12 വര്‍ഷം നീണ്ട പ്രണയം; ഒടുവിൽ ആരുമറിയാതെ രജിസ്റ്റര്‍ വിവാഹം; അന്യമതസ്ഥനെ അം​ഗീകരിക്കാത്ത വീട്ടുകാരും വീട്ടുകാരുടെ സമ്മതമില്ലാതെ ഒരുമിച്ച്‌ കഴിയില്ലെന്ന അഷ്ടമിയുടെ നിലപാടും; യുവ അഭിഭാഷകയുടെ മരണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്….!

Spread the love

സ്വന്തം ലേഖിക

കൊല്ലം: യുവ അഭിഭാഷകയെ വീടിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസിന് ലഭിച്ചത് നിര്‍ണായക വിവരങ്ങള്‍.

കുടവട്ടൂര്‍ മാരൂര്‍ അഷ്ടമിഭവനില്‍ അഷ്ടമി(25)യുടെ ആത്മഹത്യ ചെയ്തത്.
ഒരുമാസം മുൻപ് അഷ്ടമി വിവാഹം കഴിച്ചിരുന്നു എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. കൊട്ടാരക്കര സ്വദേശിയായ ഫോട്ടോ ഗ്രാഫര്‍ അജോ എബ്രഹാമുമായി കഴിഞ്ഞ മെയ് 24 നായിരുന്നു വിവാഹം. കൊട്ടാരക്കര സബ് രജിസ്ട്രാര്‍ ഓഫീസില്‍ ഇരുവരും വിവാഹം രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

12 വര്‍ഷത്തോളം പ്രണയിച്ച ശേഷമാണ് അഷ്ടമിയും അജോയും വിവാഹിതരായത്. അജോ തന്നെയാണ് ഈ വിവരങ്ങള്‍ പൊലീസിനോട് വെളിപ്പെടുത്തിയത്. അഷ്ടമിയുടെ ആത്മഹത്യക്ക് പിന്നാലെ അജോയെ ചോദ്യം ചെയ്തതോടെയാണ് ഇക്കാര്യം വ്യക്തമായത്. അഷ്ടമിയുടെ ഫോണിന്റെ ലോക്ക് അജോയ്ക്ക് അറിയാമായിരുന്നു. ഇയാള്‍ ഫോണ്‍ ലോക്ക് മാറ്റി കൊടുക്കുകയും ചെയ്തു. അവസാനമായി സംസാരിച്ചത് തന്നോടാണ് എന്ന് പൊലീസിനോട് ഇയാള്‍ സമ്മതിച്ചു.

വീഡിയോ കോള്‍ വിളിച്ചു സംസാരിക്കുമ്പോള്‍ നെറ്റ് വര്‍ക്ക് പ്രശ്നം മൂലം പുറത്തേക്ക് ഇറങ്ങി നിന്നു സംസാരിച്ചു. പിന്നീട് ഫോണ്‍ വയ്ക്കുമ്പോള്‍ വരെ അസ്വാഭാവികതയൊന്നും തോന്നിയിരുന്നില്ല എന്ന് ഇയാള്‍ പൊലീസിന് മുന്‍പാകെ അറിയിച്ചു.

അഷ്ടമിയുടെ ഫോണ്‍ പരിശോധിച്ചപ്പോഴും വാട്ടസാപ്പ് മെസ്സേജുകളില്‍ ഒന്നും തന്നെ അസ്വാഭാവികത കണ്ടെത്താന്‍ കഴിഞ്ഞില്ല. പൊലീസ് വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം അജോയെ വിട്ടയച്ചു. സ്‌ക്കൂള്‍ കാലം മുതലേ ഇരുവരും പ്രണയത്തിലായിരുന്നു. രണ്ടായിരത്തി ഇരുപതില്‍ പ്രണയത്തിന്റെ പത്ത് വര്‍ഷങ്ങള്‍ ആഘോഷിച്ചതിന്റെ ചിത്രങ്ങള്‍ അജോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു.

രണ്ട് പേരുടെയും ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ ഇവരുടെ പ്രണയത്തിനേ പറ്റി രേഖപ്പെടുത്തിയിട്ടുണ്ട്.
ഒരുമിച്ച്‌ യാത്ര ചെയ്ത ചിത്രങ്ങള്‍, അജോ പകര്‍ത്തിയ അഷ്ടമിയുടെ വിവിധ ഫോട്ടോകള്‍ എന്നിവ രണ്ട് പേരും ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

അഷ്ടമി കേരളാ ഹൈക്കോടതിയില്‍ എന്റോള്‍ ചെയ്തശേഷം വക്കീല്‍ കോട്ട് ഇട്ട് കൊണ്ട് അജോക്ക് ഒപ്പം നില്‍ക്കുന്ന ചിത്രം ഉള്‍പ്പെടെ ഇവരുടെ ബന്ധത്തെ വെളിവാക്കുന്ന തെളിവുകള്‍ ആയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അജോ ഏബ്രഹാമിനേ വിശദമായി ചോദ്യംചെയ്തത്.

