“തലച്ചോറിന് കാര്യമായ തകരാര്‍; സോഡിയം നില താഴ്ന്നതോടെ അപസ്മാരമുണ്ടായത് സാഹചര്യം ഗുരുതരമാക്കി”; ലോഡ്ജില്‍ അവശനിലയില്‍ കണ്ടെത്തിയ കോഴിക്കോട് സ്വദേശിനികളായ പെണ്‍കുട്ടികളില്‍ ഒരാളുടെ നില അതീവ ഗുരുതരം

Spread the love

സ്വന്തം ലേഖിക

കൊച്ചി: ലോഡ്ജ് മുറിയില്‍ അവശനിലയില്‍ കണ്ടെത്തിയ പെൺകുട്ടികളിൽ ഒരാളുടെ നില അതീവ ഗുരുതരം.

വെന്റിലേറ്ററില്‍ കഴിയുന്ന ഇവരുടെ തലച്ചോറിന് കാര്യമായ തകരാര്‍ സംഭവിച്ചിട്ടുണ്ട്. സോഡിയം നില താഴ്ന്നതോടെ അപസ്മാരമുണ്ടായതാണ് സാഹചര്യം ഗുരുതരമാക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തലച്ചോറിലേയ്ക്കുള്ള ഓക്‌സിജന്‍ പ്രവാഹം നിലച്ചതോടെ കോമയിലേയ്ക്കു പോകുന്ന സാഹചര്യമുണ്ടായെങ്കിലും നിലയില്‍ നേരിയ പുരോഗതിയുണ്ടായിട്ടുണ്ട്. വെന്റിലേറ്ററില്‍ അബോധാവസ്ഥയിലിരിക്കെ നേരിയ പ്രതികരണമുണ്ടായത് തിരിച്ചു വരവിന്റെ ലക്ഷണമായാണ് ഡോക്ടര്‍മാര്‍ കാണുന്നത്. വെന്റിലേറ്ററില്‍ 48 മണിക്കൂര്‍ കഴിയുന്നതോടെ പെണ്‍കുട്ടി ബോധാവസ്ഥയിലേയ്ക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

തലച്ചോറിനെ എത്രത്തോളം ബാധിച്ചിട്ടുണ്ട് എന്നത് അറിയാന്‍ വെന്റിലേറ്റര്‍ മാറ്റേണ്ടി വരുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇവര്‍ക്ക് സംഭവിച്ചത് എന്താണ് എന്ന കാര്യത്തില്‍ ഇപ്പോഴും പൊലീസിനും കാര്യമായ വ്യക്തതയില്ല.

ആരോഗ്യ നിലയില്‍ കുഴപ്പമില്ലാത്ത പെണ്‍കുട്ടിയെ ബന്ധുക്കളെ വിളിച്ചു വരുത്തി തിരിച്ചയച്ചിട്ടുണ്ട്. 27-ാം തിയതിയാണ് കോഴിക്കോട് സ്വദേശിനികളായ പെണ്‍കുട്ടികള്‍ ഇടപ്പള്ളിയില്‍ വിദേശ ജോലിയ്ക്കുള്ള വിസ കേന്ദ്രത്തില്‍ പോകുന്നതിനായി എത്തിയത്.

പാലാരിവട്ടത്തെ ലോഡ്ജില്‍ മുറിയെടുത്ത ശേഷം ഇവരുടെ പക്കലുണ്ടായിരുന്ന വെളുത്ത പൊടി ശ്വസിച്ചെന്നാണു പൊലീസിനോടു പറഞ്ഞിരിക്കുന്നത്. ഏതെങ്കിലും ലഹരി പദാര്‍ഥം അളവില്‍ കൂടുതലായി ഉപയോഗിച്ചതാകാം ഇവരെ അവശ നിലയിലാക്കിയത് 1 എന്നാണ് വിലയിരുത്തല്‍.

ഇവിടെ നിന്നു വീട്ടിലേയ്ക്കു മടങ്ങാനായി എറണാകുളം നോര്‍ത്ത്, സെന്‍ട്രല്‍ സ്റ്റേഷന്‍ പരിധികളിലെ ലോഡ്ജുകളില്‍ മുറിയെടുക്കുകയും ചെയ്തു. ഒരു പെണ്‍കുട്ടിയുടെ നില ഗുരുതരമായതോടെയാണ് ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടി ഇവരെ എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചതും പൊലീസില്‍ അറിയിക്കുന്നതും. ഇവരുടെ ബന്ധുക്കളെ വിവരം അറിയിച്ച്‌ വിളിച്ചു വരുത്തി ആരോഗ്യ നിലയില്‍ കുഴപ്പമില്ലാത്ത പെണ്‍കുട്ടിയെ തിരിച്ചയച്ചിട്ടുണ്ട്.

ഗുരുതരാവസ്ഥയിലുള്ള പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ വിദേശത്താണുള്ളത്. ഇവരുടെ ബന്ധുക്കള്‍ ഇപ്പോള്‍ ആശുപത്രിയിലുണ്ട്.
സംഭവത്തില്‍ ആരും പരാതി നല്‍കിയിട്ടില്ലാത്തതിനാല്‍ കേസെടുത്തിട്ടില്ലെന്നു പൊലീസ് പറയുന്നു.