
കോട്ടയം-ഇടുക്കി ജില്ലകളുടെ അതിര്‍ത്തിയിലാണ് ഇലവീഴാപൂഞ്ചിറ. തൊടുപുഴയില്‍ നിന്നും 20 കിലോമീറ്റര്‍ യാത്രയാണ് ഇവിടേക്ക്. തൊടുപുഴയില്‍ നിന്നും മൂലമറ്റം ഭാഗത്തേയ്ക് സഞ്ചരിച്ച് കാഞ്ഞാര്‍ ഗ്രാമത്തിലെത്തി, അവിടെനിന്നും 7 കിലോമീറ്റര്‍ വലത്തോട്ട് സഞ്ചരിച്ചാല്‍ ഇലവീഴാപൂഞ്ചിറയിലെത്താം.
മൂന്ന് കൂറ്റന്‍ മലകളായ മണക്കുന്ന്, കടയത്തൂർ മല, തോണിപ്പാറ എന്നിവയിലുള്ള പൂഞ്ചിറ ചിത്രസമാനമായ സൗന്ദര്യമുള്ള പ്രദേശമാണ്. ഇവിടെയുള്ള കുളം മഹാഭാരത കഥയിലെ പാഞ്ചാലി കുളിക്കുവാന്‍ ഉപയോഗിച്ചിരുന്ന കുളമാണെന്ന് ഐതീഹ്യമുണ്ട്.
ഈ പ്രദേശത്തെ ഒരു ട്രക്കിംഗ് കേന്ദ്രമായി ഡി.റ്റി.പി.സി വികസിപ്പിച്ചു കൊണ്ടിരിക്കുന്നു. 15 പേർക്ക് വരെ താമസസൗകര്യമുള്ള ഒരു ഡോർമെറ്ററി ഡി.റ്റി.പി.സി ഇവിടെ നിർമ്മിച്ചിട്ടുണ്ട്. മനോഹരമായ ഈ താഴ്വര ആയിരക്കണക്കിന് ഏക്കര്‍ പരന്നു കിടക്കുന്നു. 3200 അടി വരെ ഉയരമുള്ള ഗംഭീരമായ മലനിരകളാല്‍ ചുറ്റപ്പെട്ട് കൗതുകം പകരുന്ന പ്രകൃതിഭംഗിയുള്ള ഈ പ്രദേശം മനസ്സിന് പ്രശാന്തത നല്കുന്ന ഉത്തമ ഇടമാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വർഷകാലത്ത് ഈ താഴ്വരയാകെ മനോഹരമായ ഒരു തടാകമായി രൂപാന്തരപ്പെടുകയും പ്രകൃതി ഭംഗിയുടെ മറ്റൊരു ദൃശ്യാവിഷ്ക്കാരമാകുകയും ചെയ്യുന്നു. ഈ പ്രദേശത്ത് വൃക്ഷങ്ങള്‍ ഒന്നും ഇല്ലാത്തതിനാല്‍ പൂഞ്ചിറയില്‍ ഇലകള്‍ വീഴാത്തതിനാലാകാം ഇലവീഴാപ്പൂഞ്ചിറ എന്ന പേര് വന്നത്. ഉദയാസ്തമനങ്ങള്‍ ദർശ്ശിക്കുവാൻ കേരളത്തിലെ ഏറ്റവും അനുയോജ്യമായ സ്ഥലമാണ് ഇലവീഴാപൂഞ്ചിറ.
സദാസമയവും കുളിര്‍ക്കാറ്റാല്‍ തഴുകപ്പെട്ട മലനിരകള്‍. കാറ്റിന് മതിലുകെട്ടി കോടമഞ്ഞ്. അതിഥിയായ് എത്തുന്ന നൂല്‍മഴ. യഥാര്‍ത്ഥ പ്രകൃതിയുടെ നേര്‍ചിത്രം ഇതിലുമപ്പുറം പങ്കുവെക്കാന്‍ പറ്റിയ മറ്റൊരു സ്ഥലമുണ്ടോയെന്ന് സംശയം. അങ്ങ് കാശ്മീരിലേയൊ കൈലാസത്തിലെയോ കാര്യത്തെക്കുറിച്ചല്ലാ പറയുന്നത്.
