കാട്ടാനശല്യത്തില്‍ പൊറുതിമുട്ടി കോരുത്തോട് മേഖല ;വന അതിര്‍ത്തി മേഖലയിൽ വ്യാപകനാശം വിതച്ച് കാട്ടാനക്കൂട്ടം ;നടപടിയെടുക്കാതെ അധികൃതർ ;കൃഷിയെ ആശ്രയിച്ചു ജീവിക്കുന്ന ജനങ്ങളെ അധികാരികള്‍ മനപൂര്‍വം അവഗണിക്കുന്നതായി പരാതി
സ്വന്തം ലേഖിക
മുണ്ടക്കയം: ശബരിമല വനത്തോട് ചേര്‍ന്നുള്ള കോരുത്തോട് പഞ്ചായത്തിന്റെ വിവിധ മേഖലയില്‍ കാട്ടാനശല്യം രൂക്ഷമാകുന്നു.
മൂഴിക്കല്‍, കണ്ടങ്കയം, പാറാംതോട് തുടങ്ങിയ വന അതിര്‍ത്തി മേഖലയിലാണ് കാട്ടാനക്കൂട്ടം വ്യാപകനാശം വരുത്തുന്നത്. മേഖലയിലെ ആളുകളുടെ പ്രധാന വരുമാന മാര്‍ഗം കൃഷിയാണ്. കൂട്ടമായി എത്തുന്ന കാട്ടാനകള്‍ കൃഷി പൂര്‍ണമായി ചവിട്ടിമെതിച്ച ശേഷമാണ് കാട്ടിലേക്ക് മടങ്ങുന്നത്. ഇത് കര്‍ഷകര്‍ക്ക് വലിയ നഷ്ടമാണ് വരുത്തുന്നത്.
അധികൃതര്‍ നടപടിയെടുക്കാത്തതില്‍ പ്രദേശവാസികള്‍ കടുത്ത പ്രതിഷേധത്തിലുമാണ്. കഴിഞ്ഞദിവസം ജനവാസമേഖലയിലിറങ്ങിയ കാട്ടാന വൈദ്യുതാഘാതമേറ്റു ചരിഞ്ഞിരുന്നു. പാറാംതോട് പോകുന്ന വഴിയില്‍ നാട്ടുകാരാണ് ആനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ശബരിമല തീര്‍ഥാടകര്‍ സഞ്ചരിക്കുന്ന കാനനപാതയോടു ചേര്‍ന്നുള്ള വഴിയാണിത്. വഴിയോരത്തെ പ്ലാവില്‍നിന്നു ചക്ക പറിക്കാന്‍ ശ്രമിക്കുന്നതിനിടെ സമീപത്തെ വൈദ്യുതി ലൈനില്‍നിന്ന് ആനയ്ക്കു വൈദ്യുതാഘാതമേല്‍ക്കുകയായിരുന്നുവെന്ന് വനം വകുപ്പധികൃതര്‍ പറഞ്ഞു. സ്വകാര്യ പുരയിടത്തിലെത്തിയ ആന വ്യാപകമായി കൃഷി നശിപ്പിച്ചിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആനശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികള്‍ മുട്ടാത്ത വാതിലുകളില്ല.പലസ്ഥലങ്ങളിലും സോളാര്‍ വേലികള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പരിപാലന കുറവ് മൂലം പ്രവര്‍ത്തനരഹിതമാണ്. കൃഷിയെ പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാരുകള്‍ വലിയ പദ്ധതികള്‍ ആവിഷ്കരിക്കുമ്ബോഴും കൃഷിയെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന വന അതിര്‍ത്തി മേഖലയിലെ ജനങ്ങളെ അധികാരികള്‍ മനപൂര്‍വം അവഗണിക്കുകയാണെന്നും ആക്ഷേപമുണ്ട്.