ശബരിമലയിലെ ബാരിക്കേഡുകൾ പോലീസ് ഭാഗികമായി നീക്കി
സ്വന്തം ലേഖകൻ
ശബരിമല: സന്നിധാനത്ത് വാവരുനടയ്ക്ക് സമീപമുള്ള ബാരിക്കേഡുകൾ ഹൈക്കോടതി നിർദേശത്തെ തുടർന്ന് പൊലീസ് ഭാഗികമായി നീക്കി. വാവരുനടയിലും വടക്കേനടയിലും ഓരോ ബാരിക്കേഡുകൾ വീതമാണ് മാറ്റിയത്. നടതുറന്ന ശേഷം രാവിലെ പതിനൊന്ന് മണി വരെ വടക്കേ നടയിൽ തിരുമുറ്റത്ത് തീർഥാടകർക്ക് വിശ്രമിക്കാവുന്ന തരത്തിലാണ് പുതിയ സംവിധാനമെന്ന് ഐ.ജി ദിനേന്ദ്ര കശ്യപ് പറഞ്ഞു. അതേസമയം, വെള്ളിയാഴ്ച വൈകിട്ട് 6 വരെയുള്ള പൊലീസിൻറെ കണക്കനുസരിച്ച് 67,044 പേർ ദർശനത്തിനായി മലകയറി. മണ്ഡലകാലം തുടങ്ങിയ ശേഷം ഇത്രയും തിരക്ക് അനുഭവപ്പെട്ടത് ഇന്നലെയാണ്.
ദർശനത്തിനായി സോപാനത്തിൽ എത്താൻ എപ്പോഴും മേൽപ്പാലത്തിൽ തിങ്ങിനിറഞ്ഞ് അയ്യപ്പന്മാർ ഉണ്ടായിരുന്നു. മരക്കൂട്ടത്ത് നിയന്ത്രിച്ചാണ് അയ്യപ്പന്മാരെ സന്നിധാനത്തേക്ക് കടത്തിവിട്ടത്. ഹർത്താലായിരുന്നിട്ടും നിലംതൊടാൻ സമയമില്ലാത്ത ഓട്ടത്തിലായിരുന്നു പമ്പയിലും നിലയ്ക്കലും കെഎസ്ആർടിസി ബസുകൾ.
വൈകിട്ട് 6 വരെയുള്ള കണക്കനുസരിച്ചു പമ്പ നിലയ്ക്കൽ റൂട്ടിൽ കെഎസ്ആർടിസി 803 ട്രിപ്പ് ഓടിച്ചു.140 ബസുകളാണ് ചെയിൻ സർവീസിന് ഉണ്ടായിരുന്നത്. ബസ് ത്രിവേണിയിൽ എത്തിയാൽ അപ്പോൾ തന്നെ അയ്യപ്പന്മാർ ഇടിച്ചു കയറും. അപ്പോൾ തന്നെ വിട്ടുപോകുമായിരുന്നു. നിലയ്ക്കലും ഇതേ സ്ഥിതിയായിരുന്നു. ജീവനക്കാർക്ക് ഭക്ഷണത്തിനുള്ള സമയംപോലും കിട്ടിയില്ല. കെഎസ്ആർടിസി പമ്പ ഡിപ്പോയിൽ നിന്ന് 191 ദീർഘദൂര സർവീസുകൾ നടത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group