
സ്വന്തം ലേഖിക
ഈരാറ്റുപേട്ട: പൂഞ്ഞാര്‍ കൈപ്പള്ളി ഏന്തയാര്‍ റോഡ് തകര്‍ന്നു തരിപ്പണമായിട്ടും അധികൃതർ തിരിഞ്ഞു നോക്കിയിട്ടില്ല.
പൂഞ്ഞാറില്‍നിന്നു മുണ്ടക്കയത്തേക്കുള്ള ദൂരംകുറഞ്ഞ ഇന പാതയിലൂടെ നിരവധി പേരാണ് ദിനംപ്രതി യാത്ര ചെയ്യുന്നത്. എന്നാലിപ്പോൾ
നാട്ടുകാര്‍ക്കു ഇതിലൂടെയുള്ള യാത്ര ദുരിതമാവുകയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രളയകാലത്ത് ഉരുള്‍പൊട്ടലിനെത്തുടര്‍ന്നു റോഡില്‍ വന്നടിഞ്ഞ മണ്ണും കല്ലും പോലും ഇതുവരെയായിട്ടും നീക്കം ചെയ്തിട്ടില്ല. ഇതുവഴിയുള്ള ബസ് സര്‍വീസുകളും നിലച്ചതോടെ പലരും ഇവിടംവിട്ടു മറ്റു സ്ഥലങ്ങളിലേക്കു പോയിത്തുടങ്ങി. മുണ്ടക്കയത്തുനിന്നുള്ള എളുപ്പവഴിയെന്ന നിലയില്‍ ഈ റോഡ് ആശ്രയിച്ചിരുന്നവര്‍ ഇപ്പോള്‍ അനുഭവിക്കുന്ന ദുരിതം പറഞ്ഞറിയിക്കാനാവാത്തതാണ്.
കൈപ്പള്ളിയില്‍ നിന്ന് ഏന്തയാറിലേക്കുള്ള ആറു കിലോമീറ്റര്‍ ദൂരമാണ് പലേടത്തും ടാറും മെറ്റലും ശേഷിക്കാതെ തകര്‍ന്നത്. പൂഞ്ഞാര്‍ തെക്കേക്കര, കൂട്ടിക്കല്‍ പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന റോഡ് പതിറ്റാണ്ടുകളുടെ കാത്തിരുപ്പിനു ശേഷമാണ് യാഥാര്‍ഥ്യമായത്.
വര്‍ഷങ്ങള്‍ക്കു മുൻപ് തകര്‍ന്ന റോഡ് പ്രളയകാലത്ത് ഉരുള്‍പൊട്ടിയതോടെയാണ് പൂര്‍ണമായും തകര്‍ന്നത്. ചിലേടങ്ങളില്‍ സംരക്ഷണഭിത്തി തകര്‍ന്നും ഗതാഗതം തടസപ്പെട്ടു. ബസ് സര്‍വീസ് നിലച്ചതിനൊപ്പം ഓട്ടോകള്‍ പോലും വരാന്‍ മടിച്ചതോടെ പഠിക്കുന്ന കുട്ടികളുള്ള കുടുംബങ്ങളില്‍ പലതും വീടു വാടകയ്ക്കെടുത്തു മറ്റിടങ്ങളിലേക്കു മാറുകയാണ്.
വാഹനങ്ങള്‍ക്കു തകരാര്‍ നിത്യസംഭവമായതോടെ ഈ റൂട്ട് തെരഞ്ഞെടുക്കുന്നവര്‍ വളരെ കുറവാണ്. ആശുപത്രി ആവശ്യങ്ങള്‍ക്കു പോലും വാഹനങ്ങള്‍ കടന്നുപോകാന്‍ സാധിക്കാത്ത സ്ഥിതിയിലാണ് റോഡ്.
ഈരാറ്റുപേട്ടയില്‍ നിന്ന് ഏന്തയാറിനും മുണ്ടക്കയത്തിനും ഉണ്ടായിരുന്ന കെഎസ്ആര്‍ടിസി സര്‍വീസുകളും മാസങ്ങള്‍ക്കു മുൻപേ നിലച്ചു. പിഡബ്ല്യുഡി ഓഫീസ് ഉപരോധം അടക്കം സമരം തുടങ്ങാനുള്ള നീക്കത്തിലാണ് നാട്ടുകാര്‍.







