
സ്വന്തം ലേഖിക
ഡെര്‍ബി: ഇംഗ്ലണ്ടിനെതിരായ ട്വന്റി-20 പരമ്പരയ്ക്ക് മുന്നോടിയായുള്ള ആദ്യ പരിശീലന മത്സരത്തില്‍ ഡെര്‍ബിഷെയറിനെ ഏഴു വിക്കറ്റുകള്‍ക്ക് തകര്‍ത്ത് ഇന്ത്യ.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഡെര്‍ബി നിശ്ചിത 20 ഓവറുകളില്‍ എട്ടു വിക്കറ്റിന് 150 റണ്‍സെടുത്തു. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 16.5 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മലയാളി താരം സഞ്ജു സാംസണ്, ദീപക് ഹൂഡ, സൂര്യകുമാര്‍ യാദവ് എന്നിവരുടെ മികച്ച ബാറ്റിംഗാണ് മത്സരം ഇന്ത്യക്ക് അനായാസമാക്കിയത്. 37 പന്തില്‍ 5 ബൗണ്ടറികളുടേയും രണ്ട് സിക്സറുകളുടേയും സഹായത്തോടെ 59 റണ്‍സ് നേടിയ ഹൂഡയാണ് ടോപ് സ്കോറര്‍. 30 പന്തില്‍ 38 റണ്‍സെടുത്ത് സഞ്ജു പുറത്തായി. സൂര്യകുമാര്‍ യാദവ് 22 പന്തില്‍ 35 റണ്‍സുമായും ദിനേഷ് കാര്‍ത്തിക്ക് ഏഴു റണ്‍സുമായും പുറത്താകാതെ നിന്നു.
നേരത്തെ, ആദ്യം ബാറ്റ് ചെയ്ത ഡെര്‍ബിയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. 43 റണ്‍സെടുക്കുന്നതിനിടെ മൂന്നു പേര് പുറത്ത്. എന്നാല്‍ മാഡ്സന്‍ (28 റണ്‍സ്), കാര്‍ട് റൈറ്റ് (27 റണ്‍സ്), അലക്സ് ഹ്യൂസ് (24 റണ്‍സ്) എന്നിവരുടെ മികവില്‍ നിശ്ചിത 20 ഓവറുകളില്‍ 150/8 എന്ന പൊരുതാവുന്ന സ്കോറിലേക്ക് ഡെര്ബിഷെയറെത്തി. ഇന്ത്യക്കായി അര്‍ഷ്ദീപ് സിംഗും, ഉമ്രാന് മാലിക്കും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി തിളങ്ങി.