ആഗസ്റ്റ് ഒന്നിന് കോട്ടയം ഇ- ജില്ലയാകും; ജില്ലയിലെ 177 റവന്യൂ ഓഫീസുകള്‍ ഇ — ഓഫീസുകളാകുന്നു

Spread the love

സ്വന്തം ലേഖിക

കോട്ടയം: ആഗസ്‌റ്റ് ഒന്നോടെ കോട്ടയം ഇ- ജില്ലയുമാകുമെന്ന്‌ റവന്യു മന്ത്രി കെ രാജന്‍ പറഞ്ഞു.

ജില്ലയിലെ 177 റവന്യൂ ഓഫീസുകള്‍ ഇ — ഓഫീസാകാനൊരുങ്ങുകയാണ്. തിരുവനന്തപുരത്തു നടന്ന കോട്ടയം ജില്ലയിലെ എംഎല്‍എമാരുടെ റവന്യു അസംബ്ലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പഴയ രീതിയില്‍ സര്‍വേ നടത്തിയ വില്ലേജുകളടക്കം 1550 വില്ലേജുകള്‍ ഡിജിറ്റല്‍ റീസര്‍വേയുടെ ഭാഗമാക്കും. ഇതിന്റെ ഭാഗമായി ‘എന്റെ ഭൂമി’ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ സജ്ജമായി. ജില്ലയിലെ ഡാഷ്‌ബോര്‍ഡില്‍ ഇടംപിടിച്ച 55 വിഷയങ്ങളില്‍ 35 എണ്ണത്തിനും പരിഹാരം കണ്ടെത്താനായി.

15 വില്ലേജ് ഓഫീസുകള്‍ സ്മാര്‍ട്ട് ഓഫീസുകളായി. ജില്ലയില്‍ ആകെ 377 പട്ടയങ്ങള്‍ കൊടുത്തു. കരംമാറ്റവുമായി ബന്ധപ്പെട്ട 58 ശതമാനം പരാതികളും തീര്‍പ്പാക്കി.

ജില്ലയിലെ ഭൂമി സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് കിഫ്ബിയുമായി ചേര്‍ന്ന് പരിഹാരം കണ്ടെത്താന്‍ നടപടിയെടുക്കും. മലയോര ആദിവാസി മേഖലയിലെ പട്ടയ വിതരണത്തിനാണ് ഇത്തവണ സര്‍ക്കാര്‍ പ്രാതിനിധ്യം കൊടുക്കുന്നത്. പട്ടയ വിതരണത്തിന് ജില്ലയില്‍ നിന്ന് ആരംഭം കുറിക്കുമെന്നും മന്ത്രി പറഞ്ഞു.

സര്‍ക്കാര്‍ ചീഫ് വിപ്പ് ഡോ. എന്‍ ജയരാജ്, എംഎല്‍എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, സി കെ ആശ, അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, അഡ്വ. ജോബ് മൈക്കിള്‍, ലാന്‍ഡ് റവന്യൂ കമീഷണര്‍ ഡോ. കെ ബിജു, സര്‍വേ ഡയറക്ടര്‍ ശ്രീറാം സാംബശിവറാവു, കലക്ടര്‍ ഡോ. പി കെ ജയശ്രീ, ഡോ. ഫെബി വര്‍ഗീസ്, സബ് കലക്ടര്‍ രാജീവ് കുമാര്‍ ചൗധരി തുടങ്ങിയവര്‍ പങ്കെടുത്തു.