
ഓപ്പറേഷൻ റേസ് ; തലസ്ഥാനത്ത് 12 ബൈക്ക് റേസർമാരുടെ ലൈസൻസ് റദ്ദാക്കി
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ബൈക്ക് റേസർമാരെ പിടികൂടാൻ മോട്ടോർ വാഹന വകുപ്പ് പ്രഖ്യാപിച്ച ഓപ്പറേഷൻ റേസിന്റെ ഭാഗമായി തലസ്ഥാനത്ത് 12 പേരുടെ ലൈസൻസ് താത്കാലികമായി റദ്ദാക്കി. 35,000 രൂപ പിഴയും ചുമത്തി.
ജൂൺ 21ന് തുടങ്ങിയ പരിശോധന ഈ മാസം 5 വരെ തുടരും.അമിതവേഗത, അലക്ഷ്യവും അപകടകരവുമായ ഡ്രൈവിംഗ് എന്നിവയാണ് പ്രധാനമായും പരിശോധിച്ചത്. ബൈക്കുകളുടെ അനധികൃതമായ രൂപമാറ്റം, ഉച്ചത്തിൽ ശബ്ദമുള്ള സൈലൻസറുകൾ ഘടിപ്പിക്കൽ എന്നിവയും പരിശോധിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോവളം -മുക്കോല ബൈപ്പാസിൽ അടുത്തിടെ റേസിംഗ് ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ടു യുവാക്കൾ മരിക്കാനിടയായതിനെ തുടർന്നായിരുന്നു ഓപ്പറേഷൻ റേസ് പ്രഖ്യാപിച്ചത്.
25 വാഹനങ്ങൾ പിടിച്ചെടുത്ത് അതത് പൊലീസ് സ്റ്റേഷനുകൾക്ക് കൈമാറിയിട്ടുണ്ട്. മൂന്ന് മാസത്തേക്കാണ് ലൈസൻസ് റദ്ദാക്കിയത്. നിശ്ചിത കാലയളവിന് ശേഷം ലൈസൻസ് പുനഃസ്ഥാപിക്കും. കുറ്റം ആവർത്തിച്ചാൽ ആറുമാസത്തേക്ക് ലൈസൻസ് റദ്ദാക്കും. പിന്നീടും ആവർത്തിച്ചാൽ സ്ഥിരമായി ലൈസൻസ് റദ്ദാക്കും.