നമ്മുടെ സ്വന്തം ഇലവീഴാപൂഞ്ചിറയെക്കുറിച്ചാണ് പറയുന്നത്. ഇലവീഴാപൂഞ്ചിറയെ മനോഹരിയാക്കാന്‍ ഇത്രയൊക്കെ തന്നെ ധാരാളം. മൂന്ന് മലനിരകളാല്‍ പരവതാനി വിരിച്ച് കിടക്കുന്ന ഈ മനോഹരിയെ തേടിയെത്തുന്നത് നിരവധി സഞ്ചാരികളാണ്. ജീപ്പും ബൈക്കും മാത്രം എത്തിച്ചേരുന്ന ഇവിടം സമുദ്രനിരപ്പില്‍ നിന്നും ഏകദേശം 3200 അടി മുകളിലാണ്.
ഈ മനോഹാരിതയ്ക്കപ്പുറം ചെറിയൊരു അപകടം കൂടി ഇവിടെ പതിഞ്ഞിരിപ്പുണ്ട്. ഏതു നിമിഷവും ഇടിവെട്ടി ആകാശം ഇടിഞ്ഞുവീഴാം. ഇടിമിന്നലെന്ന അപകടം ഒളിപ്പിച്ചുവച്ച മൊട്ടക്കുന്നുകൂടിയാണിവിടം. സൗബിന്‍ ഷാഹിര്‍ നായകനായി ഷാഹി കബീര്‍ സംവിധാനം ചെയ്ത ‘ഇലവീഴാപ്പൂഞ്ചിറ’ എന്ന സിനിമയിലൂടെ ഭൂമിക്കും ആകാശത്തിനുമിടയിലെ ഈ ഇടത്താവളം ഇപ്പോള്‍ നാടാകെ അറിഞ്ഞു.
ട്രെക്കിങ് പ്രിയര്‍ക്കും ഓഫ് റോട് പ്രേമികള്‍ക്കും ഏറെ ഇഷ്ടപ്പെടും ഇവിടം. ഉദയാസ്തമയങ്ങളുടെ മനോഹാരിത ആസ്വദിക്കാന്‍ മികച്ചയിടങ്ങളില്‍ ഒന്ന് ഇവിടെയാണ്. മലനിരകള്‍ക്കിടയിലെ പൊന്നിന്‍ സൂര്യന്റെ കടന്ന് വരവ് ഏവരേയും ത്രസിപ്പിക്കുന്ന കാഴ്ചയാണ്. മിന്നലും ഇടിയും ആദ്യമെത്തുന്ന സ്ഥലമായതുകൊണ്ടുതന്നെ സന്ദര്‍ശകര്‍ക്കു ഇവിടെ അധികസമയം ചെലവിടുന്നതിനു നിയന്ത്രണങ്ങളുണ്ട്.
കോട്ടയം ജില്ലയിലെ പൊലീസ് വയര്‍ലെസ് കണ്‍ട്രോള്‍ കേന്ദ്രമാണ് പൂഞ്ചിറയില്‍ പ്രവര്‍ത്തിക്കുന്നത്. ജില്ലയിലെ ഏറ്റവും ഉയരം കൂടിയ പ്രദേശമായതിനാലാണ് വയര്‍ലെസ് സ്റ്റേഷന്‍ ഇവിടെ സ്ഥാപിച്ചത്. ഈ സ്റ്റേഷനില്‍ ജോലി ചെയ്യുന്ന പൊലീസുകാരുടെ കഥയാണ് ഇലവീഴാപ്പൂഞ്ചിറ എന്ന സിനിമയില്‍ പറയുന്നതും. സിനിമയില്‍ കാണിച്ചിരിക്കുന്ന വയര്‍ലസ് സ്റ്റേഷനല്ല യഥാര്‍ഥ പൊലീസ് ഔട്ട്പോസ്റ്റ്.
എന്നാല്‍ ട്രെയിന്‍ ബോഗി പോലുള്ള ‘റീല്‍’ സ്റ്റേഷന്‍ സിനിമാക്കാര്‍ ക്രമീകരിച്ചതുമല്ലാ. ഫിഷറീസ് വകുപ്പിന്റെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്ന പഴയ ഓഫിസാണു വയര്‍ലസ് സ്റ്റേഷനാക്കി മാറ്റിയെടുത്തത്. ഇപ്പോള്‍ ഇവിടെ ഫിഷറീസ് ഓഫിസ് പ്രവര്‍ത്തനമില്ല. കരിങ്കല്ലുകൊണ്ടു പണിത പുതിയ കെട്ടിടത്തിലാണ് വയര്‍ലസ് സ്റ്റേഷന്‍. ഇടിമിന്നലില്‍നിന്നു രക്ഷപ്പെടാനുള്ള മുന്‍കരുതലുകള്‍ പാലിച്ചാണു കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. മൂന്നാര്‍ രാജമലയിലാണ് ഇടുക്കി ജില്ലയുടെ വയര്‍ലെസ് സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്നത്.