
സ്വന്തം ലേഖകൻ
കുമരകം : നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ച് ദമ്പതികൾ മരിച്ച സംഭവം നാട് ഞെട്ടലോടെയാണ് കേട്ടത്. അവരുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ലല്ലോ എന്ന സങ്കടത്തോടെയാണ് അവരെ അപകടസ്ഥലത്തുനിന്നും ആശുപത്രിയിലെത്തിച്ചവർ.
എന്റെ മക്കൾ എന്തിയേ …. വല്ലതും പറ്റിയോ …. ആശുപത്രി എത്താറായോ , ഞങ്ങൾക്ക് കുഴപ്പമൊന്നും ഇല്ലല്ലോ അല്ലെ ……. കാതുകളിൽ നിന്നും അവരുടെ ശബ്ദം മാറുന്നില്ല , ഇന്ന് ജോലിക്ക് എത്തി വാഹനം എടുത്തപ്പോൾ വാനിന്റെ ഉള്ളിൽ അവര് ഉളള പോലെ തോന്നൽ , ആകെ സങ്കടത്തിലായ ദിവസം. എത്ര ശ്രമിച്ചിട്ടും അവരുടെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ലല്ലോ എന്ന ദുഖം മാത്രം. കൈപ്പുഴമുട്ടിൽ അപകടത്തിൽപ്പെട്ട ജിഫിനെയും കുടുംബത്തെയും മെഡിക്കൽ കോളേജിൽ എത്തിച്ച കോട്ടയം ക്യു ആർ.എസ്സിലെ ജനറേറ്റർ ടെക്നീഷ്യന്മാരായ പരിപ്പ് സ്വദേശി സുരേഷ് . വി.സോമൻ , ഒളശ്ശ സ്വദേശി വിഷ്ണു ഷാജി എന്നിവരുടെ വാക്കുകളാണിത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൈപ്പുഴമുട്ടിൽ നിന്നും ചാലുകുന്ന് വഴി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കേവലം 20 മിനിറ്റ് സമയം കൊണ്ടാണ് ക്യു.ആർ.എസ്സിന്റെ സർവ്വീസ് വാഹനം ഓടിയെത്തിയത്.
ജോലികഴിഞ്ഞ് വൈക്കത്ത് നിന്നും തിരിച്ച് വരും വഴി ആൾക്കൂട്ടം കണ്ടാണ് ഞങ്ങൾ വാഹനം നിർത്തിയത്. ആ സമയം രണ്ട് കുട്ടികളെയും കരയ്ക്ക് എടുത്തിരുന്നു. ബോധരഹിതരായ ജീഫിനെയും സുനിയെയും തോട്ടിൽ നിന്നും നാട്ടുകാർ കരയിലേയ്ക്ക് വലിച്ച് കയറ്റുകയായിരുന്നു. പിന്നെ ഒന്നും ആലോചിച്ചില്ല സർവ്വീസ് വാനിലെ സാധനങ്ങൾ ഒതുക്കി വച്ച് അപകടത്തിൽപ്പെട്ടവരെ വാനിൽ കയറ്റി , ആശുപത്രിയിലേയ്ക്ക് .
വൈകീട്ട് 5.30 ന് സർവീസ് വാൻ ഓഫീസിൽ എത്തിക്കണം എന്ന കാര്യം തന്നെ മറന്നു. രാത്രി 7.45 ഓടെ ഓഫീസിലെത്തുമ്പോൾ വാഹനം നിറയെ രക്തമായിരുന്നു. വാൻ കഴുകി വൃത്തിയാക്കിയ ശേഷം ആശുപത്രിയിലേയ്ക്ക് വിളിച്ചപ്പോഴാണ് മരണം സംഭവിച്ച വിവരം അറിഞ്ഞത്.
രാവിലെ അവിടെ പോകണം അവരെ കാണണം എന്ന് കരുതിയെങ്കിലും മനസ് അനുവദിച്ചില്ല അവരുടെ ചേതനയറ്റ ശരീരം കാണാൻ. ഇടറിയ വാക്കുകളിൽ അവർ പറഞ്ഞു നിർത്തി.







