അദ്ദേഹം ഇടതുകൈകൊണ്ട് എഴുതാന്‍ തുടങ്ങുകയായിരുന്നു. അങ്ങനെ അദ്ദേഹം എഴുതിയ അറ്റുപോവാത്ത ഓര്‍മ്മകള്‍ എന്ന ആത്മകഥ ബെസ്റ്റ് സെല്ലറായി മാറുകയായിരുന്നു. ഇംഗ്ലീഷിലും തൗസന്‍ഡ് കട്ട്സ് എന്ന പേരില്‍ ഇറങ്ങിയ ആ പുസ്തകം ഏറെ ശ്രദ്ധപിടിച്ചു പറ്റി.

അദ്ദേഹത്തിന് ഇപ്പോള്‍ രണ്ടുകൈകൊണ്ടും എഴുതാന്‍ കഴിയുന്നുണ്ട്. എന്തിനധികം ഏറെ ശ്രമപ്പെട്ട് സ്വന്തമായ വണ്ടിയോടിക്കാനും മാഷിന് കഴിയും. സ്വന്തം മാരുതികാറില്‍, മുന്നില്‍ ഗണ്‍മാനെയും ഇരുത്തി വണ്ടിയോടിച്ചുപോകുന്ന ജോസഫ് മാഷിനെ എല്ലാവരും അതിശയത്തോടെയാണ് കാണുന്നത്. ശരിക്കും അസാധാണമായ അതിജീവന കഥയാണ് അദ്ദേഹത്തിന്റേത്.

രണ്ടു ഭാഗമുണ്ട് അദ്ദേത്തിന്റെ ആ പുസ്തകത്തിന്. 2010 മാര്‍ച്ച്‌ 19 മുതല്‍ 2014 മാര്‍ച്ച്‌ 19 വരെ നാലുവര്‍ഷം നീണ്ടുനിന്ന സംഭവപരമ്പര സൃഷ്ടിച്ചുനല്‍കിയ കഷ്ടാനുഭവങ്ങളുടെ പൊള്ളിക്കുന്ന ആവിഷ്‌ക്കാരമാണ് ഒന്നാം ഭാഗം. രണ്ടാം ഭാഗം അതിനുമുന്‍പും പിന്‍പുമുള്ള കാലത്ത് ജീവിതം തനിക്കെന്തായിരുന്നുവെന്നതിന്റെ അതീവ ഹൃദ്യമായ ചില ആഖ്യാനങ്ങളുമാണ്.

2010 മാര്‍ച്ച്‌ മാസത്തിലായിരുന്നു തൊടുപുഴ ന്യൂമാന്‍ കോളേജിലെ രണ്ടാം സെമസ്റ്റര്‍ ബി.കോം വിദ്യാര്‍ത്ഥികളുടെ ഇന്റേണല്‍ പരീക്ഷക്ക്, ജോസഫും സഹപ്രവര്‍ത്തകനും ചേര്‍ന്നു തയ്യാറാക്കിയ ചോദ്യപേപ്പറില്‍, സര്‍വകലാശാല നിര്‍ദ്ദേശിച്ചിട്ടുള്ള പുസ്തകത്തില്‍ നിന്നൊരു ഭാഗം മുന്‍നിര്‍ത്തിയുണ്ടാക്കിയ ഒരു ചോദ്യം ‘പ്രവാചകനെ’ നിന്ദിക്കുന്നതാണെന്നു ചിത്രീകരിക്കപ്പെട്ടതും വിവാദമായതും. മതഭീകരവാദികളുടെ കൊലവിളി കേരളത്തെ വെറുങ്ങലിപ്പിച്ചു. ലോകമെങ്ങും വളര്‍ന്നുകൊണ്ടിരുന്ന ഇസ്ലാമോഫോബിയയുടെ പശ്ചാത്തലത്തില്‍ ഏറ്റവും പ്രകോപനപരവും സ്‌ഫോടനാത്മകവുമായ വര്‍ഗീയസംഘര്‍ഷത്തിനു രൂപം കൊടുക്കാന്‍ കഴിയുന്നതായിരുന്നു,
‘പ്രവാചകനിന്ദ’ എന്ന പ്രയോഗം.

