പണി ചെയ്യിക്കാനെന്ന പേരിൽ അതിഥി തൊഴിലാളികളെ വിളിച്ചുകൊണ്ടുപോകും; പിന്നാലെ അവരുടെ ബാഗും പണവും സാധനങ്ങളും അടിച്ചുമാറ്റും; ‘മാന്യനായ മുതലാളി’ പിടിയിലായത് ഇങ്ങനെ….!

Spread the love

സ്വന്തം ലേഖിക

തൃശ്ശൂര്‍: അതിഥി തൊഴിലാളികളെ ജോലിക്കെന്ന വ്യാജേന വിളിച്ചുകൊണ്ടുപോയി പണവും സാധനങ്ങളും മോഷ്ടിക്കുന്ന ‘മുതലാളി’ പിടിയില്‍.

കോഴിക്കോട്, പെരുമണ്ണ സ്വദേശി, കമ്മനം മീത്തല്‍ വീട്ടില്‍ പ്രശാന്ത് (39) ആണ് പിടിയിലായത്. ഇയാള്‍ കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലായി സമാനമായ എട്ട് കേസുകളില്‍ പ്രതിയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിഥി തൊഴിലാളികളെ ജോലിക്കെന്ന വ്യാജേന വിളിച്ചുകൊണ്ടുപോയി ജോലി ഏല്‍പ്പിക്കുകയും, ജോലി ആരംഭിക്കുന്ന സമയം അവരുടെ ബാഗും സാധനങ്ങളും മോഷ്ടിക്കുകയും ചെയ്യുന്നതായിരുന്നു ഇയാളുടെ രീതി. മാന്യമായി വസ്ത്രം ധരിച്ച്‌, ഒരു ഓട്ടോറിക്ഷയില്‍ കയറി, നഗരത്തില്‍ കാത്തുനില്‍ക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ അടുത്തേക്ക് ഇയാള്‍ എത്തും. പണി ചെയ്യിക്കാനെന്ന വ്യാജേന തൊഴിലാളികളെ ഓട്ടോറിക്ഷയില്‍ കയറ്റി ഇയാള്‍ വിളിച്ചുകൊണ്ടുപോകും. എന്നിട്ട് ഏതെങ്കിലും സ്ഥലത്ത് കൊണ്ടുചെന്നിറക്കി, അവിടത്തെ പുല്ലും കാടും പിടിച്ചുകിടക്കുന്ന സ്ഥലം വൃത്തിയാക്കുന്ന പണി ഏല്‍പ്പിച്ചു നല്‍കും.

പണി തുടങ്ങുന്നതിനുമുൻപായി തൊഴിലാളികള്‍ അവരുടെ വസ്ത്രങ്ങളും ബാഗ് തുടങ്ങിയ സാധനങ്ങള്‍ സുരക്ഷിതമായ ഏതെങ്കിലും സ്ഥലത്ത് വെക്കും. അതിനുശേഷം, അവര്‍ പണി തുടങ്ങുന്നതിനിടയില്‍, അവരോട് മറ്റേതെങ്കിലും സ്ഥലത്ത് വെച്ചിട്ടുള്ള പണി ആയുധങ്ങളോ, സിമന്റ് തുടങ്ങിയ സാധനങ്ങളോ എടുത്തുകൊണ്ടുവരുവാന്‍ ആവശ്യപ്പെടും. ഇതിനായി അവര്‍ പോകുമ്പോള്‍, അവരുടെ ബാഗും സാധനങ്ങളും അടിച്ചുമാറ്റി, മുങ്ങുകയാണ് ഇയാളുടെ മോഷണ രീതി.

ഇക്കഴിഞ്ഞ ദിവസം തമിഴ്നാട് സ്വദേശികളായ തൊഴിലാളികളെ ശക്തന്‍ നഗര്‍ പരിസരത്ത് ഇറക്കി, പണി ഏല്‍പ്പിച്ചു നല്‍കുകയും, പിന്നീട് സാധനങ്ങള്‍ എടുത്തുകൊണ്ടുവരുന്നതിന് ആവശ്യപ്പെടുകയും ചെയ്തപ്പോള്‍, തൊഴിലാളികളുടെ ബാഗും അതില്‍ വെച്ചിരുന്ന ഇരുപതിനായിരം രൂപയും ഇയാള്‍ മോഷ്ടിച്ചു. ഈ കേസിലാണ് ഇയാളെ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇതരസംസ്ഥാന തൊഴിലാളികളുടെ ബാഗും പണവും നഷ്ടപ്പെട്ട പരാതി ലഭിച്ച ഉടന്‍ തന്നെ, നഗരത്തിലും പരിസരപ്രദേശങ്ങളിലും സ്ഥാപിക്കപ്പെട്ടിട്ടുള്ള ക്യാമറകള്‍ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞതും, ഇയാള്‍ ബാഗ് മോഷണം ചെയ്തു കൊണ്ടുപോകുന്നത് കണ്ടെത്തിയതും.

താമസ സ്ഥലങ്ങളില്‍ അടച്ചുറപ്പില്ലാത്തതിനാല്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ സാധാരണയായി അവരുടെ പണവും വിലപിടിപ്പുള്ള വസ്തുക്കളും അവിടെ സൂക്ഷിക്കാതെ, കൈവശം കൊണ്ടു നടക്കുകയാണ് പതിവ്. ഇതുമനസ്സിലാക്കിയാണ് ഇയാള്‍ ഇത്തരത്തില്‍ മോഷണം നടത്തുന്നത്. ടൗണ്‍ ഈസ്റ്റ് പൊലീസ് ഇന്‍സ്പെക്ടര്‍ പി ലാല്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.