video
play-sharp-fill

രണ്ടാം ടെസ്റ്റ്: ഇന്ത്യ തോറ്റു; തോൽവി 146 റണ്ണിന് : പരമ്പര ഒപ്പത്തിനൊപ്പം

രണ്ടാം ടെസ്റ്റ്: ഇന്ത്യ തോറ്റു; തോൽവി 146 റണ്ണിന് : പരമ്പര ഒപ്പത്തിനൊപ്പം

Spread the love

സ്പോട്സ് ഡെസ്ക്

പെർത്ത്: ഓസീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ തോറ്റു. 146 റണ്ണിനാണ് ഇന്ത്യയുടെ തോൽവി. അഞ്ചാം ദിനം 28 റണ്ണെടുക്കുന്നതിനിടെ ഇന്ത്യൻ ബാറ്റ്സ്മാൻമാർ പവലിയനിൽ മടങ്ങിയെത്തുകയായിരുന്നു.
112 ന് അഞ്ച് എന്ന നിലയിൽ അഞ്ചാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യ 140 റണ്ണെത്തിയിപ്പോഴേയ്ക്കും എല്ലാവരും പുറത്തായി.
സ്കോർ – ഓസ്ട്രേലിയ – 326 , 243
ഇന്ത്യ – 283 , 140
ഓസിസിന്റെ 287 എന്ന വിജയലക്ഷ്യത്തിനെതിരെ നാലാം ദിനം സമ്പൂർണ തകർച്ചയോടെയായിരുന്നു ഇന്ത്യ ബാറ്റിംഗ് അവസാനിപ്പിച്ചത്. അവസാന അംഗീകൃത ബാറ്റ്സ്മാൻമാരായ ഹനുമന്ത വിഹാരിയും വിക്കറ്റ് കീപ്പർ ഋഷഭ് പന്തുമായിരുന്നു ക്രീസിൽ. അവസാന ദിനം ഇന്ത്യ എത്രത്തോളം പിടിച്ചു നിൽക്കും എന്ന ചോദ്യം മാത്രമായിരുന്നു ബാക്കിയുണ്ടായിരുന്നത്.
അഞ്ചാം ദിനം കൃത്യം ഒരു മണിക്കൂർ മാത്രമാണ് കളി നീണ്ടത്. അഞ്ചാം ദിനം ഏഴ് റൺ കൂടി സ്കോർ ബോർഡിൽ എത്തിയപ്പോഴേയ്ക്കും 75 പന്തിൽ 28 റണ്ണെടുത്ത ഹനുമന്ത് വിഹാരി മടങ്ങി. പിന്നീട് ഋഷഭ് പന്തും ഉമേഷ് യാദവും ചേർന്ന് ഒരു ചെറിയ ചെറുത്ത് നിൽപ്പ് നടത്തി. 20 റൺ കുട്ടിച്ചേർത്ത സഖ്യത്തെ പന്തിനെ പുറത്താക്കി നഥാൻ ലയോൺ 137 ൽ പൊളിച്ചതോടെ ഇന്ത്യയുടെ കഥ ഏതാണ്ട് കഴിഞ്ഞു. 61 പന്തിൽ 30 റണ്ണായിരുന്നു പന്തിന്റെ സമ്പാദ്യം. പിന്നീട് ഉമേഷ് യാദവിനെ രണ്ടു റണ്ണിനു വീഴ്ത്തി സ്റ്റാർക്കും ഇഷാന്തിനെയും ബുംറയെയും പൂജ്യത്തിനും പുറത്താക്കി കുമ്മിൻസും ഇന്ത്യൻ ഇന്നിംഗ്സിന് ഷട്ടറിട്ടു. പേസ് ബോളിംഗ് പറച്ചിൽ ഇന്ത്യൻ ബാറ്റ്സ്മാൻമാർ വെള്ളം കുടിച്ചപ്പോൾ , തല അരിഞ്ഞ് തള്ളിയത് സ്പിന്നർ നഥാൻ ലയോണാണ്. രണ്ടാം ഇന്നിംഗ്സിലെ മൂന്നടക്കം എട്ട് വിക്കറ്റുകളാണ് ലയോൺ പിഴുതത്. ഇതോടെ ടെസ്റ്റ് പരമ്പരയിൽ രണ്ട് ടീമുകളും ഒപ്പത്തിനൊപ്പമെത്തി.