
സ്വന്തം ലേഖകൻ
എരുമേലി: കുറുക്കന്റെ ആക്രമണത്തിൽ രണ്ട് വീട്ടമ്മമാർക്ക് പരിക്ക്. ഇവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എരുമേലിക്കടുത്ത് പേരൂർതോട് ഭാഗത്താണ് സംഭവം. പുത്തൻപുരയ്ക്കൽ നസീറിൻറെ ഭാര്യ ഷീജ (45) യെയും തുണ്ടിയിൽ രാധ (70) എന്നിവരെയാണ്കുറുക്കൻ ആക്രമിച്ചത്.
ഷീജയെ വീടിന് മുന്പിൽവച്ചാണ് കുറുക്കൻ ആക്രമിച്ചത്. മുഖത്തും കൈയ്യിലും കാലുകളിലും കടിയേറ്റ് പരിക്കുകളുണ്ട്. മകളുടെ നേർക്കും കുറുക്കൻ ചാടിവീണെങ്കിലും പെട്ടന്ന് ഓടി രക്ഷപ്പെട്ടതുകൊണ്ട് പരിക്കുകളില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉയരം കുറഞ്ഞ നായയുടെ രൂപത്തിലുള്ള കുറുക്കനാണ് ആക്രമിച്ചതെന്ന് നാട്ടുകാർ പറഞ്ഞു. രാധയുടെ കാലിലാണ് കുറുക്കൻ കടിച്ചത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച രണ്ട് പേർക്കും പ്രതിരോധ കുത്തിവയ്പ്പും ചികിത്സയും നൽകി. സമീപത്തെ വനത്തിൽനിന്നുമാണ് കുറുക്കൻമാർ എത്തുന്നതെന്ന് നാട്ടുകാർ പറയുന്നു.
വനം വകുപ്പിൽ വിവരം അറിയിച്ച നാട്ടുകാർ അടിയന്തര പരിഹാര നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ടു. ഉപദ്രവകാരികളായ കുറുക്കൻമാരെ പിടികൂടിയില്ലെങ്കിൽ ഇനിയും പലരും ആക്രമണത്തിന് ഇരയാകുമെന്ന ആശങ്കയിലാണ് നാട്ടുകാർ. വനം വകുപ്പിൽനിന്നും അന്വേഷണവും നടപടികളും സ്വീകരിക്കണമെന്ന് വാർഡ് അംഗം ഷാനവാസ് പുത്തൻവീട് ആവശ്യപ്പെട്ടു.