പെരുവന്താനത്തിനും മുറിഞ്ഞപുഴയ്ക്കുമിടയിൽ ദേശീയപാതയോരത്ത് അപകടക്കെണിയൊരുക്കി വന്‍ മരങ്ങള്‍; ഭീതിയിൽ ജനം
സ്വന്തം ലേഖിക
മുണ്ടക്കയം :ദേശീയപാതയോരത്ത് പെരുവന്താനത്തിനും മുറിഞ്ഞപുഴയ്ക്കുമിടയിൽ അപകടക്കെണിയൊരുക്കി വന്‍ മരങ്ങള്‍. കൊട്ടാരക്കര-ദിണ്ഡിഗല്‍ ദേശീയപാതയില്‍ പെരുവന്താനത്തിനും മുറിഞ്ഞപുഴയ്ക്കുമിടയിലാണ് അപകടഭീഷണി ഉയര്‍ത്തി പാതയുടെ വശങ്ങളില് വന്മരങ്ങള് നില്‍ക്കുന്നത്. ചുവട്ടിലെ മണ്ണ് ഒലിച്ചുപോയി വേര് തെളിഞ്ഞ നിലയില്‍ നിരവധി മരങ്ങളാണ് ഏതുനിമിഷവും നിലംപതിക്കുന്ന അവസ്ഥയില്‍ നില്‍ക്കുന്നത്. വെള്ളിയാഴ്ച രാവിലെ മുറിഞ്ഞപുഴയ്ക്കു സമീപം മരം കടപുഴകി വീണതിനെത്തുടര്‍ന്നു രണ്ടു മണിക്കൂറോളം ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ടു.
പീരുമേട്ടില്‍നിന്നു ഫയര്‍ഫോഴ്സും പോലീസും നാട്ടുകാരും ചേര്‍ന്നാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. വൈദ്യുതി ലൈനുകള്‍ക്കും കേടുപാട് സംഭവിച്ചു. മരം കടപുഴകി വീഴുന്നതിനു നിമിഷങ്ങള്‍ക്കു മുന്‍പ് ഇതുവഴി കെഎസ്ആര്‍ടിസി ബസ് കടന്നുപോയിരുന്നു.ചില മരങ്ങളുടെ വേരുകള്‍ പിഴുതുമാറി വള്ളിപ്പടര്‍പ്പുകളുടെ ബലത്തിലാണ് നില്‍ക്കുന്നത്. അപകടഭീഷണി ഉയര്‍ത്തി നില്ക്കുന്നതില് ഭൂരിഭാഗവും പാഴ് മരങ്ങളാണ്. അതുകൊണ്ടുതന്നെ ഇവ ലേലം വിളിക്കാനോ വെട്ടി മാറ്റാനോ തടിക്കച്ചവടക്കാരും മുന്നിട്ടിറങ്ങാറില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ കാലവര്‍ഷം മുതല്‍ ദേശീയപാതയോരത്ത് അപകടാവസ്ഥയില്‍ നില്ക്കുന്ന മരങ്ങള്‍ വെട്ടി മാറ്റണമെന്നു നാട്ടുകാര്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും ദേശീയപാതാ വിഭാഗം ഇതിനു തയാറായിട്ടില്ല.പെരുവന്താനം മുതല്‍ കുട്ടിക്കാനം വരെ ദേശീയപാത വനതുല്യമാണ്. വശങ്ങളില് വലിയ കാടുകള്‍ വളര്‍ന്നു നില്‍ക്കുന്നതിനൊപ്പം അപകടഭീഷണിയായി വന്‍ മരങ്ങള്‍ കൂടി നില്ക്കുന്നതു വാഹന യാത്രികരെയും ഭീതിയിലാഴ്ത്തുകയാണ്.മഴക്കാലമായതോടെ മേഖലയില്‍ ശക്തമായ മൂടല്‍മഞ്ഞും അനുഭവപ്പെടുന്നുണ്ട്. മരങ്ങള്‍ കടപുഴകി പാതയില്‍ പതിച്ചാല്‍ ഇത് അപകടത്തിന്റെ വ്യാപ്തി കൂട്ടും.