ദേശീയപാത 183-ൽ പൊടിമറ്റം സെന്റ് ഡോമിനിക്സ് കോളേജിന് സമീപം തണൽ വൃക്ഷങ്ങൾ അനധികൃതമായി മുറിച്ചു നീക്കിയതായി പരാതി
സ്വന്തം ലേഖകൻ
കാഞ്ഞിരപ്പള്ളി: ദേശീയപാത 183-ൽപൊടിമറ്റം സെന്റ് ഡോമിനിക്സ് കോളേജിന് സമീപം ദേശീയപാതയോരത്ത് തണൽ വൃക്ഷമായി നട്ടുപിടിപ്പിച്ചിരുന്ന 150 ഇഞ്ച് വണ്ണമുള്ള മരം അധികൃതരുടെ അനുമതിയില്ലാതെ സ്വകാര്യവ്യക്തി മുറിച്ചുമാറ്റിയതായി പരാതി.
ഏതാനും മാസങ്ങൾക്ക് മുൻപ് മരത്തിന്റെ ശിഖരങ്ങൾ മുറിച്ചു മാറ്റിയിരുന്നു. ആഴ്ചകൾക്ക് മുൻപ് മരത്തിന്റെ ചുവട് കുറെ ഭാഗം വെട്ടി വയ്ക്കുകയും ഇക്കഴിഞ്ഞ ഞായറാഴ്ച മരം ചുവടെ മുറിച്ച് നീക്കുകയും ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ദേശീയ പാതാ അധികൃതരുടെയോ സോഷ്യൽ ഫോറസ്റ്ററി വിഭാഗത്തിന്റെയോ യാതൊരു അനുമതിയും തേടാതെയാണ് മരം മുറിച്ചു നീക്കിയത്. ഇതിന് എതിരെ പാറത്തോട് ഗ്രാമപഞ്ചായത്ത് ദേശീയപാത ഓഫീസിലും ഫോറസ്റ്റ് ഓഫീസിലും വിവരമറിയിച്ചെങ്കിലും ബന്ധപ്പെട്ടവർ യാതൊരു നടപടിയും സ്വീകരിച്ചില്ല എന്നും പരാതി ഉയർന്നിരിക്കുകയാണ്.
റോഡിലെ ഒരു മരച്ചില്ലയെങ്കിലും മുറിച്ചു നീക്കുന്നതിന് അനുമതി വാങ്ങിയില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുന്ന വകുപ്പുദ്യോഗസ്ഥർ ഇവിടെ എന്തേ നിസംഗത പുലർത്തുന്നു എന്നാണ് നാട്ടുകാരുടെ സംശയം.