‘വേണ്ട സാറെ ഞാന്‍ സ്റ്റാര്‍ട്ട് ചെയ്തോളാം…. ‘സാറന്മാര്‍ പൊയ്ക്കൊള്ളൂ. സാരമില്ല”; സഹായിക്കാന്‍ പോയി അതേ യുവാവിനെ അറസ്റ്റ് ചെയ്ത കഥ വിവരിച്ച് കേരള പൊലീസ്
സ്വന്തം ലേഖിക
തിരുവനന്തപുരം: തൃശ്ശൂരില്‍ ബൈക്ക് മോഷ്ടാവിനെ യാദൃശ്ചികമായി പിടികൂടിയ സംഭവത്തെ കുറിച്ചുള്ള കേരള പൊലീസിൻ്റെ കുറിപ്പാണ് ഇപ്പോൾ വൈലാകുന്നത്.
ബൈക്ക് സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിക്കുന്ന യുവാവിനെ സഹായിക്കാന്‍ പോയി അതേ യുവാവിനെ അറസ്റ്റ് ചെയ്ത സംഭവമാണ് പൊലീസ് പങ്കുവെക്കുന്നത്. തൃശൂര്‍ ഈസ്റ്റ് പൊലീസ് പട്രോളിങ്ങിനിടെയാണ് ഏറെ രസകരമായ സംഭവം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പൊലീസ് പേജില്‍ പങ്കുവച്ച കുറിപ്പ്
” സമയം പുലര്‍ച്ചെ ഒരു മണി. നഗരത്തിലെ ഇടവഴികളിലൂടെ നൈറ്റ് പട്രോളിംഗ് നടത്തുകയായിരുന്നു തൃശൂര്‍ ഈസ്റ്റ് പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ സുനില്‍കുമാറും സിവില്‍ പോലീസ് ഓഫീസര്‍മാരായ ബിനുവും മുഹമ്മദ് റാഫിയും വെളിയനൂര്‍ ഭാഗത്ത് എത്തിയപ്പോള്‍ ഒരു യുവാവ് ബൈക്കുമായി റോഡരികില്‍ നില്‍ക്കുന്നത് പെട്രോളിംഗ് ടീമിന്റെ ശ്രദ്ധയില്‍പ്പെട്ടു. അയാള്‍ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിക്കുന്നുണ്ട്.
സ്റ്റാര്‍ട്ടിംഗ് ട്രബിള്‍ ആയിരിക്കും. അസമയം, വര്‍ക്ക് ഷോപ്പുകളും ഇല്ല. എങ്ങനെയെങ്കിലും അതൊന്ന് ശരിയാക്കിക്കൊടുത്ത് യുവാവിനെ സഹായിക്കാന്‍ തീരുമാനിച്ചു, പട്രോളിംഗ് സംഘം. ‘എന്താ പ്രശ്നം ?’ – അടുത്തെത്തി അയാളോട് ചോദിച്ചു. ‘ബൈക്ക് സ്റ്റാര്‍ട്ടാകുന്നില്ല സര്‍.’ – ചെറുപ്പക്കാരന്റെ മറുപടി.
‘നോക്കട്ടെ’ – പോലീസുദ്യോഗസ്ഥര്‍ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്യാന്‍ തയ്യാറെടുത്തു. ‘വേണ്ട സര്‍, ഞാന്‍ ശരിയാക്കിക്കൊള്ളാം. സാറന്മാര്‍ പൊയ്ക്കൊള്ളൂ.സാരമില്ല.’ – അയാള്‍ സവിനയം പറഞ്ഞു. ബൈക്കില്‍ താക്കോല്‍ ഇല്ലാത്ത വിവരം അപ്പോഴാണ് പോലീസുദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടത്.
‘താക്കോല്‍ കാണുന്നില്ലല്ലോ. താക്കോലെവിടെ ?’ – ചോദ്യത്തിന് മുന്നില്‍ അയാള്‍ പരിഭ്രമിച്ചു. ‘അത്.അത്. കളഞ്ഞു പോയി സര്‍.’ ബൈക്കിന്റെ ഇലക്ടിക്കല്‍ വയറുകള്‍ വിഛേദിച്ചിരിക്കുന്നതായും പോലീസുദ്യോഗസ്ഥര്‍ മനസ്സിലാക്കി. സംശയം തോന്നിയതിനാല്‍ അയാളോട് പേരും, വിലാസവും മറ്റു വിശദാംശങ്ങളും ചോദിച്ചറിഞ്ഞു.
കൈവശമുണ്ടായിരുന്ന രേഖകളും പരിശോധിച്ചു. ഒപ്പം യുവാവിന്റെ പരിഭ്രമവും വര്‍ദ്ധിച്ചു ഇതിനിടയില്‍ പോലീസുദ്യോഗസ്ഥര്‍ ഫോണ്‍ വഴി ബൈക്ക് ഉടമസ്ഥന്റെ പേരും വിലാസവും ശേഖരിച്ചു. വിശദമായ ചോദ്യം ചെയ്യലില്‍ അയാള്‍ സ്റ്റാര്‍ട്ടാക്കാന്‍ ശ്രമിച്ചത് മോഷ്ടിച്ചു കടത്താന്‍ ശ്രമിച്ച ബൈക്ക് ആണെന്ന് തെളിഞ്ഞു.
കൊക്കാലെയിലുള്ള സ്ഥാപനത്തിന്റെ മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക് മോഷണം നടത്തി കൊണ്ടു പോകുന്നതിനിടെ കൊടുങ്ങല്ലൂര്‍ എസ്.എന്‍. പുരം കോതപറമ്പ് കോലാട്ട് അമല്‍രാജ് (27) ആണ് പിടിയിലായത്. പാണഞ്ചേരി സ്വദേശിയുടേതാണ് ബൈക്ക്. ഇയാള്‍ക്കെതിരെ തൃശൂര്‍ ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു.
നൈറ്റ് പട്രോളിങ്ങിനിടെ പോലീസുദ്യോഗസ്ഥരുടെ ജാഗ്രതയാണ് മോഷ്ടാവിനെ കുടുക്കിയത്. ഈസ്റ്റ് പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ സുനില്‍കുമാര്‍ എന്‍.ബി, സിവില്‍ പോലീസ് ഓഫീസര്‍മാരായ ബിനു കെ.വി, മുഹമ്മദ് റാഫി.എച്ച് – അഭിനന്ദനങ്ങള്‍.