play-sharp-fill
ഇടുക്കിയിൽ വീണ്ടും മെഡിക്കൽ കോളേജ് ; നടപടികളുമായി സർക്കാർ

ഇടുക്കിയിൽ വീണ്ടും മെഡിക്കൽ കോളേജ് ; നടപടികളുമായി സർക്കാർ



സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഇടുക്കിയിൽ മെഡിക്കൽ കോളേജ് വീണ്ടും തുടങ്ങാനുള്ള നടപടികളുമായി സംസ്ഥാന സർക്കാർ മുന്നോട്ട്. മെഡിക്കൽ കൗൺസിലിന്റെ സന്ദർശനത്തിന് പിന്നാലെയാണ് സംസ്ഥാന സർക്കാർ ഇതിനായുള്ള ശ്രമങ്ങൾ പുനരുജ്ജീവിപ്പിച്ചത്. ഇതിനായി കൂടുതൽ ഡോക്ടർമാരെ ഇടുക്കിയിലേക്ക് സ്ഥലം മാറ്റി തുടങ്ങി. യു ഡി എഫ് സർക്കാരിന്റെ കാലത്താണ് ഇടുക്കിയിൽ മെഡിക്കൽ കോളേജ് തുടങ്ങിയത്. എന്നാൽ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയെ തുടർന്ന് മെഡിക്കൽ കൗൺസിൽ കോളേജിന്റെ അംഗീകാരം റദ്ദാക്കി. ഇതിനെ തുടർന്ന് പ്രവേശനം നേടിയ വിദ്യാർത്ഥികളെ മറ്റു മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു.

നിലവിൽ ഒന്നാം വർഷ പ്രവേശനത്തിനുള്ള പ്രാഥമിക പണികൾ പൂർത്തിയാക്കിയതായി ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നു. പ്രാദേശികമായി ഉയരുന്ന പ്രതിഷേധങ്ങളെ തുടർന്നാണ് കോളേജ് വീണ്ടും തുടങ്ങാൻ ഇടതു സർക്കാർ നടപടി സ്വീകരിച്ചത്. ഇതിന്റെ ഭാഗമായി ആശുപത്രിയുടെ നവീകരണം തുടങ്ങി. രണ്ട് അക്കാദമിക് ബ്ലോക്കുകൾ പണിതീർത്തു. ഹോസ്റ്റലിന്റേയും ക്വാർട്ടേഴ്സുകളുടേയും പണി നടക്കുന്നു. ഇതെല്ലാം ചൂണ്ടിക്കാട്ടി കോളേജ് വീണ്ടും പ്രവർത്തനം തുടങ്ങാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് സർക്കാർ അപേക്ഷ നൽകി. തുടർന്ന് മെഡിക്കൽ കൗൺസിൽ പരിശോധന നടത്തിയെങ്കിലും ഇതുവരെ മറുപടി ലഭിച്ചിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group