പക്വതയോ വിവേകമോ അക്കാദമികമായ ആത്മവിശ്വാസമോ സാമാന്യബുദ്ധിപോലുമോ ഇല്ലാതെ പ്രശ്‌നം കൈകാര്യം ചെയ്ത് വഷളാക്കിയ കോളേജ് മാനേജ്‌മെന്റ് തീവ്രവാദികളുടെ അജണ്ടയില്‍ എണ്ണപകര്‍ന്നു. ഭരണകൂടം തരംപോലെ മതമൗലികവാദികള്‍ക്കു കുട പിടിച്ചു. ഒറ്റദിവസംകൊണ്ടുതന്നെ സംഭവങ്ങള്‍ കൈവിട്ടുപോയി. പൊലീസിന്റെ അറസ്റ്റും മതാന്ധരുടെ ആക്രമണവും ഭയന്ന് ജോസഫ് നാടുവിട്ടു.
ഭയത്തിന്റെ നിഴലിലും പലായനങ്ങളുടെ നിസ്സഹായതയിലും അസാധാരണമായ ആത്മസ്ഥൈര്യമുണ്ടായിരുന്നു, ജോസഫിന്.

തന്റെ ആത്മകഥയുടെ ഒന്നാംഭാഗം ജോസഫ് ആരംഭിക്കുന്നത് ശിഷ്യനും പിന്നീട് സഹപ്രവര്‍ത്തകനുമായ ഒരു പുരോഹിതനില്‍ നിന്നാണ്. അവസാനിപ്പിക്കുന്നത് ജയില്‍വാര്‍ഡനായിത്തീരുന്ന മറ്റൊരു ശിഷ്യനിലും. രണ്ടാം ഭാഗത്തെ ഏറ്റവും ഹൃദയസ്പര്‍ശിയായ ആഖ്യാനങ്ങള്‍ പലതും പ്രിയപ്പെട്ട ശിഷ്യരെക്കുറിച്ചുള്ള അത്യധികം മാനുഷികമായ ഓര്‍മകളുമാണ്.

ചോദ്യപേപ്പര്‍ പുറത്തുകൊണ്ടുപോയി മതതീവ്രവാദികള്‍ക്കു നല്‍കി പ്രവാചകനിന്ദ അതിലുണ്ട് എന്നുവരുത്തി ഈ ദുരന്തങ്ങള്‍ക്കെല്ലാം നിമിത്തമായതും ദുരിതകാലങ്ങളില്‍ അദ്ദേഹത്തെ നിഷ്‌ക്കരുണം തള്ളിപ്പറഞ്ഞതും ഏതെങ്കിലും ശിഷ്യര്‍ തന്നെയായിരിക്കുമല്ലോ (അവരിലൊരാള്‍ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനുമായിരുന്നു). ഈ പുസ്തകത്തിന്റെയും ജോസഫ് മാഷിന്റെ ജീവിതത്തിന്റെ തന്നെയും ഏറ്റവും വലിയ വിപര്യയവും ഇതാണ്. താന്‍ ഏറ്റവും കൂടുതല്‍ സ്‌നേഹിക്കുകയും വിശ്വസിക്കുകയും സഹായിക്കുകയും ചെയ്തവരുടെ ചതി. ഉറ്റവര്‍ എന്നു നാം കരുതുന്നവര്‍ യഥാര്‍ഥത്തില്‍ ഒറ്റുകാരായിരുന്നു എന്നു പിന്നീട് തിരിച്ചറിയുന്നതിലും വലിയ പരാജയം മനുഷ്യജീവിതത്തില്‍ മറ്റെന്തുണ്ട്?

ആ അര്‍ത്ഥത്തില്‍ നമ്മുടെ കുടിലകാലത്തോട് യുദ്ധം ചെയ്തു തോറ്റുപോയ ഒരു മനുഷ്യനുമാകുന്നു, ജോസഫ്. മുജ്ജന്മശത്രുക്കള്‍ മക്കളായിപ്പിറക്കുന്നുവെന്നത് പഴയ കല്പനയാണ്. മറ്റുപലരുടെയുമെന്നപോലെ ഈ അദ്ധ്യാപകന്റെയും കാര്യത്തില്‍, അവര്‍ ശിഷ്യരും സഹപ്രവര്‍ത്തകരുമായിപ്പിറന്നു എന്നതാണ് ‘അറ്റുപോയ ഓര്‍മകള്‍’ നമ്മെ പഠിപ്പിക്കുന്ന ഏറ്റവും വലിയ ജീവിതപാഠം.