play-sharp-fill
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ റേഡിയേഷന്‍ യന്ത്രത്തകരാര്‍;കാൻസർ രോഗികൾ പ്രതിസന്ധിയിൽ

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ റേഡിയേഷന്‍ യന്ത്രത്തകരാര്‍;കാൻസർ രോഗികൾ പ്രതിസന്ധിയിൽ

 

സ്വന്തം ലേഖിക

കോട്ടയം: മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ എത്തുന്ന കാന്‍സര്‍ രോഗികളെ വലച്ചു റേഡിയേഷന്‍ യന്ത്രത്തകരാര്‍.
ആശുപത്രിയിലെ ഓങ്കോളജി വിഭാഗത്തില്‍ എത്തുന്ന നൂറുകണക്കിനു രോഗികളാണ്‌ ഇതുമൂലം വലയുന്നത്‌. ചികിത്സ വൈകുന്നതിനാല്‍ പലരുടെയും ജീവന്‍ പോലും അപകടത്തിലാകുന്ന അവസ്‌ഥയാണെന്നു പരാതിയുണ്ട്‌. കാന്‍സര്‍ രോഗികള്‍ക്ക്‌ ലീനിയര്‍ ആക്‌സിലേറ്റര്‍ യന്ത്രം വഴിയാണു ചികിത്സ നല്‍കുന്നത്‌.

യന്ത്രത്തിന്റെ താപനില നിയന്ത്രിക്കുന്ന ചില്ലര്‍ ക്യാപ്‌സ്യൂളിന്റെ തകരാറാണു രോഗികളെ വലയ്‌ക്കുന്നത്‌. രണ്ടാഴ്‌ചയ്‌ക്കിടെ രണ്ടു തവണ അറ്റകുറപ്പണി നടത്തിയെങ്കിലും പൂര്‍ണമായി പഴയപടിയിലായിട്ടില്ല. യന്ത്രം പൂര്‍ണമായി മാറ്റണമെന്നാണു കമ്ബനി നിര്‍ദേശിച്ചിരിക്കുന്നത്‌. പന്ത്രണ്ടു വര്‍ഷം പഴക്കമുള്ള യന്ത്രമാണിത്‌.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തകരാറിലായ ഭാഗം മാത്രം മാറ്റിയാല്‍ വീണ്ടും പ്രവര്‍ത്തന രഹിതമാകുമെന്നാണു കമ്ബനി അധികൃതരുടെ വിശദീകരണം. ഇതിന്‌ എട്ടു ലക്ഷം രൂപ വിലവരും. രണ്ടു വര്‍ഷത്തെ ഗാരന്റിയും ലഭിക്കും.ഇവിടെ പ്രതിദിനം 25 രോഗികള്‍ക്കുവരെ റേഡിയേഷന്‍ നല്‍കുവാന്‍ കഴിഞ്ഞിരുന്നു. യന്ത്രം തകരാറിലായതോടെ ആറു രോഗികള്‍ക്കുവരെ റേഡിയേഷന്‍ നല്‍കുന്നതിനേ ഇപ്പോള്‍ കഴിയുന്നുള്ളു. ഇത്‌ പാവപ്പെട്ട രോഗികളെയാണ്‌ ഏറെ ബുദ്ധിമുട്ടിക്കുന്നത്‌.

സ്വകാര്യ ആശുപത്രികളിര്‍ രണ്ടു ലക്ഷം രൂപവരെ വരുന്ന റേഡിയേഷന്‍ ചികിത്സയ്‌ക്കു മെഡിക്കല്‍ കോളജില്‍ പരമാവധി 25,000 രൂപ മാത്രമാണു ചെലവു വരുന്നത്‌. ഇന്‍ഷ്വറന്‍സ്‌ പരിരക്ഷയുള്ളവര്‍ക്ക്‌ ചികിത്സാ ചെലവ്‌ സര്‍ക്കാര്‍ വഹിക്കുമെന്നുള്ള പ്രത്യേകതയുമുണ്ട്‌.
കാന്‍സര്‍ ചികിത്സയില്‍ പ്രധാനമായ കോബോള്‍ട്ട്‌ തെറാപ്പി രോഗികള്‍ക്കു നല്‍കുവാനും ഇപ്പോള്‍ കഴിയുന്നില്ല. രണ്ടു വര്‍ഷമായി ഈ യന്ത്രം തകരാറിലാണ്‌. കോബോള്‍ട്ട്‌ യന്ത്രവും പുതിയതായി വാങ്ങി സ്‌ഥാപിക്കണം. ഇതിനായി പുതിയ കെട്ടിടം ഇനിയുണ്ടാക്കണം.കോട്ടയം, ഇടുക്കി, ആലപ്പുഴ, എറണാകുളം ഭാഗത്തുള്ള രോഗികള്‍ക്ക്‌ ഇതോടെ തിരുവനന്തപുരത്തിനും കോഴിക്കോടിനുമൊക്കെ ചികിത്സ തേടി പോകേണ്ട അവസ്‌ഥയാണ്‌.