കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പൂപ്പല്‍ബാധ; വൃക്ക മാറ്റിവച്ച രണ്ട് രോഗികളിൽ അണുബാധ കണ്ടെത്തി; യൂറോളജി തിയേറ്ററും ഐസിയുവും അടച്ചു

Spread the love

സ്വന്തം ലേഖിക

കോഴിക്കോട്: പൂപ്പല്‍ബാധയെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ രണ്ട് രോഗികള്‍ക്ക് അണുബാധ.

വൃക്ക മാറ്റിവെച്ച രണ്ടുപേരിലാണ് അണുബാധയുണ്ടായത്. തുടർന്ന് യൂറോളജി വിഭാഗം തിയറ്ററും ഐസിയുവും അടച്ചു.
വൃക്ക മാറ്റിവച്ച ഒരാളുടെ മൂത്രത്തിനു നിറവ്യത്യാസം കണ്ടതിനെ തുടര്‍ന്നു നടത്തിയ പരിശോധനയിലാണു പൂപ്പല്‍ബാധ വ്യക്തമായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടര്‍ന്ന് രണ്ടാമത്തെ ആളെയും പരിശോധനയ്ക്കു വിധേയമാക്കുകയായിരുന്നു. പരിശോധനയ്‌ക്ക് ശേഷം വിദഗ്ധ ചികിത്സയ്‌ക്കായി രോഗികളെ മാറ്റിയതായി ഡോക്ടര്‍മാര്‍ പറയുന്നു.

രണ്ടു പേര്‍ക്കും യഥാസമയം വിദഗ്ധ ചികിത്സ നല്‍കിയതിനാല്‍ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായില്ലെന്നു ഡോക്ടര്‍മാര്‍ പറയുന്നു. ഒരാളെ തീവ്രപരിചരണ വിഭാഗത്തിലും മറ്റൊരാളെ പേ വാര്‍ഡിലുമാണു പ്രവേശിപ്പിച്ചത്. പ്ലാസ്റ്റിക് സര്‍ജറി, കാര്‍ഡിയോ തൊറാസിക് സര്‍ജറി, ഉദരരോഗ ശസ്ത്രക്രിയ എന്നീ വിഭാഗങ്ങള്‍ ഉപയോഗിക്കുന്ന തിയറ്റര്‍ താല്‍ക്കാലികമായി യൂറോളജി വിഭാഗത്തിനു കൂടി നല്‍കി.

എയര്‍കണ്ടീഷനറില്‍ നിന്നും വെള്ളം തിയറ്ററിലേക്ക് എത്തിയതാണ് അണുബാധയ്ക്കു കാരണമായി പറയുന്നത്. മരാമത്ത് വിഭാഗം ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി പ്രശ്നം പരിഹരിച്ചു. ഇവിടെ നിന്നും സ്വാബ് എടുത്ത് മൈക്രോബയോളജി ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. അടുത്ത ദിവസം ഫലം ലഭിച്ച ശേഷമേ തിയറ്റര്‍ തുറക്കൂ.

അതേസമയം മെഡിക്കല്‍ കോളജില്‍ മൈക്രോ ബയോളജി വിഭാഗത്തില്‍ പൂപ്പല്‍ പരിശോധനാ വിദഗ്ധനില്ല. പൂപ്പല്‍ പരിശോധന നടത്തുന്ന സീനിയര്‍ സയന്റിഫിക് അസിസ്റ്റന്റ് മേയ് 31ന് വിരമിച്ചതാണ്. പകരം ആളെ നിയമിച്ചിട്ടില്ല. താല്‍ക്കാലികമായി ആളെ വയ്ക്കാന്‍ അനുമതിക്കായി മെഡിക്കല്‍ കോളജില്‍ നിന്ന് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്കു കത്തയച്ചെങ്കിലും തുടര്‍ നടപടിയായിട്ടില്ല.

കോവിഡിനെ തുടര്‍ന്ന് ബ്ലാക്ക് ഫംഗസ് ഉള്‍പ്പെടെ ഉണ്ടായപ്പോള്‍ മൈക്കോളജിസ്റ്റിന്റെ സഹായത്തോടെ യഥാസമയം പരിശോധന നടത്തി വിദഗ്ധ ചികിത്സ ലഭ്യമാക്കിയതിനാലാണു പലരെയും രക്ഷപ്പെടുത്താനായത്.