
സ്വന്തം ലേഖകൻ
കോട്ടയം: സ്കൂൾ ഉച്ചഭക്ഷണ പദ്ധതി പ്രഥമാധ്യാപകർക്ക് വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്നു. ഫണ്ട് അപര്യാപ്തയും അനുവദിച്ച ഫണ്ട് കൃത്യമായി ലഭിക്കാത്തതുമാണ് കാരണം. ഒരു കുട്ടിക്ക് ഏട്ട് രൂപ നിരക്കിലാണ് ഫണ്ട് അനുവദിക്കുന്നത്.
ഈ തുക ഉപയോഗിച്ച് രണ്ടുതരം കറികൾ നൽകിയുള്ള ഉച്ചഭക്ഷണവും ആഴ്ചയിൽ രണ്ട് ദിവസം പാലും ഒരു ദിവസം മുട്ടയും നൽകണം. എൽപിജി, പലവ്യഞ്ജനം, പച്ചക്കറി, പാല്, മുട്ട എന്നിവയ്ക്ക് ദിനംപ്രതി വിലകൂടുന്പോഴും സർക്കാർ എട്ടുവർഷം മുൻപ് നിശ്ചയിച്ച നിരക്കിലാണു തുക അനുവദിക്കുന്നത്. ഇതാണ് സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയെ അവതാളത്തിലാക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്കൂൾ പ്രഥമാധ്യാപകർ ഇക്കാര്യത്തിൽ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. സർക്കാരിൻറെ ഭാഗത്തുനിന്നുള്ള അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് നിരവധി നിവേദനങ്ങൾ നൽകിയിട്ടും പരിഹാരം ഉണ്ടായിട്ടില്ല.
തുക വർധിപ്പിക്കുന്നത് പരിഗണിക്കാമെന്നു മന്ത്രി പറഞ്ഞിട്ട് ഒരു വർഷം കഴിഞ്ഞു. ഇതുവരെയായിട്ടും യാതൊരു നടപടിയും ഇല്ലാത്ത സാഹചര്യത്തിലാണു പ്രക്ഷോഭപരിപാടികളെകുറിച്ച് ആലോചിക്കുന്നതെന്ന് കെപിഎസ്ടിഎ നേതാക്കൾ അറിയിച്ചു.
കെപിഎസ്ടിഎ ജില്ല പ്രസിഡൻറ് വർഗീസ് ആൻറണി അധ്യക്ഷതവഹിച്ചു. സംസ്ഥാന വൈസ്പ്രസിഡൻറ് പി.വി. ഷാജിമോൻ ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി മനോജ് വി. പോൾ, ട്രഷറർ തോമസ് മാത്യു, എം.സി. സ്കറിയ, ജേക്കബ് ചെറിയാൻ, പി.ആർ. ശ്രീകുമാർ, പി.പി. വിൽഫ്രഡ്, എബിസൺ കെ. ഏബ്രഹാം, ആർ. രാജേഷ് എന്നിവർ പ്രസംഗിച്ചു.