പത്തനംതിട്ടയിൽ അ‌മ്മയെ മകൻ ക്രൂരമായി മർദ്ദിച്ച് പരിക്കേൽപ്പിച്ചു; മകൻ പ്രദീപിനെ പൊലീസ് അ‌റസ്റ്റ് ചെയ്തു ; വസ്തു ഭാഗം വയ്ക്കുന്നത് വൈകുന്നതിനെ ചൊല്ലിയുളള തർക്കത്തെത്തുടർന്നാണ് മർദ്ദനം

Spread the love

 

സീതത്തോട് : അ‌മ്മയെ മകൻ ക്രൂരമായി മർദ്ദിച്ച് പരിക്കേൽപ്പിച്ചു. വസ്തു ഭാഗം ചെയ്തു നൽകാൻ വൈകുന്നതിനെ ചൊല്ലിയുളള തർക്കത്തെത്തുടർന്നാണ് അ‌മ്മയെ മകൻ മർദ്ദിച്ചത്. ചിറ്റാർ മീൻകുഴി കൊടിത്തോപ്പ് പുതുവേലിൽ ഭാസ്കരന്റെ ഭാര്യ ജാനമ്മയ്ക്കാണ് (61) പരുക്കേറ്റത്. സംഭവത്തിൽ മകൻ പ്രദീപിനെ പൊലീസ് അ‌റസ്റ്റ് ചെയ്തു.

പെരുനാട്ടിൽ താമസിക്കുന്ന പ്രദീപ് ഇന്നലെ ഉച്ചയ്ക്കു വീട്ടിൽ എത്തിയാണ് ജാനമ്മയെ മർദിച്ചതെന്നാണ് പൊലീസ് പറയുന്നത്. ജാനമ്മ ഊന്നി നടക്കുന്ന വടികൊണ്ട് അടിച്ച് മുറിവേൽപ്പിക്കുകയായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട അയൽവാസിയാണ് പൊലീസിനെ വിവരം അറിയിച്ചത്. പിന്നാലെ, ചിറ്റാർ എസ്ഐ സണ്ണി ജോർജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം എത്തി പ്രദീപിനെ കസ്റ്റഡിയിലെടുത്തു.

മാതാപിതാക്കളുടെ പേരിലുള്ള വസ്തു ഭാഗം ചെയ്തു നൽകാൻ വൈകുന്നതു സംബന്ധിച്ച തർക്കമാണ് മർദനത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.പരുക്കേറ്റ ജാനമ്മയെ പൊലീസ് പത്തനംതിട്ട ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. മുൻപ് ഭാസ്കരനെയും പ്രദീപ് മർദിച്ചിരുന്നതായി പൊലീസ് പറഞ്ഞു. മൂത്തമകൻ പ്രമോദിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് എടുത്തു. പ്രതിയെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group