പീഡന പരാതിയിൽ അറസ്റ്റിലായി മണിക്കൂറുകൾക്കുള്ളിൽ പിസി ജോർജിന് ജാമ്യം; പീഡനകേസ് പ്രതിയെ ഹാജരാക്കിയ ഉടൻ മജിസ്ട്രേട്ട് കോടതി ജാമ്യം അനുവദിക്കുന്നത് അപൂർവം; രണ്ടാം വട്ടവും പി സിക്ക് രക്ഷകനായിയെത്തിയത് അഭിഭാഷകൻ അജിത്കുമാർ
സ്വന്തം ലേഖകൻ
തിരുവനന്തപുരം : പീഡന പരാതിയിൽ പിസി ജോർജിന് രക്ഷകനായി ഇത്തവണയുമെത്തിയത് അഭിഭാഷകൻ അജിത് കുമാർ. പി.സി.ജോർജെന്ന ശത്രുവിനെ പൂട്ടാൻ പിണറായി വിജയന്റെ പൊലീസ് തയാറാക്കിയ തന്ത്രങ്ങൾ ശസ്തമംഗലം അജിത്കുമാറെന്ന ബിജെപിയുടെ ഏറ്റവും വിശ്വസ്തനായ അഭിഭാഷകൻ അജിത് കുമാർ പൊളിച്ചടുക്കി.
ഇത് രണ്ടാംവട്ടമാണ് ജോർജിന്റെ രക്ഷയ്ക്ക് അജിത്കുമാറെത്തുന്നത്. രണ്ടുമാസ മുമ്പ് വിദ്വേഷപ്രസംഗ കേസിൽ അറസറ്റിലായപ്പോഴും ജോർജിന് മണിക്കൂറുകൾക്കുള്ളിൽ ജാമ്യം വാങ്ങിക്കൊടുത്തത് അജിത് കുമാറായിരുന്നു. ഇന്നലെയും പി സി അഴിക്കുള്ളിലാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും രണ്ടു മണിക്കൂർ നീണ്ട വാദപ്രവാദത്തിനൊടുവിൽ പി സിക്ക് അജിത്കുമാർ ജാമ്യം വാങ്ങികൊടുത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജോർജിനെ ഹാജരാക്കുന്ന വിവരം പൊലീസ് നേരത്തെ മജിസ്ട്രേട്ടിനെ അറിയിച്ചിരുന്നു. ആറുമണിക്ക് എത്തിക്കുമെന്നായിരുന്നു അറിയിച്ചത്. സാധാരണഗതിയിൽ അഞ്ചുമണിക്ക് ശേഷമാണെങ്കിൽ വീട്ടിൽ ഹാജരാക്കിയാൽ മതിയെന്നാകും മജിസ്ട്രേട്ടുമാർ പറയാറുള്ളത്. എന്നാൽ കേസിൽ ഗൗരവം കണക്കിലെടുത്ത മജിസ്ട്രട്ട് അബിനിമോൾ രാജേന്ദ്രൻ കോടതിയിൽ എത്തിച്ചാൽ മതിയെന്നും താൻ ഉണ്ടാകുമെന്നും പറഞ്ഞു. ഇതോടെ പൊലീസിന്റെ ആദ്യകണക്കു കൂട്ടൽ തെറ്റി.
കോടതിയിലാണെങ്കിൽ വിശദമായ വാദപ്രതിവാദം നടക്കും. അത് അനുകൂലമാകില്ലെന്നറിഞ്ഞ പൊലീസ് ജോർജുമായി 6.30തോടെ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി 3ൽ എത്തി. ഏഴ് മണിക്ക് മജിസ്ട്രേട്ട് ചേംബറിൽ നിന്ന് ബെഞ്ചിലെത്തി, വാദം തുടങ്ങി.സ്ത്രീയുടെ മാനത്തിനാണ് ക്ഷതമേറ്റതെന്നും മതവിദ്വേഷ പ്രസംഗമടക്കം മറ്റ് കേസുകളിലും പ്രതിയായ പി.സി.ജോർജ് ജാമ്യം ലഭിച്ചാൽ സാക്ഷികളെ സ്വാധീനിക്കുമെന്നും പ്രോസിക്യൂഷൻ വാദിച്ചു.
കോടതി നൽകിയ ജാമ്യവ്യവസ്ഥ ലംഘിച്ച പ്രതിയാണെന്നും 9 കേസുകളിൽ പ്രതിയാണെന്നും പ്രോസിക്യൂഷന് വേണ്ടി ഹാജരായ സീനിയർ അസിസ്റ്റന്റ് പ്രോസിക്യൂട്ടർ ഉമാ നൗഷാദ് വാദിച്ചു. ഫെബ്രുവരിയിൽ നടന്ന സംഭവത്തിൽ ഇപ്പോൾ പരാതി ഉന്നയിക്കുന്നത് കേസ് കെട്ടിചമച്ചതിന് തെളിവാണെന്ന പ്രതിഭാഗത്തിന്റെ വാദത്തെ സ്ത്രീയുടെ മാനത്തിനാണ് വിലയെന്നും പരാതി നൽകാൻ വൈകിയത് ഇപ്പോൾ പരിഗണിക്കേണ്ട വിഷയമല്ലെന്നും പ്രോസിക്യൂഷൻ വാദിച്ചു.
എന്നാൽ, കേസ് രാഷ്ട്രീയപ്രേരിതമാണെന്നും പരാതിക്കാരിക്ക് വിശ്വാസ്യതയില്ലെന്നും പ്രതിഭാഗം വക്കീൽ അജിത്ത് കുമാർ വാദിച്ചു. പരാതിക്കാരി മുൻ മുഖ്യമന്ത്രിക്കെതിരെ അടക്കം പീഡന പരാതി നൽകിയിട്ടുണ്ട്. പരാതിക്കാരിയെക്കൊണ്ട് കള്ളപ്പരാതി നൽകുകയായിരുന്നു. പി.സി.ജോർജ് ഹൃദ്രോഗിയാണ്, രക്തസമ്മർദമുണ്ട്.അദ്ദേഹത്തിന് 71 വയസുണ്ട്.മെഷീന്റെ സഹായത്തോടെയാണ് ഉറങ്ങുന്നത്.അദ്ദേഹത്തെ ജയിലിലേയ്ക്ക് അയച്ചാൽ മരണം വരെ സംഭവിക്കാം.അതു കൊണ്ട് അദ്ദേഹത്തെ ജയിലിലടയ്ക്കരുതെന്നും അജിത് കുമാർ വാദിച്ചു.
ഇതോടെ രണ്ട് മണിക്കൂറോളം നീണ്ട വാദത്തിന് ശേഷം, മൂന്ന് മാസത്തേയ്ക്ക് എല്ലാ ശനിയാഴ്ചയും രാവിലെ 10നും ഉച്ചയ്ക്ക് ഒന്നിനുമിടയ്ക്ക് അന്വേഷണ ഉദ്യോഗസ്ഥന് മുൻപിൽ ഹാജരാകണം. 25000 രൂപ ജാമ്യതുകയും നൽകണം, എന്നീ വ്യവസ്ഥകളിൽ ജാമ്യം അനുവദിക്കുകയായിരുന്നു.