ആശുപത്രിയിലെത്തുന്ന രോ​ഗികളെ നോക്കാൻ ഡോക്ടറില്ല; നിന്ന് മടുത്ത് സ്വകാര്യ ആശുപത്രിയിലേക്ക് പോകുന്നവർ നിരവധി; പനി പടർന്നു പിടിക്കുന്ന മലയോരമേഖലയായ മുണ്ടക്കയം സർക്കാർ ആശുപത്രിയിൽ ഇന്നലെ ഡ്യൂട്ടിയിലുണ്ടായിരുന്നത് ഒരു ഡോക്ടർ മാത്രം; ദുരിതത്തിലായി ജനം

Spread the love

സ്വന്തം ലേഖകൻ

മുണ്ടക്കയം : പനി പടർന്നു പിടിക്കുന്ന മലയോരമേഖലയായ മുണ്ടക്കയം സർക്കാർ ആശുപത്രിയിൽ ഡോക്ടറില്ല. മൂന്ന് സ്ഥിരം ഡോക്ടര്‍മാരും, രണ്ട് താത്ക്കാലിക ഡോക്ടര്‍മാരുമാണ് സേവനം നടത്തുന്ന ഇവിടെ ഇന്നലെ ഡ്യൂട്ടിയിലുണ്ടായിരുന്നത് ഒരു ഡോക്ടർ.

രോഗികള്‍ മണിക്കൂറുകള്‍ കാത്തുനിന്നാണ് മരുന്ന് വാങ്ങി വീട്ടിലേക്ക് മടങ്ങിയത്. ചിലരാകട്ടെ നിന്ന് മടുത്ത് സ്വകാര്യആശുപത്രികളിലേക്ക് പോയി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവില്‍ ആശുപത്രിയില്‍ മൂന്ന് സ്ഥിരം ഡോക്ടര്‍മാരും, രണ്ട് താത്ക്കാലിക ഡോക്ടര്‍മാരുമാണ് സേവനം ചെയ്യുന്നത്. ഇതില്‍ ഒരു ഡോക്ടര്‍ക്ക് ഉച്ചയ്ക്ക് ശേഷമുള്ള ഒ.പിയിലാണ് ഡ്യൂട്ടി. എന്നാല്‍ ഇന്നലെ ഡ്യൂട്ടിക്ക് ഉണ്ടായിരുന്നത് ആകെ ഒരു ഡോക്ടറായിരുന്നു. ആശുപത്രി സൂപ്രണ്ട് അടക്കം രണ്ട് ഡോക്ടര്‍മാര്‍ പനി ബാധിച്ച്‌ ചികിത്സയിലാണെന്നാണ് അധികൃതര്‍ പറയുന്നത്. ഇന്നലെ അറൂന്നൂറിലധികം പേരാണ് ചികിത്സതേടിയെത്തിയത്.

മുന്‍കാലങ്ങളില്‍ രോഗികളുടെ എണ്ണം വര്‍ദ്ധിക്കുമ്പോഴും, വൈറല്‍പ്പനി പടര്‍ന്നു പിടിക്കുന്ന വേളയിലും അധിക ഡോക്ടര്‍മാരുടെ സേവനം ഉറപ്പുവരുത്താറുണ്ടായിരുന്നു. എന്നാല്‍ ഇതിന് മുന്‍കൈയെടുക്കേണ്ട കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് നിസംഗത തുടര്‍ന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് കോടികള്‍ മുടക്കി ബഹുനില മന്ദിരം നിര്‍മ്മിച്ചതൊഴിച്ചാല്‍ ആശുപത്രിയെ അധികാരികള്‍ കൈവിട്ടമട്ടാണ്. ഉദ്ഘാടന വേളയില്‍ ജനറല്‍ ആശുപത്രിയാക്കി ഉയര്‍ത്തുമെന്ന് വാഗ്ദാനം നല്‍കിയെങ്കിലും കുടുംബാരോഗ്യ കേന്ദ്രമായി തരംതാഴ്ത്തുകയാണ് പിന്നീടുണ്ടായത്.