
സ്വന്തം ലേഖകൻ
കൊല്ലം: വിനോദയാത്രയ്ക്ക് മുമ്പ് ബസിന് മുകളിൽ പൂത്തിരി കത്തിച്ചുള്ള അഭ്യാസപ്രകടനത്തിനിടെ ബസിന് തീപിടിച്ചു. കൊല്ലം പെരുമൺ എൻജിനിയറിങ് കോളജിലാണ് സംഭവം. ബസിന് മുകളിൽ വലിയ പൂത്തിരി കത്തിക്കുകയായിരുന്നു. എന്നാൽ തീ ബസിലേക്ക് പടരുകയായിരുന്നു.
ജീവനക്കാരൻ അതിവേഗം തീ അണച്ചതിനാൽ അപകടം ഒഴിവായി. കഴിഞ്ഞ ദിവസമാണ് സംഭവം. വിനോദയാത്രയ്ക്ക് മുമ്പ് വിദ്യാർത്ഥികളെ ആവേശംകൊള്ളിക്കാനായിരുന്നു ബസ് ജീവനക്കാരുടെ പ്രകടനം. യാത്രയ്ക്കായി രണ്ട് കമ്പനികളുടെ ബസ്സാണ് വിദ്യാർത്ഥികൾ ബുക്ക് ചെയ്തിരുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ബസുകൾ തമ്മിലുള്ള മത്സരമാണ് സംഭവത്തിലേക്ക് കടന്നത്. സംഭവത്തിൽ കോളജിന് പങ്കില്ലെന്നും ബസ് ജീവനക്കാരാണ് ഉത്തരവാദികളെന്നും പ്രിൻസിപ്പൽ പ്രതികരിച്ചു. ബസ് വയനാട് വഴി കർണാടകയിലേക്ക് പോയിരിക്കുകയാണെന്നും ഉടമയെ കണ്ടെത്തിയെന്നും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. കൊമ്പൻ എന്ന പേരിലെ ബസ്സിലാണ് അപകടകരമായ അഭ്യാസപ്രകടനം അരങ്ങേറിയത്.
പലപ്പോഴും കോളേജ് ടൂറിന്റെയും മറ്റ് ആഘോഷങ്ങളുടെയും ഭാഗമായി അഭ്യാസ പ്രകടനങ്ങൾ നടത്തുന്ന ബസുകൾക്കെതിരെ മോട്ടോർ വാഹന വകുപ്പ് നടപടി എടുത്തിരുന്നു. അടുത്തിടെ തിരുവനന്തപുരത്ത് ശബരിമലയാത്രക്കെത്തിയപ്പോൾ കൊമ്പൻ എന്ന ടൂറിസ്റ്റ് ബസിനെതിരെ നടപടി സ്വീകിരിച്ചിരുന്നു. അമിത വേഗവും അപകടരമായ അഭ്യാസ പ്രകടനങ്ങളും സോഷ്യൽ മീഡയയിൽ പങ്കുവച്ച സംഭവങ്ങളിലും വകുപ്പ് നടപടി സ്വീകിരിച്ചിരുന്നു. ഇതിനിടെയാണ് പുതിയ അഭ്യാസങ്ങളുടെ ദൃശ്യങ്ങൾ പുറത്തുവരുന്നത്.