അഷ്ടമിയുടെ മാതാപിതാക്കള്‍ സമ്മതിക്കാത്തതുകൊണ്ടാണ് വിവാഹം രജിസ്റ്റര്‍ ചെയ്യേണ്ടി വന്നത് എന്നും വിവാഹ വിഷയം അഷ്ടമിയുടെ മാതാപിതാക്കളോട് സംസാരിക്കാന്‍ താന്‍ രണ്ട് തവണ അവരുടെ വീട്ടില്‍ പോയതായും അജോ സമ്മതിച്ചു. ഇരുവരും തമ്മിലുള്ള പ്രണയത്തെപറ്റിയും രജിസ്റ്റര്‍ വിവാഹം കഴിച്ചതായും അഷ്ടമിയുടെ മാതാപിതാക്കള്‍ക്ക് അറിയാമായിരുന്നതായി പൊലീസ് പറയുന്നു. എന്നാല്‍ അജോ അന്യമതസ്ഥന്‍ ആയിരുന്നതിനാല്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഇതിന് സമ്മതിച്ചിരുന്നില്ല.

മാതാപിതാക്കളേ ധിക്കരിച്ച്‌ പോകാന്‍ അഷ്ടമിയും തയ്യാറായിരുന്നില്ല. ഇത്തരം കാരണങ്ങള്‍ കൊണ്ട് ഉണ്ടായ മാനസിക സമ്മര്‍ദ്ദമാകാം പെണ്‍കുട്ടിയെ ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് പൊലീസിന്റെ നിഗമനം. കൊല്ലം എസ്.എന്‍ ലോ കോളേജില്‍ നിന്നും എല്‍.എല്‍.ബി പൂര്‍ത്തിയാക്കിയ അഷ്ടമി 2022 ജനുവരി മുതലാണ് കൊട്ടാരക്കര കോടതിയില്‍ പ്രാക്ടീസിനായി പോയി തുടങ്ങിയത്. കേരളാ ഹൈക്കോടതിയില്‍ എന്റോള്‍ ചെയ്യുന്ന ചിത്രം എന്റെ ഒരു സ്വപ്നം സഫലമായി എന്ന ക്യാപ്ഷനോടെ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

തൊഴില്‍പരമായതും വ്യക്തിപരമായതുമായ ഉന്നതികള്‍ സ്വപ്നം കാണുന്ന, അത് തനിക്ക് സാധ്യമാകും എന്നുറപ്പുള്ള, 12വര്‍ഷമായി മനസില്‍ താലോചിച്ച്‌ കൊണ്ട് നടന്ന് ഒടുവില്‍ നിയമപരമായി വിവാഹത്തിലെത്തിയ പ്രണയസാക്ഷാത്കാരം, വീട്ടുകാര്‍ അല്ല ആര് എതിര്‍ത്താലും തനിക്ക് അജോയോടോപ്പം ജീവിക്കാന്‍ കഴിയും എന്ന് അറിയാവുന്ന നിയമം പഠിച്ച ഒരു പെണ്‍കുട്ടി. അവളാണ് ആത്മഹത്യ ചെയ്തിരിക്കുന്നത് ഇത് പൊലീസ് പറയുന്നത് പൊലെ ഡിപ്രഷനില്‍ അവസാനിച്ച ജീവിതമാണോ എന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്.

പ്രത്യേകിച്ച്‌ പ്രശ്‌നങ്ങള്‍ ഒന്നുമില്ലാത്ത കുടുംബ ചുറ്റുപാടുകളുമായിരുന്നു ഇവരുടെത്. അതുകൊണ്ട് തന്നെ അഷ്ടമിയുടെ ആത്മഹത്യയില്‍ ബന്ധുക്കളും നാട്ടുകാരും ദുരൂഹത ആരോപിക്കുകയാണ്. മരണംനടന്ന് രണ്ടാഴ്ച കഴിഞ്ഞിട്ടും പക്ഷേ മരണകാരണം കൃത്യമായി കണ്ടെത്താന്‍ പൊലീസിന് ആകുന്നില്ല എന്ന പരാതി ഇപ്പോള്‍ വ്യാപകമായി ഉയരുന്നു.