നിയന്ത്രണം വിട്ട കെ.എസ്.ആര്‍.ടി.സി ബസ് വൈദ്യുതി പോസ്റ്റും സ്വകാര്യവ്യക്തിയുടെ മതിലും തകര്‍ത്തു; തകർത്തത് ആഴ്ചകള്‍ക്ക് മുൻപ് പാലുകാച്ച്‌ ചടങ്ങ് നടന്ന വീടിൻ്റെ മതിൽ; മൂന്നുലക്ഷം രൂപയുടെ നാശനഷ്ടം

Spread the love

സ്വന്തം ലേഖിക

ബാലരാമപുരം: കെ.എസ്.ആര്‍.ടി.സി ബസ് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റും സ്വകാര്യവ്യക്തിയുടെ മതിലും തകര്‍ത്തു.

ബാലരാമപുരത്തിന് അടുത്തുള്ള പാപ്പനംകോട് ഡിപ്പോയിലെ കെ.എസ്.ആര്‍.ടി.സി ബസാണ് അപകടത്തില്‍പ്പെട്ടത്.
കഴിഞ്ഞ ദിവസം വൈകിട്ട് ആറരയോടെ ഭഗവതിനട മേജര്‍ ശ്രീഭഗവതിക്ഷേത്ര റോഡിലെ വളവിന് സമീപമാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ പോസ്റ്റ് ഒടിഞ്ഞ് ബസിന്‍റെ കുറുകേ പതിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭാഗ്യവശാല്‍ വലിയ അപകടമാണ് ഒഴിവായത്. ആഴ്ചകള്‍ക്ക് മുൻപ് പാലുകാച്ച്‌ ചടങ്ങ് നടന്ന ഭഗവതിനട മേലതില്‍ വീട്ടില്‍ ശ്രീധറിന്റെ മതിലാണ് ബസിടിച്ച്‌ തകര്‍ന്നത്. മൂന്നുലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായി ഇദ്ദേഹം നരുവാമൂട് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

ഡ്രൈവറുടെ അശ്രദ്ധയാണ് അപകടകാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു. വൈദ്യുതി പോസ്റ്റ് തകര്‍ന്നതോടെ പ്രദേശത്ത് മണിക്കൂറോളം വൈദ്യുതി തടസമുണ്ടായി. കെ.എസ്.ആര്‍.ടി.സി അധികൃതര്‍ക്ക് പരാതി നല്‍കുമെന്ന് കെ.എസ്.ഇ.ബി അധികൃതര്‍ വ്യക്തമാക്കി.

ബസ് പിന്നിലോട്ട് എടുക്കുന്നതിനിടെ നിയന്ത്രണംവിട്ട് പോസ്റ്റും മതിലും തകര്‍ക്കുകയായിരുന്നു. കെ.എസ്.ഇ.ബി കല്ലിയൂര്‍ സെക്ഷനിലെ ജീവനക്കാര്‍ സമയബന്ധിതമായി സ്ഥലത്തെത്തിയതിനാലാണ് വന്‍ദുരന്തം ഒഴിവായത്. കെ.എസ്.ഇ.ബിക്ക് 25,000 രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ട്.