
സ്വന്തം ലേഖിക
തിരുവനന്തപുരം: കൃത്യമായി പണിയെടുക്കാത്ത ഡോക്ടർമാർക്കും നഴ്സുമാർക്കും ഇനി പിടിവീഴും.
ഡോക്ടര്‍മാരും നഴ്സുമാരും സര്‍ക്കാര്‍ ഉത്തരവ് പ്രകാരമുള്ള ഡ്യൂട്ടി കൃത്യമായി ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും അല്ലാത്തവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും സര്‍ക്കാറിന് ലോകായുക്ത നിര്‍ദേശം. ഇതിന് സമഗ്ര ഉത്തരവ് ഇറക്കാനും ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഡോക്ടര്‍മാരും നഴ്സുമാരും ഡ്യൂട്ടി കൃത്യമായി ചെയ്യുന്നില്ലെന്നാരോപിച്ച് കോഴിക്കോട് സ്വദേശി രവി ഉള്ളിയേരി നല്‍കിയ പരാതിയിലാണ് ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ഉപലോകായുക്ത ജസ്റ്റിസ് ഹാറൂന്‍ അല്‍ റഷീദ് എന്നിവരടങ്ങിയ ബെഞ്ചിന്‍റെ നിര്‍ദേശം. പരാതി അന്വേഷിക്കാന്‍ ഐ.പി.എസ് ഉദ്യോഗസ്ഥനായ ദീനേന്ദ്ര കശ്യപിനെ ലോകായുക്ത നിയോഗിച്ചിരുന്നു.
ഡോക്ടര്‍മാര്‍ രാവിലെ എട്ടുമുതല്‍ ഒന്നുവരെയും എട്ട് മുതല്‍ രണ്ട് വരെയും ഒൻപത് മുതല്‍ രണ്ട് വരെയും എന്ന രീതിയില്‍ വിവിധ സമയക്രമത്തിലാണ് വിവിധ ആശുപത്രികളില്‍ ഡ്യൂട്ടി ചെയ്യുന്നതെന്നും ഡ്യൂട്ടി സമയം തീരുന്നതിന് മുൻപ് ആശുപത്രിയില്‍ നിന്ന് പോകുന്നുണ്ടെന്നും നൈറ്റ് ഡ്യൂട്ടിക്ക് മുൻപും അടുത്ത ദിവസവും ഡ്യൂട്ടി ചെയ്യാറില്ലെന്നും ദീനേന്ദ്ര കശ്യപ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
2015 ലെ ഉത്തരവില്‍ പ്രീ നൈറ്റ് ഡ്യൂട്ടി ഓഫ് അനുവദനീയം അല്ല എന്ന് വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്. 2017 ല്‍ ഇറക്കിയ ഉത്തരവില്‍ ഡ്യൂട്ടി സമയം ഒൻപത് മുതല്‍ രണ്ട് വരെയാണെന്നും പ്രതിപാദിച്ചിട്ടുണ്ട്. ഈ ഉത്തരവിലും പ്രീ നൈറ്റ് ഡ്യൂട്ടി ഓഫ് പരാമര്‍ശിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
ഡ്യൂട്ടിയില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ നടപടിക്ക് സര്‍ക്കാറിന് നിര്‍ദേശം നല്‍കണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിരുന്നു. റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിച്ചതായി സ്പെഷല്‍ ഗവ. പ്ലീഡര്‍ ലോകായുക്തയെ അറിയിച്ചു. നിര്‍ദേശങ്ങള്‍ നടപ്പാക്കി ഒക്ടോബര്‍ 20ന് മുൻപ് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ലോകായുക്ത ഉത്തരവിട്ടു.