
സ്വന്തം ലേഖിക
പാലക്കാട്: അട്ടപ്പാടിയില്‍ കൊല്ലപ്പെട്ട നന്ദകിഷോറിൻ്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു വന്നു.
നന്ദകിഷോറിൻ്റെ മരണം തലയ്ക്ക് ഏറ്റ അടി മൂലമാണെന്നാണ് പോസ്റ്റ്മോര്ട്ടത്തിലെ നിഗമനം. നന്ദകിഷോറിൻ്റെ ശരീരമാകെ മര്‍ദ്ദനമേറ്റ മുറിപ്പാടുകളുണ്ടെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് കൊടുങ്ങല്ലൂര്‍ സ്വദേശി നന്ദകിഷോര്‍ (22) അട്ടപ്പാടിയില്‍ മര്‍ദ്ദനമേറ്റ് മരിച്ചത്. കേസില്‍ രണ്ടുപേരെ കൂടി ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. അഷറഫ്, സുനില്‍ എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ആറായി.
നന്ദകിഷോറിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് വിനായകന് ഗുരുതര പരുക്കുകളോടെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
സംഭവത്തില്‍ വിപിന്‍ പ്രസാദ് (സുരേഷ് ബാബു), ചെര്‍പ്പുളശ്ശേരി സ്വദേശി നാഫി (24) എന്ന ഹസ്സന്, മാരി (23) എന്ന കാളി മുത്തു, രാജീവ് ഭൂതിവഴി (22) എന്ന രംഗനാഥന് എന്നിവരെ നേരത്തെ അഗളി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇന്നലെ പുലര്‍ച്ചെയാണ് സംഭവം ഉണ്ടായത്. തോക്ക് കച്ചവടവുമായി ബന്ധപ്പെട്ട ഇടപാടുകളെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. കണ്ണൂരില്‍ നിന്ന് കിളികളെ കൊല്ലുന്ന തോക്ക് എത്തിച്ചു നല്‍കാമെന്ന് പറഞ്ഞ് നന്ദകിഷോറും കൂട്ടുകാരന് വിനായകനും പ്രതികളില്‍ നിന്ന് ഒരു ലക്ഷം രൂപ വാങ്ങിയിരുന്നു.
എന്നാല്‍ നിശ്ചിത സമയം കഴിഞ്ഞും തോക്ക് എത്തിച്ച് കൊടുത്തില്ല. പണം തിരികെ ചോദിച്ചപ്പോള്‍ അതും നല്‍കിയില്ല. ഇതാണ് തര്‍ക്കത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. മര്‍ദനമേറ്റ വിനായകന് കണ്ണൂര്‍ സ്വദേശിയാണ്. ഇയാളുടെ ശരീരം മുഴുവന്‍ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.